ഇറാനുമായുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ അന്ത്യശാസനവുമായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. യുഎസിന് സ്വീകാര്യമായതും അര്‍ഥവത്തായതുമായ കരാറിലെത്തിച്ചേരാന്‍ ഇറാന്‍ തയാറായില്ലെങ്കില്‍ പത്തുദിവസത്തിനുള്ളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ബോര്‍ഡ് ഓഫ് പീസിന്‍റെ ഉദ്ഘാടന യോഗത്തിലാണ് ഇറാന്‍ മെച്ചപ്പെട്ട കരാറില്‍ എത്തിച്ചേരുന്നില്ലെങ്കില്‍ ഏറ്റവും മോശം കാര്യങ്ങള്‍ സംഭവിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്.
ഇറാനെ ആക്രമിച്ചേക്കുമെന്ന് ട്രംപ് ഇന്നലെയും ട്രൂത്ത് സോഷ്യലിലൂടെ സൂചനകള്‍ നല്‍കിയിരുന്നു. ഇന്ത്യന്‍ സമുദ്രത്തിലെ ഷാഗോസ് ദ്വീപിന്‍റെ പരമാധികാരം കൈവിട്ടതിനെതിരെ ബ്രിട്ടനെതിരെയും ട്രംപ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇറാന്‍ കരാറിന് വഴങ്ങിയില്ലെങ്കില്‍ ഡീഗോ ഗാര്‍സ്യ ആവശ്യമായി വരുമെന്നായിരുന്നു ട്രംപിന്‍റെ വാക്കുകള്‍.
അതേസമയം ഈ ആഴ്ച അവസാനത്തോടെ ട്രംപ് ഇറാനെ ആക്രമിച്ചേക്കുമെന്നാണ് സിഎന്‍എന്നും സിബിഎസും റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ചയോടെ ഇറാനെ ആക്രമിക്കാന്‍ യുഎസ് സൈന്യം തയാറാണെന്നും പക്ഷേ ട്രംപിന് ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുവെന്നും വൈറ്റ് ഹൗസ് പറഞ്ഞുവെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്. യുദ്ധത്തിലേക്ക് പോകണോ വേണ്ടയോ എന്നതിനെ ചൊല്ലി അമേരിക്കന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് ഗഹനമായ ചര്‍ച്ചകള്‍ നടത്തിയെന്നും തീരുമാനം വൈകില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
ഇറാനില്‍ പരമാവധി നാശമുണ്ടാക്കാന്‍ പ്രാപ്തിയുള്ളതാണ് യുഎസ് സൈന്യമെന്ന് ട്രംപിനെ ധരിപ്പിച്ചിരിക്കുന്നതെന്നും വേണ്ടിവന്നാല്‍ ഇറാന്‍റെ രാഷ്ട്രീയ നേതാക്കളെയും സൈനികത്തലവന്‍മാരെയും കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാനും ഭരണകൂടത്തെ അട്ടിമറിക്കാനും കെല്‍പ്പുണ്ടെന്നും ഉറപ്പ് നല്‍കിയെന്നും യുഎസ് ഉദ്യോഗസ്ഥര്‍ ട്രംപിനെ അറിയിച്ചതായും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അതിനര്‍ഥം രാജ്യത്തിന്‍റെ അഭിമാനം അടിയറവ് വയ്ക്കുമെന്ന് അല്ലെന്നും ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസഷ്കിയന്‍ തുറന്നടിച്ചു. അധികാരം ഏറ്റെടുത്തത് മുതല്‍ യുദ്ധം ഒഴിവാക്കാനാണ് ആഗ്രഹിച്ചത്. എന്നാല്‍ യുഎസിന്‍റെ നിലപാട് അടിച്ചേല്‍പ്പിക്കാനും അപമാനിക്കാനുമാണ് ശ്രമമെങ്കില്‍ അത് എങ്ങനെ അംഗീകരിക്കാനാണ്? അതിന്‍റെ ആവശ്യമുണ്ടോ എന്നും പെസഷ്കിയന്‍ ചോദിക്കുന്നു.
ചര്‍ച്ചകള്‍ ഒരുവശത്ത് പുരോഗമിക്കുമ്പോഴും ഇറാന് സമീപത്തായി യുഎസ് സൈനികവിന്യാസം ശക്തമാക്കുകയാണ്. യുഎസ്എസ് എബ്രഹാം ലിങ്കണും 13 യുദ്ധക്കപ്പലുകളും മധ്യപൂര്‍വദേശത്ത് വിന്യസിച്ചിട്ടുണ്ട്. യുഎസ്എസ് ജെറള്‍ഡ് ജി.ഫോര്‍ഡ് അറ്റ്ലാന്‍റിക് സമുദ്രത്തില്‍ മധ്യപൂര്‍വദേശം ലക്ഷ്യമാക്കി നീങ്ങുന്നുണ്ട്. ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങളും ആയിരക്കണക്കിന് സൈനികരുമായാണ് യുഎസിന്‍റെ ഈ പടപ്പുറപ്പാട്.
Google Trending Topic: Iran