അമേരിക്കയ്ക്കും തുര്‍ക്കിക്കും നീതിയിലും മനുഷ്യത്വത്തിലും വിശ്വാസമുണ്ടെങ്കില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനെ തട്ടിക്കൊണ്ടുപോകണം എന്ന ആവശ്യമുന്നയിച്ച് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇസ്രയേല്‍ ഗാസ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പരാമര്‍ശം. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതു പോലെ നെതന്യാഹുവിനേയും കൊണ്ടുപോകണമെന്നതാണ് പാക്കിസ്ഥാന്റെ ആവശ്യം
ഇസ്രയേല്‍ നേതാവിനെ പിടികൂടാന്‍ തുര്‍ക്കിക്കും സാധിക്കുമെന്നും അതിനായി പാക്കിസ്ഥാനികള്‍ പ്രാര്‍ത്ഥിക്കുമെന്നും ഖ്വാജ പറയുന്നു. മനുഷ്യരാശിയുടെ തന്നെ ഏറ്റവും വലിയ കുറ്റവാളിയാണ് നെതന്യാഹുവെന്നും പലസ്തീനികളോട് നടക്കുന്ന വിധത്തിലുള്ള ക്രൂരതകള്‍ ചരിത്രത്തിലെങ്ങും ഉണ്ടായിട്ടില്ലെന്നും ഖ്വാജ. നെതന്യാഹുവിനേക്കാള്‍ വലിയൊരു കുറ്റവാളിയെ ലോകം കണ്ടിട്ടില്ലെന്നും കഴിഞ്ഞ 4000–5000 വര്‍ഷങ്ങള്‍ക്കിടെ പലസ്തീനികള്‍ അനുഭവിച്ചത് അത്രയും വലിയ കെടുതികളെന്നും പാക് പ്രതിരോധമന്ത്രി പറയുന്നു.
ഒരു അഭിമുഖത്തിനിടെയായിരുന്നു ഖ്വാജയുടെ പരാമര്‍ശങ്ങള്‍. നെതന്യാഹുവിനെപ്പോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നവരെക്കുറിച്ച് നിയമത്തിനു എന്താണ് പറയാനുള്ളതെന്ന് ഖ്വാജ ചോദിച്ചു തുടങ്ങിയപ്പോഴേക്കും പരിപാടിയുടെ അവതാരകനായ ഹാമിദ് മിർ ഇടപെടുകയും ഒരു ഇടവേള ആവശ്യപ്പെടുകയും ചെയ്തു.
ഖ്വാജയുടെ പരാമർശങ്ങൾ യുഎസ് പ്രസിഡന്റ് ട്രംപിനെക്കുറിച്ചുള്ള പരോക്ഷ പരാമര്‍ശമായി വ്യാഖ്യാനിക്കപ്പെട്ടേക്കുമെന്നും ഇടവേളയ്ക്കു ശേഷം ഖ്വാജ ഉണ്ടാവില്ലെന്നും അവതാരകന്‍ സൂചിപ്പിച്ചു. ഗാസയിലെ യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട് നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി മുൻപ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച നടപടിയും അഭിമുഖത്തിൽ പരാമർശിക്കപ്പെട്ടു.