കൊല്ലപ്പെട്ട അക്ഷയ് ഗുപ്ത
അമേരിക്കയിലെ ടെക്സസില്‍ ഓടുന്ന ബസില്‍ ഇന്ത്യൻ വംശജനായ സംരംഭകനെ മറ്റൊരു ഇന്ത്യക്കാരൻ കുത്തിക്കൊലപ്പെടുത്തി. ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം 30 വയസ്സുള്ള അക്ഷയ് ഗുപ്തയെ 31 കാരനായ ദീപക് കണ്ടേൽ എന്ന യുവാവാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... മെയ് 14 ന് വൈകുന്നേരമാണ് സംഭവം നടക്കുന്നത്. ബസിൽ ഒരാൾക്ക് കുത്തേറ്റതായി അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവ സ്ഥലത്തെത്തുന്നത്. ബസിന്റെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന അക്ഷയ് ഗുപ്തയെ ദീപക് കണ്ടേൽ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അടിയന്തര ജീവൻ രക്ഷാ നടപടികള്‍ കൈക്കൊണ്ടെങ്കിലും രാത്രി 7:30 ഓടെ അക്ഷയ് മരിച്ചതായി സ്ഥിരീകരിച്ചു.
ബസ് നിർത്തിയ ഉടൻ തന്നെ പ്രതിയായ ദീപക് കണ്ടേൽ മറ്റ് യാത്രക്കാര്‍ക്കൊപ്പം ബസില്‍ നിന്ന് ഇറങ്ങി കടന്നു കളഞ്ഞിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പൊലീസ് ഇയാളെ തിരിച്ചറിഞ്ഞത്. എപിഡി പട്രോളിംഗ് ഉദ്യോഗസ്ഥർക്ക് അൽപ്പസമയത്തിനകം ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അക്ഷയ് ഗുപ്തയെ തന്റെ അമ്മാവനെപ്പോലെ തോന്നിയതിനാലാണ് കുത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. യുവാവിനെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.
ആരോഗ്യ-സാങ്കേതിക സ്റ്റാർട്ടപ്പ് മേഖലയിലെ വളർന്നുവരുന്ന പ്രതിഭയായിരുന്നു അക്ഷയ് ഗുപ്തയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അക്ഷയ് ഗുപ്ത ഓസ്റ്റിനിലെ ഫുട്ബിറ്റ് എന്ന കമ്പനിയുടെ സഹസ്ഥാപകനായിരുന്നു. ഗുപ്തയുടെ നൂതന ആശയങ്ങളില്‍ ആകൃഷ്ടനായ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല അദ്ദേഹത്തെ നേരിട്ട് ക്ഷണിക്കുകയും ചെയ്തിരുന്നു. ആമസോണിൽ നിന്നുള്ള 300,000 ഡോളറിന്റെ ജോലി ഓഫർ നിരസിച്ചിട്ടാണ് അക്ഷയ് ഗുപത സ്വന്തം സ്റ്റാര്‍ട്ട്പ്പില്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. ശാസ്ത്രത്തില്‍ പ്രതിഭ തെളിയിക്കുന്നവര്‍ക്ക് നല്‍കുന്ന O-1A വീസയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അതേസമയം, KXAN റിപ്പോർട്ട് അനുസരിച്ച് പ്രതിയായ ദീപക് കണ്ടേലിനെ പലതവണ കുറ്റകൃത്യങ്ങൾ ആരോപിച്ച് അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.