അമ്പതു വർഷത്തിലധികം പ്രവർത്തിച്ച പഞ്ചായത്തിൽ തോറ്റതിന്റെ പ്രഹരത്തിലാണ് പാലക്കാട് പെരുങ്ങോട്ടുകുറിശിയിലെ മുൻ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥ്. രാഷ്ട്രീയ ജീവിതം തന്നെ പ്രതിസന്ധിയിലായെങ്കിലും, പിണറായിക്കും സി.പി.എമ്മിനുമൊപ്പം അടിയുറച്ച് നിൽക്കുമെന്നാണ് ഗോപിനാഥ് പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടാണ് ഗോപിനാഥ് തന്റെ കോൺഗ്രസ് ജീവിതം അവസാനിപ്പിച്ച് ചുവടുമാറ്റിയത്. ഗോപിനാഥിനെ കാണാൻ പിണറായി പലതവണ ജില്ലയിലെത്തി. ഐ.ഡി.എഫ് എന്ന പാർട്ടി രൂപീകരിച്ചു ഇത്തവണ മൽസരിച്ചെങ്കിലും തോറ്റു പോയത് കനത്ത തിരിച്ചടിയായി. പ്രാദേശിക സി.പി.എം നേതാക്കൾ ഒപ്പം നിന്ന് പണിതെന്നെന്ന കടുത്ത അമർഷം ഉണ്ടെങ്കിലും അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് വരേയെങ്കിലും ഇടതിനൊപ്പം നിൽക്കാനാണ് ഗോപിനാഥിന്റെ തീരുമാനം.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും നേട്ടമായി കോൺഗ്രസ് നേതാക്കൾ കാണുന്നത് ഗോപിനാഥിന്റെ തോൽവിയാണ്. തുടർന്നങ്ങോട്ടും ഗോപിനാഥിനെ പൂർണമായി അകറ്റിനിർത്താനാകും കോൺഗ്രസിന്റെ നീക്കം. ഇടതല്ലാതെ ഇടമില്ലെന്നുറപ്പിച്ചതോടെ കാര്യം ഗൗരവമായി ചർച്ച ചെയ്ത് പരിഹരിക്കാനാണ് ശ്രമം. എങ്ങനെ മുന്നോട്ട് പോകണമെന്ന് ഗോപിനാഥിന്റെ ഐ.ഡി.എഫ് യോഗം ചേർന്ന് തീരുമാനിക്കുമെന്നാണ് അറിയിച്ചത്. പെരിങ്ങോട്ടുകുറിശിയിലെ പ്രതിസന്ധിയിൽ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് സംസാരിക്കുന്നുണ്ട്.