ഗാസ മുനമ്പിലെ ബെയ്ത്‍ ലാഹിയയില്‍ ഭക്ഷണത്തിനായി കേഴുന്ന അഭയാര്‍ഥികള്‍ – മേയ് 8, 2025

  • ഒരുനേരത്തെ ഭക്ഷണമില്ലാതെ 30 കോടി മനുഷ്യര്‍
  • നടുക്കമുളവാക്കി ആഗോള ഭക്ഷ്യപ്രതിസന്ധി റിപ്പോര്‍ട്ട്
  • ലോകത്ത് പാഴാക്കപ്പെടുന്നത് പ്രതിവര്‍ഷം 250 കോടി ടണ്‍ ഭക്ഷണം

യുദ്ധവും സംഘര്‍ഷങ്ങളും പടരുമ്പോള്‍ ലോകത്ത് വിശപ്പ് കൊലയാളിയുടെ രൂപമെടുക്കുന്നു. 2023നെ അപേക്ഷിച്ച് കൊടുംവിശപ്പ് നേരിടുന്നവരുടെ എണ്ണം 2024ല്‍ കുതിച്ചുയര്‍ന്നെന്ന് ആഗോള ഭക്ഷ്യപ്രതിസന്ധി റിപ്പോര്‍ട്ട്. 29.5 കോടി മനുഷ്യരാണ് ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാതെ നരകിക്കുന്നത്. ഇതില്‍ ഏറെയും യുദ്ധമേഖലകളിലും സംഘര്‍ഷമേഖലകളിലും കഴിയുന്നവരും പലായനം ചെയ്തവരും പ്രകൃതിദുരന്തങ്ങള്‍ നേരിട്ടവരുമാണ്. 65 രാജ്യങ്ങളിലും മേഖലകളിലും നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട് ഗ്ലോബല്‍ നെറ്റ്‍വര്‍ക്ക് എഗെയ്ന്‍സ്റ്റ് ഫുഡ് ക്രൈസിസ് ആണ് പുറത്തുവിട്ടത്. 

ഗാസയിലെ ബെയ്ത്‍ ലാഹിയയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ എത്തിക്കുന്ന ഭക്ഷണം കാത്തിരിക്കുന്ന കുഞ്ഞ്

2023നെ അപേക്ഷിച്ച് 2024ല്‍ 1.37 കോടി ആളുകളാണ് പട്ടിണിയിലേക്ക് തള്ളിയിടപ്പെട്ടത്. ഗാസയിലും യുക്രെയിനിലും ആഫ്രിക്കയിലുമെല്ലാം നടക്കുന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും നിര്‍ബന്ധിത പലായനങ്ങളുമെല്ലാം സ്ഥിതി അതിരൂക്ഷമാക്കി. കൊടുംപട്ടിണി നേരിടുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് 2024ല്‍ ഉണ്ടായതെന്ന് ഭക്ഷ്യപ്രതിസന്ധി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വലിയ കൃഷിനാശത്തിന് കാരണമായ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാവ്യതിയാനവും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. തുടര്‍ച്ചയായി ആറാം വര്‍ഷമാണ് പട്ടിണിക്കാരുടെ എണ്ണം ഇങ്ങനെ ഉയരുന്നത്.

കൊടും പട്ടിണി നേരിടുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

പട്ടണി മാത്രമല്ല, കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവും അമ്പരപ്പിക്കുംവിധമാണ് വര്‍ധിച്ചത്. സംഘര്‍ഷമേഖലകളില്‍ മാത്രമല്ല ആഫ്രിക്കയിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും പോഷകാഹാരക്കുറവുകാരണം മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുകയാണ്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഉണ്ടാകുന്ന അനിശ്ചിതത്വം വര്‍ധിക്കുന്നത് സ്ഥിതി വീണ്ടും രൂക്ഷമാക്കുന്നു.

ആഗോള ഭക്ഷ്യപ്രതിസന്ധി റിപ്പോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഭക്ഷ്യപ്രതിസന്ധി നേരിടുന്ന മേഖലകള്‍

പഠനവിധേയമായ 65 രാജ്യങ്ങളുടെ കാര്യമെടുത്താല്‍, ആകെ ജനസംഖ്യയുടെ 22.6 ശതമാനം പേര്‍ ഒരു ഭക്ഷ്യസുരക്ഷയും ഇല്ലാത്ത അവസ്ഥയിലാണ്. തുടര്‍ച്ചയായി അഞ്ചാംവര്‍ഷമാണ് ഈ സൂചിക 20 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്നത്.

ഗാസയിലെ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി കാംപസിലെ അഭയാര്‍ഥി ക്യാംപില്‍ ഭക്ഷണം എത്തിച്ച പാത്രത്തില്‍ അവസാനവറ്റിനായി തിരയുന്ന കുട്ടി

യുദ്ധം കൊടുമ്പിരിക്കൊണ്ടുനില്‍ക്കുന്ന ഗാസ മുനമ്പിലും മാലി, സുഡാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലും ആഫ്രിക്കയിലുമാണ് കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് ഏറ്റവും രൂക്ഷം. 5 വയസില്‍ താഴെയുള്ള 3.8 കോടി കുഞ്ഞുങ്ങള്‍ ഈ സാഹചര്യം നേരിടുന്നുണ്ടെന്നാണ് ഭക്ഷ്യപ്രതിസന്ധി റിപ്പോര്‍ട്ടില്‍ പറയുന്നത്.

പോഷകാഹാരക്കുറവ് കാരണം നരകിച്ച് കുഞ്ഞുങ്ങള്‍

കലാപങ്ങളും യുദ്ധങ്ങളും സംഘര്‍ഷങ്ങളും കാരണം കിടപ്പാടം വിട്ടോടേണ്ടിവന്ന, അഭയാര്‍ഥികളായി മാറിയ 13 കോടി മനുഷ്യര്‍ അസഹനീയമായ ഭക്ഷ്യക്ഷാമം നേരിടുന്നു. ഇതില്‍ സ്വന്തം രാജ്യത്തിനുള്ളില്‍ത്തന്നെ നിര്‍ബന്ധിത പലായനത്തിന് വിധേയരായ ഒന്‍പതരക്കോടി ആളുകളുണ്ട്. ഏറെയും കോംഗോ, കൊളംബിയ, സുഡാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍. 

സുഡാനില്‍ ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് പലായനം ചെയ്തവര്‍ അഭയാര്‍ഥി ക്യാംപില്‍ ഭക്ഷണം കാത്തിരിക്കുന്നു

സമ്പന്നരാജ്യങ്ങള്‍ ഭക്ഷ്യക്ഷാമം നേരിടാന്‍ നല്‍കിവന്നിരുന്ന ഫണ്ട് വന്‍തോതില്‍ വെട്ടിക്കുറച്ചത് സ്ഥിതി അതിരൂക്ഷമാക്കി. ഐക്യരാഷ്ട്രസംഘടനയുടെ വിവിധ ഏജന്‍സികളും അനുബന്ധ സംഘടനകളും വിശപ്പിനെതിരെ നടത്തിവന്ന പോരാട്ടം ഇതോടെ ദുര്‍ബലമായി. ‘ഒഴിഞ്ഞ വയറിനെതിരെ ഒഴിഞ്ഞ കൈകള്‍ കൊണ്ട് പൊരുതാന്‍ കഴിയില്ല’ എന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടെറസ് തന്നെ പരിതപിക്കുന്നത്.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയുടെ തുടര്‍ച്ച ഇപ്പോഴുമുണ്ട്. അതിനിടെയാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഭക്ഷ്യക്ഷാമം നേരിടാന്‍ ആഗോള ഏജന്‍സികള്‍ക്ക് നല്‍കിവന്നിരുന്ന ഫണ്ട് വെട്ടിക്കുറച്ചത്. 

മേയ് 12ന് ഗാസയില്‍ അഭയാര്‍ഥി ക്യാംപില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍

ഒരുഭാഗത്ത് ഭക്ഷ്യക്ഷാമവും പട്ടിണിയും പെരുകുമ്പോള്‍ മറുഭാഗത്ത് ഭക്ഷണം പാഴാക്കുന്നതിന്‍റെ തോതും ഉയരുകയാണ് എന്ന ദയനീയ സ്ഥിതി കൂടിയുണ്ട്. 2024ലെ ഫുഡ് വേസ്റ്റ് ഇന്‍ഡക്സ് റിപ്പോര്‍ട്ട് അനുസരിച്ച് (UNEP Food Waste Index Report 2024) ഒരുവര്‍ഷം 105 കോടി ടണ്‍ ഭക്ഷണമാണ് പാഴാക്കുന്നത്. അമേരിക്കയിലെ റീസൈക്കിള്‍ ട്രൈക്ക് സിസ്റ്റംസ് എന്ന വേസ്റ്റ് മാനേജ്മെന്‍റ് കമ്പനിയുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞവര്‍ഷം ഇത് 250 കോടി ടണ്‍ വരെയാകാം.

മനുഷ്യര്‍ വിശന്ന് മരിച്ചുവീഴുമ്പോള്‍, ഉള്ള ഭക്ഷണം പാഴാക്കുന്ന ക്രൂരത

അമേരിക്കയും ബ്രിട്ടണും ഉള്‍പ്പെടെയുള്ള സമ്പന്ന രാജ്യങ്ങളില്‍ത്തന്നെയാണ് ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യനിര്‍മിതമായ യുദ്ധങ്ങളും കെടുതികളും കാരണം നിഷ്കളങ്കരായ സാധാരണ മനുഷ്യര്‍ വിശന്ന് മരിക്കുമ്പോഴാണ് ഇങ്ങനെ ഭക്ഷണം പാഴാക്കുന്നത്.

ENGLISH SUMMARY:

According to the 2024 Global Report on Food Crises, around 295 million people are suffering from extreme hunger, a sharp rise from 2023. Most of them live in conflict zones, are displaced, or affected by natural disasters and climate change. Acute malnutrition among children, especially in regions like Gaza, Sudan, and parts of Africa, has reached alarming levels, with 38 million children under five severely affected. Over 130 million displaced people are facing severe food insecurity, while international aid funding has significantly declined, worsening the crisis. Meanwhile, global food waste remains shockingly high, with over 1 billion tons wasted annually, mostly in wealthy countries.