trmup-houthi

TOPICS COVERED

ഹൂതികളുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ അപ്രതീക്ഷിതമായാണ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. 'ഹൂതികള്‍ക്കെതിരായ ബോംബാക്രമണം നിര്‍ത്താന്‍ പോകുന്നു' എന്നാണ് ട്രംപിന്‍റെ വാക്കുകള്‍. ഹൂതികള്‍ക്ക് ഏറ്റുമുട്ടല്‍ തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആക്രമണം അവസാനിപ്പിച്ചതെന്നും അവരുടെ ആവശ്യത്തെ ബഹുമാനിക്കുന്നു എന്നുമാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ ഹൂതികളുടെ ആവശ്യപ്രകാരമാണോ ട്രംപ് വെടിനിര്‍ത്തിയത്. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ക്കെതിരെയുള്ള ഏറ്റുമുട്ടലിന് വരുന്ന വലിയ ചെലവാണ് യുഎസ് പ്രസിഡന്‍റിന്‍റെ മനം മാറ്റത്തിന് കാരണമായി പറയുന്നത്.  

മാര്‍ച്ചിലാണ് 'ഓപ്പറേഷൻ റഫ് റൈഡർ' എന്ന പേരില്‍ ഹൂതികള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണം തുടങ്ങിയത്. ചെങ്കടലിലെ വ്യാപാരത്തില്‍ ഹൂതികള്‍ ഭീഷണിയാകുന്നു എന്നതാണ് ആക്രമണത്തിനുള്ള കാരണം. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന് തിരിച്ചടിയായി ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തുകയാണ് ഹൂതികള്‍. ഇതോടെയാണ് ഹൂതികള്‍ക്ക് നേരെ തിരിയാന്‍ ട്രംപ് അനുമതി നല്‍കിയത്. റിസള്‍ട്ടുണ്ടാക്കാന്‍ സൈന്യത്തിന് നല്‍കിയ സമയം ഒരു മാസമായിരുന്നു. 

ഹൂതികളുടെ കമാന്‍ഡ്– കണ്‍ട്രോള്‍ കേന്ദ്രങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനം, ആയുധ നിര്‍മാണ കേന്ദ്രങ്ങള്‍, സംഭരണശാലകള്‍ എന്നിവയിലേക്കായിരുന്നു യുഎസ് ആക്രമണം ആക്രമണം. ഹൂതികള്‍ക്ക് നേരെ മാരകആക്രമണം നടത്തുമെന്നായിരുന്നു ട്രംപിന്‍റെ പ്രതിഞ്ജ. വ്യോമാക്രമണങ്ങളില്‍ ഹൂതികള്‍ക്ക് ചെറിയ നാശനഷ്ടങ്ങളുണ്ടായി. തങ്ങളുടെ ഉപകരണങ്ങള്‍ ഹൂതികള്‍ ബങ്കറിലേകക് മാറ്റി സുരക്ഷിതരാക്കി. 

മാസങ്ങള്‍ നീണ്ട ആക്രമണത്തിന് ശേഷവും കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാത്തതോടെയാണ് ട്രംപ് വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിയതെന്ന് ന്യൂയോര്‍ക്ക്ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൂതികളുമായുള്ള സംഘര്‍ഷത്തിന്‍റെ അപ്ഡേറ്റ് ആവശ്യപ്പെട്ട ട്രംപിന് ലഭിച്ച വിവരം, അമേരിക്ക ഒരു 'ചെലവേറിയതും അനിശ്ചിതവുമായ' സംഘർഷത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നായിരുന്നു. 

ഇതിനിടയില്‍ തന്നെ അമേരിക്കയുടെ എഴ് എംക്യൂ 9 ഡ്രോണുകളാണ് ഹൂതികള്‍ തകര്‍ത്തത്. ഓരോന്നിനും 3 കോടി ഡോളറാണ് വില. ഹൂതികളുടെ മിസൈലാക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് രണ്ട് യുദ്ധവിമാനങ്ങളാണ് കടലില്‍ വീണ് യുഎസിന് നഷ്ടമായത്. 

മൊത്തം കണക്കെടുത്താല്‍ മാര്‍ച്ച് മുതല്‍ 100 കോടി ഡോളര്‍ അമേരിക്ക യുദ്ധത്തിനായി ചെലവാക്കിയതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബോംബും മിസൈലും അടക്കമുള്ള ചെലവാണിത്. മാർച്ച് 15 മുതൽ ദിവസേനയുള്ള ആക്രമണങ്ങളിൽ യെമനിലെ ഹൂത്തി വിമത കേന്ദ്രങ്ങൾക്കെതിരെ ഉപയോഗിക്കുന്ന യുഎസ് യുദ്ധോപകരണങ്ങളുടെ വില 75 കോടി ഡോളറിലധികം വരുമെന്ന് മറ്റൊരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആയിരത്തിലധികം കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 2000 ത്തിലധികം യുദ്ധോപകരണങ്ങളാണ് യുഎസ് ഹൂതികള്‍ക്കെതിരെ ഉപയോഗിച്ചത്.  

മേയ് അഞ്ച് ആയപ്പോഴേക്കും ട്രംപ് ആക്രമണം അവസാനിപ്പിക്കാന്‍ തയ്യാറായി എന്നുമാണ് റിപ്പോര്‍ട്ട്. ഹൂതികള്‍ കീഴടങ്ങിയെന്നും കപ്പലുകള്‍ അക്രമില്ലെന്ന അവരുടെ വാക്ക് ഞങ്ങള്‍ വിശ്വാസത്തിലെടുക്കുന്നു എന്നാണ് ട്രംപ് പിന്നീട് പറഞ്ഞത്. 

ENGLISH SUMMARY:

In a surprise move, US President Donald Trump announced a ceasefire last week, halting airstrikes against the Iran-backed Houthi rebels. Trump cited respect for the Houthis' demands and the high cost of continued conflict as key reasons for the decision.