U.S. President Donald Trump takes questions from the media following former U.S. Senator David Perdue's swearing-in ceremony to be the new U.S. ambassador to China, at the White House in Washington, D.C., U.S., May 7, 2025. REUTERS/Leah Millis
പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തിരിച്ചടിച്ചതോടെ പകരത്തിന് പകരമായെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സംഘര്‍ഷം ഇനി അവസാനിപ്പിക്കണമെന്നും വേണമെങ്കില്‍ ഇടപെടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളുമായും തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും നിലവിലെ സംഘര്‍ഷം അവസാനിച്ച് കാണണമെന്ന ആഗ്രഹമാണ് യുഎസിനുള്ളതെന്നും സംഘര്‍ഷം അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വിശദീകരിച്ചു.
ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമാണെങ്കില്‍, താന്‍ സഹായിക്കാന്‍ തയ്യാറാണെന്നും ട്രംപ് ആവര്‍ത്തിച്ചു. പതിറ്റാണ്ടുകളായി നടത്തുന്ന തര്‍ക്കം രമ്യമായി അവസാനിപ്പിക്കുന്നതിനെ കുറിച്ച് ഇന്ത്യയും പാക്കിസ്ഥാനും ആലോചിക്കണമെന്നായിരുന്നു ട്രംപിന്‍റെ ഇന്നലത്തെ പ്രതികരണം. ഓവല്‍ ഓഫിസിലിരിക്കവേയാണ് ഇന്ത്യയുടെ ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് താന്‍ അറിഞ്ഞതെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു. പാക്കിസ്ഥാന് തിരിച്ചടി നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യുഎസ്, റഷ്യ, യുഎഇ എന്നിവരുമായി പങ്കുവച്ചിരുന്നുവെന്ന് ഇന്ത്യയും വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ഭീകരത്താവളങ്ങള്‍ ഇന്ത്യ നശിപ്പിച്ചത്. ഒന്‍പതിടങ്ങളിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ 26 ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ഭീകരന്‍ മസൂദ് അസ്ഹറിന്‍റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ കൊല്ലപ്പെട്ടുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുക്രെയ്ന്‍ അഭ്യര്‍ഥിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയെന്നും യു.കെ ഇന്ത്യയെ പിന്തുണയ്ക്കണമെന്നും എം.പി. പ്രീതി പട്ടേല്‍ പറഞ്ഞു. നിലവിലെ പശ്ചാത്തലത്തില്‍ കശ്മീരിലേക്കും പാക്കിസ്ഥാനിലേക്കും യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് യുക്രെയ്ന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.