അതിര്‍ത്തി ഗ്രാമങ്ങളില്‍ ഷെല്ലാക്രമണം നടത്തിയതില്‍ ഇന്ത്യ തിരിച്ചടിച്ചെന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാന്‍. റാവല്‍പിണ്ടി നൂര്‍ഖാന്‍ വ്യോമ താവളം ഇന്ത്യ ആക്രമിച്ചുവെന്നും ബാലിസ്റ്റിക് മിസൈലിട്ട വിവരം മേയ് 10ന് സൈനിക മേധാവി തന്നെ വിളിച്ച് അറിയിച്ചുവെന്നും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്. ചൈനീസ് യുദ്ധവിമാനങ്ങള്‍ക്കെതിരെ ഇന്ത്യ പുത്തന്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുവെന്നും തദ്ദേശീയ സംവിധാനങ്ങളാണ് പാക്കിസ്ഥാന്‍ തിരികെ ഉപയോഗിച്ചതെന്നും ഷെഹബാസ് ഷരീഫ് അവകാശപ്പെട്ടു. രാജ്യത്തെ രക്ഷിക്കാന്‍ മാത്രമാണ് പാക് സൈന്യം ശ്രമിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
മൂന്ന് യുദ്ധങ്ങള്‍ നടത്തിയിട്ടും ഇന്ത്യയും പാക്കിസ്ഥാനും ഒന്നും നേടിയില്ലെന്നും സമാധാന ചര്‍ച്ചയ്ക്ക് തയാറാണെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. കശ്മീര്‍ ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്യാമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാതെ സമാധാനം ഉണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ട പാക് സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് സംസാരിക്കവേയാണ് സമാധാനമാകാമെന്ന് പാക് പ്രധാനമന്ത്രിയുടെ ആഹ്വാനം. അതേസമയം പാക് അധീന കാശ്മീരിലും ഭീകരവാദത്തിലും മാത്രമേ പാകിസ്ഥാനുമായി ചർച്ച നടത്തു എന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നിൽക്കുകയാണ്.
അതിനിടെ ഇന്ത്യ–പാക് സംഘര്‍ഷം പരിഹരിച്ചതിന്‍റെ ക്രെഡിറ്റ് വീണ്ടും അവകാശപ്പെട്ട് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ശത്രുതയില്‍ കഴിഞ്ഞിരുന്ന ഇരുരാജ്യങ്ങളും സമാധാനത്തില്‍ കഴിയുന്നതില്‍ യുഎസ് സന്തുഷ്ടരാണെന്നും ട്രംപ് പറഞ്ഞു.