മേജർ ജനറൽ (റിട്ട.) എ.എൽ.എം. ഫസ്ലുർ റഹ്മാനും മുഹമ്മദ് യുനസും. Image Credit: X/@ChiefAdviserGoB
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ വടക്ക്–കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശ് അധിനിവേശം നടത്തണമെന്ന് ഇടക്കാല സര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മേജർ ജനറൽ (റിട്ട.) എ.എൽ.എം. ഫസ്ലുർ റഹ്മാൻ. ഇതിനായി ചൈനയുടെ സഹായം കൂടി ആവശ്യപ്പെടണമെന്നാണ് ഇയാള്‍ ഫെയസ്ബുക്കില്‍ എഴുതിയത്. ബംഗ്ലാദേശ് റൈഫില്‍സ് (ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ്) മുന്‍ തലവനും നിലവിലെ സര്‍ക്കാറിനെ നയിക്കുന്ന മുഹമ്മദ് യുനസിന്‍റെ അടുപ്പക്കാരനാണ് ഇയാള്‍.
'ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളും ബംഗാദേശ് കൈവശപ്പെടുത്തണം. ഇക്കാര്യത്തിൽ, ചൈനയുമായുള്ള സംയുക്ത സൈനിക സംവിധാനത്തെക്കുറിച്ച് ഒരു ചർച്ച ആരംഭിക്കേണ്ടത് ആവശ്യമാണെന്ന് ഞാൻ കരുതുന്നു' എന്നാണ് റഹ്മാന്‍റെ പോസ്റ്റ്. 2009-ലെ ബംഗ്ലാദേശ് റൈഫിൾസിന്റെ പിൽഖാന ആസ്ഥാനത്ത് നടന്ന കലാപവും കൂട്ടക്കൊലയും പുനരന്വേഷിക്കുന്നതിനായി ഏഴ് അംഗ സ്വതന്ത്ര കമ്മീഷന്റെ തലവനാണ് നിലവില്‍ റഹ്മാന്‍. കഴിഞ്ഞ വർഷമാണ് ഇടക്കാല സർക്കാർ റഹ്മാനെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. പോസ്റ്റിന് കമ്മീഷന്‍ അംഗമായ ഷാനവാസ് ഖാൻ ചന്ദൻ ലൈക്കടിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്കെതിരെ സൈനിക നടപടി വേണമെന്ന റഹ്മാന്‍റെ വിവാദ പരാമര്‍ശത്തില്‍ നിന്നും ബംഗ്ലാദേശ് അധികാരികള്‍ അകലംപാലിച്ചു. ഫസ്ലുർ റഹ്മാൻ നടത്തിയ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്ന് ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവിന്റെ ഓഫീസിലെ പ്രസ് സെക്രട്ടറി ഷഫീഖുൽ ആലം പറഞ്ഞു. മുഹമ്മദ് യൂനസിന്‍റെ ചൈനീസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് റഹ്മാന്‍റെ വിവാദ പരാമര്‍ശം വരുന്നത്.