സിറിയയ്ക്കുമേലുള്ള ഉപരോധം നീക്കിയ ട്രംപ് സിറിയന്‍ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷരായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യമുന്നയിച്ചത്. സൗദി സന്ദര്‍ശനത്തിനുശേഷം ട്രംപ് ഖത്തറിലേക്ക് തിരിച്ചു. വ്യാപാര, നിക്ഷേപ കരാറുകള്‍ ലക്ഷ്യമിട്ട് സൗദിയിലെ റിയാദിലെത്തിയ ട്രംപ് അപ്രതീക്ഷിതമായാണ് സിറിയയ്ക്കുമേലുള്ള ഉപരോധം പിന്‍വലിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
പിന്നാലെ റിയാദിലെത്തിയ സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അൽ ഷരാ ട്രംപുമായി കൂടിക്കാഴ്ച നടത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബില്‍ സല്‍മാനൊപ്പമായിരുന്നു കൂടിക്കാഴ്ച. ഉപരോധം നീക്കുമ്പോള്‍ സിറിയിയില്‍ നിന്ന് നിര്‍ണായകതലങ്ങളില്‍ സഹകരണം പ്രതീക്ഷിക്കുന്നെന്ന് ട്രംപ് വ്യക്തമാക്കി. ഇസ്രയേലുമായി സമാധാനക്കരാര്‍ ഒപ്പിടണം, ഹമാസ് ഉള്‍പ്പെടെ പലസ്തീന്‍ ഗ്രൂപ്പുകളെ പുറത്താക്കണം. ഭീകരര്‍ക്ക് അഭയം നല്‍കരുത്, ഐ.എസിനെ അമര്‍ച്ച ചെയ്യാനുള്ള അമേരിക്കന്‍ നടപടിക്ക് സഹായം നല്‍കണം ഇതാണ് അമേരിക്ക സിറിയയോട് ആവശ്യപ്പെട്ട കാര്യങ്ങള്‍ .
1974ല്‍ കരാര്‍ പ്രകാരം ഇസ്രയേലുമായി സഹകരണത്തിന് തയാറാണെന്ന് സിറിയന്‍ പ്രസിഡന്റ് വ്യക്തമാക്കി. ഭീകരവിരുദ്ധ നടപടികള്‍ക്ക് എല്ലാ പിന്തണയും നല്‍കുമെന്നും രാജ്യാന്തര പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും അഹമ്മദ് അൽ ഷര വ്യക്തമാക്കി. റിയാദില്‍ നിന്ന് തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗനെയും മോദി ഫോണില്‍ വിളിച്ച് സിറിയന്‍ സ്ഥിതി ചര്‍ച്ച ചെയ്തു. റിയാദില്‍ ഗള്‍ഫ് നേതാക്കളുടെ ഉച്ചകോടിയിലും ട്രംപ് സംസാരിച്ചു.