FILE - This undated photo provided by Polina Pugacheva in April 2025 shows Kseniia Petrova, a Russian-born scientist who was a researcher at Harvard University. (Polina Pugacheva via AP, File)

FILE - This undated photo provided by Polina Pugacheva in April 2025 shows Kseniia Petrova, a Russian-born scientist who was a researcher at Harvard University. (Polina Pugacheva via AP, File)

പഠനാവശ്യത്തിനായി തവളകളുടെ ഭ്രൂണം അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച റഷ്യന്‍ ഗവേഷകയ്ക്ക് കുരുക്ക്. ജൈവികമായ വസ്തുക്കള്‍ യുഎസിലേക്ക് കൊണ്ടുപോകാനാവില്ലെന്ന നിയമം മറികടന്നതിനും ഇത്തരം സാംപിളുകള്‍ കൈവശം വച്ചിട്ടും അത് വ്യക്തമാക്കാതെ യാത്ര ചെയ്തതിനുമാണ് ഹാര്‍വഡ് സര്‍വകലാശാലയിലെ ഗവേഷകയായ കെസ്നിയ പെട്രോവയെ കസ്റ്റഡിയിലെടുത്തത്. കുറ്റം തെളിഞ്ഞാല്‍ 20 വര്‍ഷം വരെ തടവും 250,000 ഡോളര്‍ പിഴയും മുപ്പതുകാരിയായ ഗവേഷകയ്ക്ക് ശിക്ഷ ലഭിച്ചേക്കാം. 

ലൂസിയാനയിലെ കസ്റ്റംസ് അധികൃതരാണ് പെട്രോവയെ കസ്റ്റഡിയിലെടുത്തത്. പെട്രോവയെ നാടുകടത്തുന്നതില്‍ ഇന്ന് വാദം കേള്‍ക്കും. അതേസമയം, നാടു കടത്തരുതെന്നും രാഷ്ട്രീയ അഭയം നല്‍കണമെന്നുമാണ് പെട്രോവയുടെ അഭ്യര്‍ഥന. യുദ്ധ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതിന്‍റെ പേരില്‍ലും രാഷ്ട്രീയ നിലപാടുകളുടെ പേരിലും റഷ്യ തന്നെ തടവിലാക്കിയേക്കാമെന്നും സത്യം തന്‍റെ ഭാഗത്താണെന്നും പെട്രോവ അസോസിയേറ്റഡ് പ്രസിനോട് വെളിപ്പെടുത്തി. 

ജനുവരിയിലാണ് സംഭവമുണ്ടായതെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്. ഫ്രാന്‍സില്‍ അവധിയാഘോഷിക്കാന്‍ പോയ പെട്രോവ അവിടെയുള്ള ലാബ് സന്ദര്‍ശിക്കവേ തവളകളുടെ ഭ്രൂണം പഠനാവശ്യത്തിനായി ശേഖരിച്ചിരുന്നു.  തിരികെ യുഎസിലെത്തിയപ്പോള്‍ ബാഗ് യുഎസ് കസ്റ്റംസ് അധികൃതര്‍ പിടിച്ചു. പത നിറഞ്ഞ പാത്രത്തിനുള്ളില്‍ വിശദമായി പരിശോധിച്ചതോടെ തവളയുടെ ഭ്രൂണമാണെന്ന് തിരിച്ചറിഞ്ഞു. ആദ്യം വിവരം ചോദിച്ചെങ്കിലും പെട്രോവ നിഷേധിച്ചു. വിശദമായി ചോദിച്ചതോടെ പഠനാവശ്യത്തിനായി താന്‍ ശേഖരിച്ചതാണെന്നായിരുന്നു മറുപടി. 

അതേസമയം, പെട്രോവയുടെ കൈവശമുള്ള സാംപിളുകള്‍ അനുവദനീയമായവയാണെന്നും തെറ്റില്ലെന്നുമായിരുന്നു പെട്രോവയുടെ ഉപദേശകനും സഹ ഗവേഷകനുമായ ലിയോ പെഷ്കിന്‍റെ പ്രതികരണം. സംഭവം സൂക്ഷമമായി നിരീക്ഷിക്കുകയാണെന്ന് ഹാര്‍വഡ് സര്‍വകലാശാലയും പ്രതികരിച്ചു. 2022 ലാണ് റഷ്യയില്‍ നിന്നും പഠന–ഗവേഷണത്തിനായി പെട്രോവ യുഎസില്‍ എത്തിയത്. 

ENGLISH SUMMARY:

Russian researcher Ksenia Petrova, affiliated with Harvard University, has been detained in Louisiana for allegedly attempting to smuggle frog embryos into the US for study. Authorities cite violations of US bio-import laws. She now faces up to 20 years in prison and a $250,000 fine. Petrova pleads for political asylum, fearing persecution in Russia for her anti-war stance.