Pakistan s Defence Minister Khawaja Muhammad Asif gestures on the day of an interview with Reuters in Islamabad, Pakistan April 28, 2025. REUTERS/Waseem Khan
ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാക്കിസ്ഥാന്‍റെ വ്യാജ അവകാശവാദത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍. റഫാല്‍ ഉള്‍പ്പടെ ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്നായിരുന്നു പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്‍റെ പ്രതികരണം. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് ഈ അവകാശവാദം ഉന്നയിച്ചത്. ഇതോടെ മാധ്യമ പ്രവര്‍ത്തക തെളിവ് ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലുണ്ടല്ലോ എന്നായിരുന്നു ഖ്വാജ ആസിഫിന്‍റെ മറുപടി. Also Read: ഹാമര്‍ ബോംബുകള്‍, ലോയിറ്ററിങ് മ്യൂണിഷന്‍; ഇന്ത്യന്‍ ആവനാഴിയിലെ ആയുധങ്ങള്‍
പാക്കിസ്ഥാന്‍ വെടിവച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ പ്രദേശത്താണ് പതിച്ചതെന്നും ഇന്ത്യയിലെ സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും ഇതിന്‍റെ വാര്‍ത്തയുണ്ടെന്നും ഖ്വാജ അവകാശപ്പെട്ടു. പാക്കിസ്ഥാന്‍ വെടിവച്ചിട്ടതാണെങ്കില്‍ കൃത്യമായ തെളിവ് പുറത്തുവിടൂവെന്ന ആവശ്യം ഉയര്‍ന്നതോടെ പാക്കിസ്ഥാനിലെ സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങളില്ലെന്ന് പറഞ്ഞ് പ്രതിരോധമന്ത്രി തടിതപ്പി. നിരുത്തരവാദപരമായ പ്രസ്താവനയ്ക്കെതിരെ വന്‍ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. പാക് വിമാനമായ എഫ്–16 ഇന്നലെ കശ്മീരിലെ പാംപോറില്‍ തകര്‍ന്ന് വീണിരുന്നു. വൂയനിലെ സ്കൂളിന് സമീപം വിമാനം തകര്‍ന്നുവീണതായി പ്രദേശവാസികളാണ് സൈന്യത്തെ വിവരമറിയിച്ചത്. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് വിമാനത്തെ ഇന്ത്യ വെടിവച്ചിട്ടതാണെന്നത് പോലും പാക് പ്രതിരോധ മന്ത്രിക്ക് അറിയില്ലേ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. Read More: പഹല്‍ഗാം സൂത്രധാരന്‍ സജ്ജാദ് ഗുല്‍ പഠിച്ചത് കേരളത്തില്‍
അതേസമയം, ഓപറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് അതിര്‍ത്തികളില്‍ ഇന്ത്യ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. പാക്കിസ്ഥാനിലെ ലഹോറില്‍ പട്ടാളം പടയൊരുക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് പ്രദേശവാസികളെ സുരക്ഷാസേന മാറ്റിപ്പാര്‍പ്പിക്കുകയാണ്. ഇന്ത്യന്‍ ആക്രമണത്തിന് തിരിച്ചടിക്കുമെന്നും പാക് സൈന്യത്തിന് അധികാരം നല്‍കിയെന്നും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലഹോറിനും ഇസ്ലമാബാദിനും മേലെയുള്ള വ്യോമപാത പാക്കിസ്ഥാന്‍ താല്‍കാലികമായി അടച്ചു. ഒരു യാത്രാവിമാനങ്ങള്‍ക്കും ഈ പ്രദേശത്ത് കൂടെ പറക്കാന്‍ അനുമതി ഇല്ലെന്ന് പാക്കിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യന്‍ തിരിച്ചടിയെ തുടര്‍ന്ന് ബുധനാഴ്ച 48 മണിക്കൂര്‍ പാക്കിസ്ഥാന്‍ വ്യോമഗതാഗതം നിരോധിച്ചിരുന്നു.
ഇന്നലെ പുലര്‍ച്ചെ ഒരു മണിക്ക് ശേഷം ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പതിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. ലഷ്കര്‍,ഹിസ്ബുള്‍, ജയ്ഷെ ഭീകരത്താവളങ്ങള്‍ തിരഞ്ഞുപിടിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയത്. പൂര്‍ണമായും നിയന്ത്രിതവും കൃത്യവുമായ ആക്രമണം ഇന്ത്യന്‍ മണ്ണില്‍ നിന്നാണ് നടത്തിയതെന്നും സാധാരണക്കാരെയോ പാക് സൈനിക കേന്ദ്രങ്ങളെയോ ലക്ഷ്യമിട്ടിരുന്നില്ലെന്നും ഇന്ത്യ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ ആക്രമണത്തില്‍ 31 പൗരന്‍മാര്‍ കൊല്ലപ്പെട്ടുവെന്നും യുദ്ധസമാനമായ സാഹചര്യമാണ് ഇന്ത്യ സൃഷ്ടിച്ചതെന്നുമാണ് പാക്കിസ്ഥാന്‍റെ വാദം. തിരിച്ചടി നല്‍കുമെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പഹല്‍ഗാമിന് ആനുപാതികമായ മറുപടിയാണ് ഇന്ത്യ നല്‍കിയതെന്നും യുദ്ധത്തിലേക്ക് നയിക്കുന്നതൊന്നും ചെയ്തിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി തിരിച്ചടിച്ചു. സ്ഥിതി വഷളാക്കാന്‍ ഇന്ത്യയ്ക്ക് താല്‍പര്യമില്ലെന്നും എന്നാല്‍ പാക്കിസ്ഥാന്‍ സാഹസത്തിന് മുതിര്‍ന്നാല്‍ ഇന്ത്യയും തയ്യാറാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 15 സാധാരണക്കാരും ഒരു ജവാനും കൊലപ്പെട്ടിരുന്നു.