പ്രതീകാത്മക ചിത്രം
ഇന്ത്യന്‍ മിസൈലുകള്‍ അഫ്ഗാനിസ്ഥില്‍ പതിച്ചെന്ന പാക്കിസ്ഥാന്‍റെ ആരോപണം തള്ളി താലിബാന്‍. ഇത്തരം വാദങ്ങളില്‍ സത്യമില്ലെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്തുള്ള ഖവാരിസ്മി പറഞ്ഞതായി ഹുറിയത്ത് റേഡിയോ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാനെ ലക്ഷ്യമിട്ടുള്ള മിസൈല്‍ ആക്രമണത്തിനൊപ്പം അഫ്ഗാനിസ്ഥാനെയും ഇന്ത്യ ലക്ഷ്യമിടുന്നതായാണ് പാക്ക് സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി ശനിയാഴ്ച ആരോപിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിലെ വ്യോമതാവളങ്ങളില്‍ നടത്തിയ ആക്രമണത്തിന് ശേഷമാണ് ആരോപണവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയത്
പാക്കിസ്ഥാന്‍റെ ആരോപണത്തെ തള്ളി ഇന്ത്യയും രംഗത്തെത്തി. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് സുഹൃത്തുക്കളെയും ശത്രുക്കളെയും നന്നായി അറിയാമെന്നാണ് ഇന്ത്യ പ്രതികരിച്ചത്. പാക്കിസ്ഥാന്‍റേത് തികച്ചും ബാലിശമായ ആരോപണമാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ പലതവണ അഫ്ഗാനിസ്ഥാനിലെ ജനങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയത് ഏത് രാജ്യമാണെന്ന് അഫ്ഗാൻ ജനതയെ ഓർമ്മിപ്പിക്കേണ്ടതില്ല എന്നാണ് വിദേശ കാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞത്.
പാക്കിസ്ഥാന്‍റെ കള്ളപ്രചാരണങ്ങള്‍ ഇന്ത്യ വാര്‍ത്തസമ്മേളനത്തില്‍ തുറന്നുകാട്ടിയിരുന്നു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനമായ എസ് -400, വിവിധ വ്യോമതാവളങ്ങൾ എന്നിവ പാക്കിസ്ഥാൻ നശിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണെന്ന് വിങ് കമാന്‍ഡര്‍ വ്യോമിക സിങ് വ്യക്തമാക്കി. കേടുപാടുകൾ സംഭവിക്കാത്ത ഇന്ത്യൻ വ്യോമതാവളങ്ങളുടെ സമയം സൂചിപ്പിച്ചുകൊണ്ടുള്ള പുതിയ ചിത്രങ്ങള്‍ പ്രദർശിപ്പിച്ചായിരുന്നു ഇന്ത്യന്‍ മറുപടി.
ഇന്ത്യയിലെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യുതി സംവിധാനങ്ങൾ, സൈബർ സംവിധാനങ്ങൾ എന്നിവയുടെ വലിയൊരു വിഭാഗം പാകിസ്ഥാൻ ആക്രമിക്കുന്നുണ്ടെന്ന അവകാശവാദങ്ങളും പൂര്‍ണമായും തെറ്റാണെന്ന് വിക്രം മിശ്രിയും വ്യക്തമാക്കി.