In this February 15, 2025 a Boeing 747 sits on the tarmac of Palm Beach International airport after US President Donald Trump toured the aircraft on February 15, 2025.
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ഖത്തര്‍ സമ്മാനിച്ച ബോയിങ് 747-8 വിമാനം യാത്രയ്ക്കൊരുങ്ങാന്‍ സമയമെടുക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്‍റിന്‍റെ വിമാനമായ എയര്‍ ഫോഴ്സ് വണ്ണിന്‍റെ സുരക്ഷാ ക്രമീകരണങ്ങള്‍ വിമാനത്തില്‍ ഒരുക്കാന്‍ കാര്യമായ നവീകരണങ്ങള്‍ വിമാനത്തില്‍ നടത്തേണ്ടതുണ്ട്. നവീകരിച്ചാലും വിമാനം യുഎസിന് ഉള്ളില്‍ മാത്രമെ ട്രംപിന് ഉപയോഗിക്കാന്‍ സാധിച്ചേക്കുള്ളൂ. ഖത്തര്‍ രാജകുടുംബം സമ്മാനമായി നല്‍കിയ പറക്കുന്ന കൊട്ടാരം എന്നറിയപ്പെടുന്ന വിമാനം നിലവിലെ എയർഫോഴ്‌സ് വണ്ണിന് താൽക്കാലിക പകരക്കാരനായി ഉപയോഗിക്കാനാണ് ഉദ്യേശിച്ചിരുന്നത്.
പ്രസിഡന്‍റിനെ ഏത് സമയത്തും സുരക്ഷിതനാക്കാന്‍ ശേഷിയുള്ള വിമാനമാണ് എയര്‍ഫോഴ്സ് വണ്‍. മിസൈല്‍ പ്രതിരോധ സംവിധാനവും സുരക്ഷിത ആശയവിനിമയ സംവിധാനവും വിമാനത്തിലുണ്ട്. പ്രതിരോധ ഉപകരണങ്ങള്‍ക്കൊപ്പം വായുവില്‍ നിന്ന് തന്നെ വിമാനത്തിന് ഇന്ധനം നിറക്കാന്‍ സാധിക്കും. എന്നാല്‍ യുഎസ് പ്രസിഡന്‍റിനെ സംരക്ഷിക്കുന്ന ഇത്തരം സൗകര്യങ്ങള്‍ ഖത്തര്‍ സമ്മാനമായി നല്‍കിയ വിമാനത്തിലില്ല.
ഖത്തര്‍ വിമാനത്തെ എയര്‍ഫോഴ്സ് വണ്ണിന്‍റെ തലത്തിലേക്ക് അപ്ഡ്രേഡ് ചെയ്യുന്നത് വരെ വിമാനത്തിന് യുഎസിനുള്ളിൽ മാത്രമേ പറക്കാൻ അനുവാദമുണ്ടാവുകയുള്ളൂ. അല്ലെങ്കിൽ സൈനിക അകമ്പടിയോടെയായിരിക്കും വിമാനം പറക്കുകയെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. എയര്‍ഫോഴ്സ് വണ്ണിന്‍റെ നിലവാരത്തിലേക്ക് ഉയര്‍ത്തണമെങ്കില്‍ പുനര്‍നിര്‍മിക്കേണ്ടതായി വരും. വലിയ ചെലവ് വരുന്ന ജോലിയാണിതെന്നും പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങൾ, മിസൈൽ മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിങ്ങനെ എയർഫോഴ്‌സ് വണ്ണിനെ സുരക്ഷിതമാക്കാന്‍ സഹായിക്കുന്ന സൗകര്യങ്ങള്‍ ഖത്തര്‍ വിമാനത്തിലില്ലെന്ന് എയ്‌റോഡൈനാമിക് അഡ്വൈസറിയിലെ റിച്ചാർഡ് അബൗലാഫിയ പറഞ്ഞു. അതിനാല്‍ തന്നെ ഖത്തര്‍ വിമാനത്തില്‍ ട്രംപ് പറന്നാല്‍ സൈനിക അകമ്പടി ആവശ്യമായി വരും. എന്നാല്‍ മറ്റു രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ ഇത് സാധ്യമല്ലാത്തതിനാല്‍ ട്രംപിന്‍റെ പുതിയ വിമാനം യുഎസിനുള്ളില്‍ മാത്രമാകും പറക്കുക.
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ഖത്തര്‍ രാജകുടുംബമാണ് പറക്കുന്ന കൊട്ടാരം എന്നറിയപ്പെടുന്ന വിമാനം സമ്മാനമായി നല്‍കിയത്. 40 കോടി ഡോളര്‍ വില വരുന്ന ഏറ്റവും ആഡംബര സ്വകാര്യ ജെറ്റ് വിമാനമാണിത്. മനോഹരമായി രൂപകൽപ്പന ചെയ്ത കുളിമുറികൾ, കിടപ്പുമുറികൾ, വലിയ പടിക്കെട്ട് എന്നിവയാണ് വിമാനത്തിന്‍റെ ആകര്‍ഷണം. ആഡംബര പൂർണ്ണമായ ഇന്റീരിയർ കാരണം ഇതിനെ 'പറക്കുന്ന കൊട്ടാരം' എന്നാണ് വിളിക്കുന്നത്.
നിലവില്‍ 40 വര്‍ഷം പഴക്കമുള്ള എയര്‍ഫോഴ്സ് വണ്‍ വിമാനമാണ് യുഎസ് പ്രസിഡന്‍റ് നിലവില്‍ ഉപയോഗിക്കുന്നത്. യുഎസ് പ്രസിഡന്‍റിനായുള്ള രണ്ട് പുതിയ ബോയിങ് വിമാനങ്ങള്‍ നിര്‍മാണത്തിലാണ് 2018 ല്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഓര്‍ഡര്‍ നല്‍കിയ വിമാനം 2029 ഓടെ മാത്രമെ നിര്‍മാണം പൂര്‍ത്തിയാകൂ എന്നാണ് പ്രതീക്ഷിക്കുന്നത്.