Victoria Roshchyna (Photo by Anatolii STEPANOV / AFP)

റഷ്യൻ തടങ്കലില്‍ മരണപ്പെട്ട യുക്രേനിയന്‍ മാധ്യമ പ്രവര്‍ത്തക വിക്ടോറിയ റോഷ്ചിനയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. മരിക്കുന്നതിന് മുന്‍പ് റോഷ്ചിന ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി വൈദ്യുതാഘാതമേല്‍പ്പിച്ചതിന്‍റെയും മര്‍ദനത്തിന്‍റെയും പാടുകളും മുറിവുകളും ചതവുകളും മൃതദേഹത്തിലുണ്ട്. ആന്തരാവയവങ്ങൾ നീക്കംചെയ്ത നിലയിലായിരുന്നുവെന്ന് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2023 ഓഗസ്റ്റിലാണ് മാധ്യമ പ്രവര്‍ത്തക വിക്ടോറിയ റോഷ്ചിനയെ റഷ്യ ത‍ടവിലാക്കുന്നത്. 2024 സെപ്തംബറിൽ അവര്‍ ജയിലില്‍ വച്ച് മരിച്ചു.

ഫെബ്രുവരിയിൽ യുക്രെയ്ന്‍–റഷ്യ യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് റഷ്യന്‍ നിയന്ത്രിത മേഖലയില്‍ വച്ച് റോഷ്ചിനയെ കാണാതായത്. മാസങ്ങള്‍ക്കുശേഷം റഷ്യൻ തടവിൽ മരിച്ച റോഷ്ചിനയുടെ മൃതദേഹം പിന്നീട് യുക്രെയ്‌നും റഷ്യയും തമ്മില്‍ മൃതദേഹങ്ങള്‍ കൈമാറ്റം ചെയ്യുന്ന നടപടിയുടെ ഭാഗമായാണ് തിരികെ യുക്രെയ്നിലെത്തിച്ചത്. ഫൊറൻസിക് പരിശോധനയിൽ വിക്ടോറിയ ക്രൂര പീഡനത്തിന് ഇരയായതായി കണ്ടെത്തി. പലതവണ രക്തസ്രാവമുണ്ടായതിന്‍റെയും വാരിയെല്ല് ഒടിഞ്ഞതിന്റെയും വൈദ്യുതാഘാതം ഏല്‍പ്പിച്ചതിന്റെയും തെളിവുകള്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്. പരിക്കുകള്‍ അവര്‍ക്ക് ജീവനുള്ളപ്പോള്‍ത്തന്നെ ഉണ്ടായതാണെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്. തടവിലാക്കപ്പെട്ട യുക്രെയ്ന്‍കാരെ റഷ്യ വൈദ്യുതാഘാതമേല്‍പ്പിച്ചിരുന്നതായി മുന്‍പും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

‘അജ്ഞാത പുരുഷൻ’ എന്ന ലേബലിലാണ് റോഷ്ചിനയുടെ മൃതദേഹം റഷ്യ യുക്രെയ്ന് കൈമാറുന്നത്. പിന്നീട് ഡിഎന്‍എ പരിശോധയിലാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹത്തില്‍ നിന്ന് തലച്ചോറ്, കണ്ണുകൾ, ശ്വാസനാളത്തിന്‍റെ ഒരു ഭാഗം എന്നിവ നീക്കം ചെയ്ത നിലയിലായിരുന്നു. മരണകാരണം കണ്ടുപിടിക്കാതിരിക്കാനുള്ള റഷ്യയുടെ ശ്രമമാണിതെന്ന് യുക്രെയ്ന്‍ ആരോപിക്കുന്നു. മൃതദേഹത്തിന്‍റെ അവസ്ഥ മരണകാരണം നിർണ്ണയിക്കുന്നത് അസാധ്യമാക്കി. എന്നാല്‍ അന്വേഷണം തുടരുകയാണെന്ന് യുക്രേനിയൻ പ്രോസിക്യൂട്ടർ ജനറൽ ഓഫീസിലെ യുദ്ധക്കുറ്റ വകുപ്പിന്‍റെ തലവന്‍ യൂറി ബെലോസോവ് പറഞ്ഞു. യുക്രെയ്നിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമുമ്പ് റഷ്യയിൽ പോസ്റ്റ്‌മോർട്ടം നടത്തിയതിന്‍റെ ലക്ഷണങ്ങളും മൃതദേഹത്തിലുണ്ട്. ശ്വാസനാളം നീക്കം ചെയ്തതത് ശ്വാസംമുട്ടലിന്‍റെ തെളിവുകൾ ഇല്ലാതാക്കാനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. എന്നാല്‍ കഴുത്തിലെ ചതവും ഹയോയിഡ് അസ്ഥിയുടെ ഒടിവും ശ്വാസംമുട്ടിച്ചതിന്‍റെ ശക്തമായ സൂചനകളാണ്.

യുക്രേനിയൻ മാധ്യമമായ ഹ്രോമാഡ്‌സ്‌കെയുടെ മുൻ എഡിറ്ററാണ് റോഷ്‌ചിന. ജോലിയേക്കാള്‍ വലുതായി റോഷ്ചിനയ്ക്ക് ഒന്നുമില്ലായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞത്. കാണാതായി ഒന്‍പത് മാസം റോഷ്ചിനയെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. പിന്നീടാണ് റഷ്യയില്‍ തടവിലാണെന്ന് വിവരം ലഭിക്കുന്നത്. ആയിരക്കണക്കിന് യുക്രേനിയൻ സിവിലിയന്മാര്‍ക്കൊപ്പം റഷ്യ റോഷ്‌ചിനയെ റഷ്യയിലെത്തിക്കുകയായിരുന്നു. കുറ്റം ചുമത്തുകയോ വിചാരണ നടത്തുകയോ ചെയ്യാതെ തടവിലാക്കി. 2024 ഒക്ടോബറില്‍ 27 വയസ്സുള്ള റോഷ്ചിന മരിച്ചു. ഒരു മാസത്തിന് ശേഷം റഷ്യയിൽ നിന്ന് അറിയിപ്പ് ലഭിക്കുമ്പോളാണ് കുടുംബം വിവരം അറിയുന്നത്. തെക്കൻ റഷ്യൻ നഗരമായ ടാഗൻറോഗിലെ ജയിലില്‍ നിന്ന് മോസ്കോയിലേക്ക് മാറ്റുന്നതിനിടെ റോഷ്ചിന മരിച്ചുവെന്ന് ‘യുക്രേനിയൻ കോർഡിനേഷൻ സെന്റർ ഫോർ ദ് ട്രീറ്റ്മെന്റ് ഓഫ് വാർ’ വക്താവ് പെട്രോ യാറ്റ്സെങ്കോ ഒക്ടോബറിൽ സ്ഥിരീകരിച്ചു. 

തടവുകാരോടുള്ള ക്രൂരമായ പെരുമാറ്റത്തിന് കുപ്രസിദ്ധിയാര്‍ജിച്ചതാണ് ടാഗൻറോഗിലെ തടങ്കൽ കേന്ദ്രം. ശാരീരികവും മാനസികവുമായ പീഡനവും പട്ടിണിക്കിടലുമെല്ലാമായി അടിസ്ഥാന അവകാശങ്ങള്‍ പോലും ഇവിടെ നിഷേധിക്കപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ഭൂമിയിലെ നരകമെന്നാണ്  ടാഗൻറോഗിലെ തടങ്കൽ കേന്ദ്രത്തെ വിശേഷിപ്പിക്കുന്നത്. നിയമപരമായിപ്പോലും ആര്‍ക്കും ഇവിടെ പ്രവേശിക്കാന്‍ സാധിച്ചില്ലെന്നും പൂർണ്ണമായും ഒറ്റപ്പെട്ട സ്ഥലമാണിതെന്നും യുക്രെയ്ന്‍ മാധ്യമങ്ങള്‍ പറയുന്നു. റെഡ് ക്രോസ്, യുഎൻ ഉൾപ്പെടെയുള്ള പ്രതിനിധികൾക്കോ രാജ്യാന്തര സംഘടനകള്‍ക്കോ ഇവിടേക്ക് പ്രവേശനമില്ലെന്നും സ്വതന്ത്ര മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ENGLISH SUMMARY:

Disturbing revelations have surfaced about the death of Ukrainian journalist Viktoria Roshchyna, who died in Russian custody. Reports indicate she was subjected to brutal torture, including repeated electric shocks and beatings. Her body bore multiple wounds, bruises, and fractures. International media, including CNN, reported that her internal organs had been removed.