എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ–പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യൻ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തിവച്ച് പാകിസ്ഥാൻ എഫ്എം റേഡിയോ സ്റ്റേഷനുകൾ. പാകിസ്ഥാൻ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷൻ ആണ് തീരുമാനമെടുത്തത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഐക്യത്തിന്‍റെ ശക്തമായ സന്ദേശമാണിതെന്ന് പാകിസ്ഥാൻ വാർത്താവിതരണ മന്ത്രി അത്താവുള്ള തരാര്‍ പറഞ്ഞു. ‘ദേശസ്നേഹപരമായ പ്രവൃത്തി’ എന്നാണ് പിബിഎ നീക്കത്തെ മന്ത്രി വിശേഷിപ്പിച്ചത്.
ലതാ മങ്കേഷ്കർ, മുഹമ്മദ് റാഫി, കിഷോർ കുമാർ, മുകേഷ് തുടങ്ങിയവരുടെ ഗാനങ്ങള്‍ പാകിസ്ഥാനിലെ പ്രാദേശിക എഫ്എം റേഡിയോ സ്റ്റേഷനുകള്‍ ദിവസവും പ്രക്ഷേപണം ചെയ്യാറുണ്ട്. ഇന്ത്യന്‍ ഗാനങ്ങള്‍ക്കും ഗായകര്‍ക്കും വലിയ ആരാധകവൃന്ദവും പാകിസ്ഥാനിലുണ്ട്. പാകിസ്ഥാനില്‍ നിന്നുള്ള യൂട്യൂബ് ചാനലുകൾ ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ പാട്ടുകളുടെ റേഡിയോ പ്രക്ഷേപണം പാകിസ്ഥാന്‍ നിര്‍ത്തിയത്. ഡോണ്‍ ന്യൂസ്, സമ ടിവി, എആർവൈ ന്യൂസ്, ജിയോ ന്യൂസ് തുടങ്ങിയ പ്രധാന മാധ്യമങ്ങളുടേതടക്കം പതിനാറ് യൂട്യൂബ് ചാനലുകളാണ് ഇന്ത്യയിൽ നിരോധിച്ചത്.
അതേസമയം, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ തെക്കന്‍ കശ്മീരിലെ മലനിരകളില്‍ ഒളിച്ചിരിക്കുന്നുവെന്ന വ്യക്തമായ വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ തുടരുകയാണ് സൈന്യം. ഇന്നലെ ബൈസരണ്‍ വാലിയില്‍ എത്തിയ എന്‍.ഐ.എ മേധാവി പഹല്‍ഗാമില്‍ തുടരുകയാണ്. ഉന്നതതല യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. ഗുജറാത്ത് തീരത്തെ നാവിക പരിശീലനവും തുടരുകയാണ്. റഫാല്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ അണിനിരത്തി വ്യോമാഭ്യാസവും നടത്തും.
ഇന്ത്യ തിരിച്ചടിക്കുമെന്ന ഭീതിയില്‍ പാക്കിസ്ഥാനും ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിര്‍ത്തിയില്‍ കൂടുതല്‍ സേനാവിന്യാസം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. അതിനിടെ സ്വന്തം പൗരന്‍മാര്‍ക്കായി അട്ടാരി അതിര്‍ത്തി പാക്കിസ്ഥാന്‍ തുറന്നുകൊടുത്തു. ഇന്ത്യ തിരിച്ച പൗരന്‍മാരെ സ്വീകരിക്കാന്‍ ഇന്നലെ പാക്കിസ്ഥാന്‍ തയാറായിരുന്നില്ല. ഇതോടെ സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് അതിര്‍ത്തി തുറന്നത്.