ലഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനമെന്ന് പാക് മാധ്യമങ്ങള്‍. ഇന്ത്യയുടെ ഡ്രോണ്‍ വെടിവച്ചിട്ടെന്ന അവകാശവാദവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തി. കറാച്ചി, ലഹോര്‍, സിയാല്‍കോട്ട് വിമാനത്താവളങ്ങള്‍ അടച്ചു. പാക്കിസ്ഥാനിലെ ലഹോറില്‍ രാവിലെ മൂന്ന് സ്ഫോടനങ്ങള്‍ നടന്നെന്ന് റിപ്പോര്‍ട്ട്. വിമാനത്താവളത്തിന് സമീപമുള്ള വാള്‍ട്ടണ്‍ എയര്‍ഫീല്‍ഡിലായിരുന്നു സ്ഫോടനം. നാവികസേന കോളജില്‍നിന്ന് പുക ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ഡ്രോണ്‍ ആക്രമണമാണെന്നും ഡ്രോണ്‍ വെടിവച്ചിട്ടെന്നും പാക് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഇതിനിടെ ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് അല്‍ ഖായിദ രംഗത്തെത്തി.
അതേസമയം, നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത് 13 പേരാണ്. . പൂഞ്ചില്‍ മാത്രം 44 പേര്‍ക്ക് പരുക്കേറ്റു. ആകെ 59 പേര്‍ക്ക് പരുക്കേറ്റു. ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ലാന്‍സ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്. പത്തുജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്. കനത്ത ജാഗ്രതയിലാണ് സൈന്യവും സര്‍ക്കാരും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ സാഹചര്യങ്ങള്‍ ധരിപ്പിച്ചു. സ്തിതിഗതികള്‍ പ്രതിപക്ഷത്തോട് വിശദീകരിക്കുന്ന സര്‍വകക്ഷിയോഗം ഡല്‍ഹിയില്‍ ചേരുകയാണ്. പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയും യോഗത്തില്‍ പങ്കെടുക്കുന്നു. രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു. 430 വിമാന സര്‍വീസുകള്‍ റദ്ദാക്കി. പഞ്ചാബിലും കനത്ത ജാഗ്രത തുടരുകയാണ്. അമൃത്സറടക്കം വിമാനത്താവളങ്ങളും ആറ് അതിര്‍ത്തി ജില്ലകളിലെ സ്കൂളുകളും അടച്ചു.
ഉറിയില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ഇവിടെ കൂടുതല്‍ അഗ്നിരക്ഷാ ട്രക്കുകള്‍ വിന്യസിച്ചു. പഞ്ചാബിലെ ഫിറോസ്പുര്‍ ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളെയും മാറ്റിത്തുടങ്ങി. മുന്നൊരുക്കം പാക് ഷെല്ലാക്രമണത്തില്‍ തീപിടിത്ത സാധ്യത കണക്കിലെടുത്താണ്. രാജസ്ഥാനിലെ ജോധ്പുര്‍ ജില്ലയില്‍ വിദ്യാലയങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. ജമ്മുകശ്മീരിലെ പത്ത് ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദേശവുമുണ്ട്.