ആദ്യമായി പോയ ഹോട്ടല്‍മുറിയിലെ വൈഫൈയില്‍ കാമുകിയുടെ ഫോണ്‍ ഓട്ടോമാറ്റിക് ആയി കണക്റ്റായതിന് പിന്നാലെ കാമുകിയെ ഉപേക്ഷിച്ച് കാമുകന്‍. ചൈനയിലാണ് സംഭവം. കാമുകി മറ്റാരുടെയോ കൂടെ ഇതേ ഹോട്ടലില്‍ മുന്‍പ് വന്നിട്ടുണ്ടെന്നും അന്ന് വൈഫൈയില്‍ കണക്ട് ചെയ്തതുകൊണ്ടാണ് ഇപ്പോള്‍ ഓട്ടോ കണക്ട് ആയതെന്നുമാണ് കാമുകന്‍റെ വാദം.
ചോങ് ക്വിങ് എന്ന സ്ഥലത്ത് വിനോദസഞ്ചാരത്തിനായി പോയതായിരുന്നു യുവാവും യുവതിയും. അവിടെ താമസിക്കാന്‍ ബുക്ക് ചെയ്ത ഹോട്ടലിലെത്തിയപ്പോള്‍ തിരിച്ചറിയല്‍ രേഖ എടുത്തിട്ടില്ലെന്ന കാര്യം യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഡിജിറ്റല്‍ രേഖ നല്‍കാമെന്ന് പറഞ്ഞ് യുവതി ഫോണ്‍ എടുത്തപ്പോഴാണ് അത് വൈഫൈയില്‍ കണക്ട് ചെയ്തിരിക്കുന്നതായി കാമുകന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയ ഇയാള്‍ വൈഫൈ സെറ്റിങ്സ് പരിശോധിച്ചപ്പോള്‍ അത് ഹോട്ടലിന്‍റെ വൈഫൈ ആണെന്ന് വ്യക്തമായി.
തുടര്‍ന്ന് യുവതിയോട് മുന്‍പ് ഈ ഹോട്ടലില്‍ ആരുടെയെങ്കിലും കൂടെ വന്ന് താമസിച്ചിട്ടുണ്ടോ എന്ന് കാമുകന്‍ ചോദിച്ചു. എന്നാല്‍ ആദ്യമായാണ് ഹോട്ടലില്‍ വരുന്നത് എന്നായിരുന്നു മറുപടി. എന്നാല്‍ എന്തുകൊണ്ടാണ് പാസ്‌വേര്‍ഡ് കൊണ്ട് ലോക്ക് ചെയ്ത ഫോണ്‍ വൈഫൈ ഓട്ടമാറ്റിക്ക് ആയി കണക്ട് ആയതെന്ന ചോദ്യത്തിന് യുവതിക്ക് മറുപടി നല്‍കായില്ല.
താന്‍ ഈ ഹോട്ടലില്‍ മുന്‍പ് വന്നിട്ടില്ല എന്ന് യുവതി ഉറപ്പിച്ചു പറഞ്ഞിട്ടും കാമുകി ചതിച്ചെന്ന് പറഞ്ഞ് യുവാവ് സ്ഥലം വിടുകയായിരുന്നു. തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ച യുവതി ഏറെ നേരം അന്വേഷിച്ച് തന്‍റെ ഫോണ്‍ വൈഫൈയില്‍ കണക്ട് ചെയ്തതിന് കാരണം കണ്ടെത്തി. ഇതേ നഗരത്തില്‍ താന്‍ മുന്‍പ് ജോലി ചെയ്തിരുന്ന ഹോട്ടലിന്‍റെ വൈഫൈയുടെ യൂസര്‍നെയിമും പാസ്‌വേര്‍ഡും സമാനമായിരുന്നു എന്നതായിരുന്നു കാരണം.
ഇത് കാമുകനെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും സമൂഹമാധ്യമങ്ങളിലും ഫോണിലും യുവാവ് അവരെ ബ്ലോക്ക് ചെയ്തിരുന്നു. ഒരു തരത്തിലും കാമുകനെ ബന്ധപ്പെടാന്‍ കഴിയാതെവന്നതോടെ യുവതി നാട്ടിലെ പ്രാദേശിക വാര്‍ത്താ ചാനലിനെ വിവരം അറിയിച്ചു. യുവതിയുടെ വാദം സത്യമാണോ എന്ന് പരീക്ഷിക്കാനായി ചാനലിലെ റിപ്പോര്‍ട്ടര്‍ യുവതി മുന്‍പ് ജോലി ചെയ്തിരുന്ന ഹോട്ടലില്‍ ചെന്ന് അവിടത്തെ വൈഫൈയില്‍ ഫോണ്‍ കണക്ട് ചെയ്തു. തുടര്‍ന്ന് യുവതിയുടെ ഫോണ്‍ കണക്ട് ചെയ്ത് പ്രശ്നമായ ഹോട്ടലിലും ചെന്നു. റിപ്പോര്‍ട്ടറുടെ ഫോണും ഓട്ടോ കണക്ടായി. ഇതോടെ പെണ്‍കുട്ടിയുടെ വാദം സത്യമെന്ന് തെളിഞ്ഞു.
വാര്‍ത്ത പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ സത്യം മനസിലാക്കി കാമുകന്‍ തിരികെവന്നാല്‍ സ്വീകരിക്കുമോ എന്ന് ചോദിച്ചപ്പോള്‍, തന്നെ വിശ്വസിക്കാത്ത ആളുടെ കൂടെ ജീവിക്കാന്‍ താല്‍പര്യമില്ല എന്നായിരുന്നു യുവതിയുടെ മറുപടി.