Pakistan’s Defence Minister Khawaja Muhammad Asif | File
മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പാക്കിസ്ഥാന്‍റെ പ്രതിരോധ സേന തന്നെയാണെന്ന് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. പാക് പാര്‍ലമെന്‍റില്‍ സംസാരിക്കവേയാണ് ഖ്വാജ ആസിഫ് ഇത്തരത്തില്‍ സംസാരിച്ചത്. 'മദ്രസകളുടെയും മദ്രസയിലെ വിദ്യാര്‍ഥികളുടെയും കാര്യമെടുത്താല്‍ ഒരു സംശയവും വേണ്ട, അവര്‍ നമ്മുടെ രണ്ടാം നിര പ്രതിരോധമാണ്. അവിടെ പഠിക്കുന്ന യുവാക്കളെ, ആവശ്യം വന്നാല്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുക തന്നെ ചെയ്യും എന്നായിരുന്നു ഖ്വാജയുടെ വാക്കുകള്‍. മദ്രസകളെ മതപഠനത്തിന് മാത്രമായല്ല പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നതെന്ന് ആക്ഷേപം ശക്തമായതിനിടെയാണ് ഖ്വാജ ആസിഫിന്‍റെ വെളിപ്പെടുത്തല്‍.
ഇന്ത്യ–പാക് സംഘര്‍ഷം ശക്തമായതിനിടെ ഇന്ത്യയുടെ വിമാനം വെടിവച്ചിട്ടെന്ന അവകാശവാദവും നേരത്തെ ഖാജ മുഴക്കിയിരുന്നു. എന്നാല്‍ ഇതിന് തെളിവു ചോദിച്ച സിഎന്‍എന്‍ അവതാരകയോട് 'എല്ലാം സമൂഹ മാധ്യമങ്ങളിലുണ്ട്' എന്നായിരുന്നു ഖ്വാജയുടെ മറുപടി. നിങ്ങള്‍ പ്രതിരോധമന്ത്രിയാണ്, അതുകൊണ്ടാണ് ഈ അഭിമുഖം തന്നെ നടക്കുന്നത്. സമൂഹമാധ്യമങ്ങളിലെ കാര്യങ്ങളല്ല സംസാരിക്കേണ്ടതെന്ന് അവതാരകയായ ബെക്കി ആന്‍ഡേഴ്സ് ഉടനടി മറുപടിയും നല്‍കി. ഖ്വാജയുടെ നിരുത്തരവാദപരമായ പ്രസ്താവന അതിവേഗമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. സമൂഹ മാധ്യമങ്ങളിലെ വിഡിയോ മാത്രം തെളിവായി വച്ച് സംസാരിക്കുന്ന പ്രതിരോധമന്ത്രിയാണ് പാക്കിസ്ഥാനുള്ളതെന്ന് ആളുകള്‍ പ്രതികരിക്കുകയും ചെയ്തു. ഖ്വാജയുടേത് അസത്യപ്രചാരണമാണെന്ന് ഇന്ത്യ വ്യക്തമാക്കി. പാക്കിസ്ഥാന്‍റെ വിമാനം ജമ്മുകശ്മീരിലെ പാംപോറില്‍ തകര്‍ന്ന് വീണതായി പ്രാദേശിക മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ വെള്ളം തന്നില്ലെങ്കില്‍ ഇന്ത്യയെ ആക്രമിക്കുമെന്നും വേണ്ടി വന്നാല്‍ ആണവായുധം പ്രയോഗിക്കുമെന്നുമായിരുന്നു ഖ്വാജയുടെ ഭീഷണി. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ, പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരത്താവളങ്ങള്‍ ആക്രമിച്ചിരുന്നു. ഭീകരരുടെ ലോഞ്ച്പാഡുകളാണ് ഒന്‍പതിടങ്ങളിലായി നടത്തിയ ആക്രമണത്തില്‍ ഭീകരരുടെ ലോഞ്ച് പാഡുകള്‍ ഇന്ത്യ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം ശക്തമാക്കിയ പാക്കിസ്ഥാന്‍ സാധാരണക്കാരെയാണ് ലക്ഷ്യമിട്ടത്.