A.I generated representative image.
ഫ്രാന്‍സില്‍ അയല്‍വാസിയെ കൊന്ന് ശരീരം വെട്ടിമുറിച്ച് പച്ചക്കറികള്‍ ഉപയോഗിച്ച് പാചകം ചെയ്ത് 69 കാരനായ ഫ്രഞ്ച് റസ്റ്ററന്‍റ് ഉടമ. 2023 ൽ 60 വയസ്സുള്ള ജോർജ്ജ് മെയ്‌ക്ലറെ കൊലപ്പെടുത്തിയ കേസിലാണ് 69 കാരനായ ഫിലിപ്പ് ഷ്‌നൈഡറും ഭാര്യ നതാലി കാബൂബാസിയും (45) വിചാരണ നേരിടുന്നത്. കൊല്ലപ്പെട്ട ജോര്‍ജ് മെയ്‌ക്ലറെ കാണാനില്ലെന്ന മകളുടെ പരാതി അന്വേഷിച്ച പൊലീസ് സംഘമാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. ജോര്‍ജ് മെയ്‌ക്ലറുടെ വീട്ടില്‍ മോഷണ ശ്രമത്തിനിടെയാണ് ഫിലിപ്പും ഭാര്യയും ചേര്‍ന്ന് അദ്ദേഹത്തെ കൊലപ്പെടുത്തുന്നത്. എന്നാല്‍ കൊലപാതകത്തിൽ പങ്കില്ലെന്നാണ് റസ്റ്ററന്‍റ് ഉടമയുടെ ഭാര്യ നതാലി ആവര്‍ത്തിച്ചുപറയുന്നത്.
വൈദ്യുതി പോലും ഇല്ലാത്ത ഒരു കാട്ടിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു ജോര്‍ജ് മെയ്ക്ലര്‍ താമസിച്ചിരുന്നത്. 2023 ഫെബ്രുവരിയില്‍ അദ്ദേഹത്തിന്‍റെ മകള്‍ക്ക് വിചിത്രമായ ചില സന്ദേശങ്ങൾ ലഭിച്ചതോടെയാണ് മകള്‍ പൊലീസുമായി ബന്ധപ്പെടുന്നത്. കാരണം ജോര്‍ജ് ക്ലെയ്മര്‍ അപൂര്‍വായി മാത്രമേ സന്ദേശങ്ങള്‍ അയക്കാറുള്ളൂ. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഫിലിപ്പും ഭാര്യയും ജോര്‍ജിന്‍റെ ട്രക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തി. എന്നാല്‍ ട്രക്ക് ജോര്‍ജ് തങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കിയതായിരുന്നു എന്നായിരുന്നു ഇവരുടെ വാദം. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് ഫിലിപ്പ് കുറ്റം സമ്മതിച്ചത്.
ജോർജ്ജ് മെയ്‌ക്ലറുടെ വീട്ടില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഫിലിപ്പ് ജോര്‍ജിനെ കൊലപ്പെടുത്തുന്നത്. ജോര്‍ജിനെ വായമൂടിക്കെട്ടിയ ശേഷം ഫിലിപ്പും ഭാര്യയും വീട്ടില്‍ കവര്‍ച്ച നടത്തുകയായിരുന്നു. എന്നാല്‍ കവര്‍ച്ചയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോൾ ജോര്‍ജിനെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം മറയ്ക്കാന്‍ വേണ്ടിയാണ് ജോര്‍ജിന്‍റെ ശരീരം നശിപ്പിക്കാന്‍ തീരുമാനിച്ചത്. ജോര്‍ജിന്‍റെ തലയും കൈകളും കാലുകളും കത്തിച്ചുകളയുകയായിരുന്ന. ശരീരഭാഗങ്ങള്‍ ജോര്‍ജിന്‍റെ ട്രക്കില്‍ കയറ്റിയാണ് കൊണ്ടുപോയത്. ശേഷം മറ്റുഭാഗങ്ങള്‍ താന്‍ നേപ്പാളിൽ നിന്ന് പഠിച്ച റെസിപ്പിയില്‍ വീട്ടില്‍വച്ച് പച്ചക്കറികള്‍ക്കൊപ്പം പാചകം ചെയ്തതായും അദ്ദേഹം സമ്മതിച്ചു. ഷെഫ് ആയി ജോലി ചെയ്യുന്നതിന് മുന്‍പ് കശാപ്പുകാരനായി ജോലി ചെയ്തയാളാണ് പ്രതിയായ ഫിലിപ്പ്. ദുർഗന്ധം മറയ്ക്കാനാണ് ഇയാള്‍ ശരീരഭാഗങ്ങള്‍ പച്ചക്കറികൾ ഉപയോഗിച്ച് പാചകം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ആത്മാവ് ശരീരം വിട്ടു പോകുന്നതിനായി ജോര്‍ജിന്‍റെ മൃതദേഹം ഇയാള്‍ മൂന്ന് ദിവസം വീട്ടില്‍ സൂക്ഷിച്ചതായും ജോര്‍ജിന് വേണ്ടി പ്രാര്‍ഥനകള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തില്‍ മറ്റൊരു യുവാവും വിചാരണ നേരിടുന്നുണ്ട്. ഇയാളാണ് ശരീരഭാഗങ്ങള്‍ പാചകം ചെയ്യാന്‍ സഹായിച്ചത് എന്നാണ് കരുതുന്നത്. ആരെങ്കിലും ചോദിച്ചാല്‍ നായയ്ക്കുള്ള ഭക്ഷണമാണെന്ന് പറഞ്ഞാല്‍ മതിയെന്നാണ് യുവാവിനോട് ഫിലിപ്പ് പറഞ്ഞത്. മാംസം എല്ലുകളിൽ നിന്ന് അടര്‍ന്ന് വീഴുന്നതുവരെ പാചകം ചെയ്തുകൊണ്ടിരിക്കാനും ഫിലിപ്പ് ബെന്‍റാക്കിയ എന്നുപേരുള്ള യുവാവിനോട് ആവശ്യപ്പെട്ടിരുന്നു. കൊലപാതകം നടന്ന സമയത്ത് താന്‍ മദ്യത്തിനും കഞ്ചാവിനും അടിമയായിരുവെന്നാണ് ഫിലിപ്പ് പറയുന്നത്. കേസില്‍ മെയ് 22 ന് കോടതി വിധി പറയും.