വിദേശ സിനിമകള്‍ക്ക് 100 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. യുഎസിലെ സിനിമാ വ്യവസായം അതിവേഗം നശിച്ചുകൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്‍റെ പുതിയ തീരുവ പ്രഖ്യാനം. ‘നമ്മുടെ ചലച്ചിത്ര നിർമ്മാതാക്കളെയും സ്റ്റുഡിയോകളെയും അമേരിക്കയിൽ നിന്ന് അകറ്റാൻ മറ്റ് രാജ്യങ്ങൾ എല്ലാ തരത്തിലുള്ള സഹായവും പ്രോല്‍സാഹനവും നല്‍കുന്നുണ്ട്. ഹോളിവുഡും യുഎസ്സിലെ മറ്റ് പല മേഖലകളും തകർന്നുകൊണ്ടിരിക്കുകയാണ്. ഇത് മറ്റ് രാജ്യങ്ങളുടെ സംഘടിത ശ്രമമാണ്, അതിനാൽ ഇതിനെ ദേശീയ സുരക്ഷാ ഭീഷണിയായാണ് കണക്കാക്കുന്നതെന്നും ട്രംപ് തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
വിദേശ രാജ്യങ്ങളിൽ നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും 100% തീരുവ ഏർപ്പെടുത്തുന്നതിനുള്ള പ്രക്രിയകള്‍ ഉടൻ ആരംഭിക്കാൻ വാണിജ്യ വകുപ്പിനെയും യുണൈറ്റഡ് സ്റ്റേറ്റ്സ് വ്യാപാര പ്രതിനിധിയെയും അധികാരപ്പെടുത്തുന്നതായും ട്രംപ് പറയുന്നു. വീണ്ടും അമേരിക്കയിൽ സിനിമകൾ നിർമ്മിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നതായും ട്രംപ് പറയുന്നു. അതേസമയം വിദേശത്ത് സിനിമകൾ നിർമ്മിക്കുന്ന അമേരിക്കൻ നിർമ്മാണ കമ്പനികളെയാണോ അതോ വിദേശ സിനിമാ കമ്പനികളെയാണോ ട്രംപിന്‍റെ പ്രഖ്യാപനം ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല.
തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്ക് പുറമേ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകൾക്കും താരിഫ് ബാധകമാകുമോ എന്നും വ്യക്തമായിട്ടില്ല. നിർമ്മാണച്ചെലവ് അല്ലെങ്കിൽ ബോക്സ് ഓഫീസ് വരുമാനം എന്നിവ അടിസ്ഥാനമാക്കിയാണോ താരിഫ് കണക്കാക്കുന്നത് എന്നിവും വ്യക്തതയില്ല. എങ്കിലും ചൈന തങ്ങളുടെ രാജ്യത്ത് പ്രദര്‍ശിപ്പിക്കുന്ന യുഎസ് സിനിമകളുടെ എണ്ണം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ട്രംപിന്റെ പുതിയ നീക്കം. പുതിയ തീരുമാനം എങ്ങനെ നടപാക്കുമെന്ന വിശദാംശങ്ങളും ട്രംപ് പുറത്തുവിട്ടിട്ടില്ല.