ലഹോറില്‍ പാക്കിസ്ഥാന്‍ കരസേന പടയൊരുക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. പഞ്ചാബ് അതിര്‍ത്തിക്ക് സമീപം പാക് വിമാനങ്ങള്‍ പറന്നു. അതിർത്തി ഗ്രാമങ്ങളെ ലക്ഷ്യമിട്ട് തിരിച്ചടിക്ക് ഒരുങ്ങുകയാണ് പാക്കിസ്ഥാൻ. ഉറി, പൂഞ്ച്, രജൗരി മേഖലകളിൽ കനത്ത ഷെല്ലാക്രമണം നടത്തി. ഒരു സൈനികനും 15 നാട്ടുകാരും കൊല്ലപ്പെട്ടു. പാക് ഷെല്ലാക്രമണത്തിൽ ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്. രണ്ട് സിആർപിഎഫ് ജവാന്മാർ അടക്കം 43 പേർക്ക് പരുക്കേറ്റു. പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുന്നത് തുടരുകയാണ്.
പഞ്ചാബിലെ അമൃത്സറില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. വീട്ടില്‍തന്നെ തുടരണമെന്നും നിര്‍ദേശമുണ്ട്. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
അതിർത്തികളിലെ ആശുപത്രികൾക്ക് സജ്ജമായിരിക്കാൻ നിർദേശം നൽകി. മരുന്നുകളുടെയും അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കാൻ കേന്ദ്രസർക്കാർ അതിർത്തി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിരപരാധികൾക്ക് നേരെ പാക്കിസ്ഥാൻ ആക്രമണം തുടർന്നാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പാക്ക് അതിർത്തിയിലെ സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിച്ചു കേന്ദ്രസർക്കാർ. ഓപ്പറേഷൻ സിന്ദൂറിന്റെ പുതിയ ദൃശ്യങ്ങൾ കരസേന പങ്കുവയ്ക്കുന്നത് തുടരുകയാണ്. ബഹാവല്‍പുരിലെ ഭീകരകേന്ദ്രം തകര്‍ത്തതിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പാക് ഭീകരർ ഇനിയും ഇന്ത്യയെ ലക്ഷ്യമിട്ടാൽ ശക്തമായ തിരിച്ചടിയുണ്ടാകും എന്ന സന്ദേശം ലോകത്തോട് വിളിച്ചു പറയുകയാണ് ഈ ദൃശ്യങ്ങൾ. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയും ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവിധ ദൃശ്യങ്ങൾ ഇന്ത്യ പ്രചരിപ്പിക്കുന്നുണ്ട്. അതിനിടെ, ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ–പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ സംസാരിച്ചെന്ന് തുര്‍ക്കി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 31 പേരെന്ന് പാക്ക് സൈന്യം. കാര്യമായ നാശനഷ്ടം ഇല്ലെന്ന് പ്രധാനമന്ത്രിയടക്കം പറയുമ്പോഴാണ് പാക്ക് സൈനിക വക്താവ് 31 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. 46 പേർക്ക് പരുക്കേറ്റു. 600ലേറെ ഭീകരരുള്ള ഒൻപത് ക്യാംപുകൾ ആക്രമിച്ചുവെന്നാണ് അനൗദ്യോഗിക വിവരം. അതിനിടെ, തിരിച്ചടിക്കുമെന്ന് ആവർത്തിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടാമതും രാജ്യത്തെ അഭിസംബോധന ചെയ്താണ് ഇന്ത്യക്കെതിരെ പ്രതികാരം ചെയ്യുമെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രഖ്യാപിച്ചത്.