.
പാക്കിസ്ഥാനെതിരായ നയതന്ത്ര നടപടികള്‍ ശക്തമാക്കി ഇന്ത്യ. ചെനാബ് നദിയിലൂടെ ഒഴുക്കുന്ന വെള്ളംകുറച്ചു. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടക്കം കൂടുതല്‍ പേരുടെ എക്സ് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സാഹചര്യം ചര്‍ച്ചചെയ്യാന്‍ പാക്കിസ്ഥാന്‍ അടിയന്തര ദേശീയ അസംബ്ലി വിളിച്ചു.
ചെനാബ് നദിയിലൂടെ പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് ഇന്ത്യ കുറച്ചു. ബഗ്‌ലിഹാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ താഴ്ത്തിയാണ് ജലമൊഴുക്ക് കുറച്ചത്. ഹ്രസ്വകാലത്തേക്കാണ് നടപടിയെന്ന് സര്‍ക്കാര്‍ പറയുന്നു. ഝലം നദിയിലെ കിഷന്‍ഗഞ്ച് ഡാമിന്‍റെ ഷട്ടറുകളും വൈകാതെ താഴ്ത്തുമെന്നാണ് അറിയുന്നത്. പാക് പഞ്ചാബിലെ കാര്‍ഷികമേഖലയെ തീരുമാനം കാര്യമായി ബാധിക്കും. ഇന്ത്യ വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് തുടരുകയാണ്.
മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെയും മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെയും പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അതേസമയം ഇന്ത്യന്‍ പതാകയുള്ള കപ്പലുകളെ പാക്കിസ്ഥാന്‍ തുറമുഖങ്ങളില്‍ വിലക്കി. പാക് കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് പോകരുതെന്നും നിര്‍ദേശംനല്‍കി. ഇന്നലെ പാക് കപ്പലുകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യം ചര്‍ച്ചചെയ്യാന്‍ പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി അടിയന്തരമായി വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. നാളെ വൈകിട്ട് അഞ്ചിനാണ് ദേശീയ അസംബ്ലി ചേരുക.