എഐ നിര്‍മിത പ്രതീകാത്മക ചിത്രം
ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിക്കാലം പെട്ടെന്ന് മറക്കാന്‍ കഴിയില്ല. ലോകം സമ്പൂര്‍ണ ലോക്ഡൗണിലേക്ക് നീങ്ങിയ കാലം. കോവിഡിന്‍റെ ഉത്ഭവം സംബന്ധിച്ചുള്ള ചര്‍ച്ചകളും ഗവേഷണങ്ങളും ഇന്നും തുടരുകയാണ്. ആദ്യം എല്ലാവരും വിരല്‍ ചൂണ്ടിയത് ചൈനയിലേക്കായിരുന്നു. ഇപ്പോഴിതാ ആ കഥയില്‍ വന്‍ ട്വിസ്റ്റ്. കോവിഡിന്‍റെ ഉല്‍ഭവം ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണെന്ന് യുഎസ് ഔദ്യോഗിക വെബ്സൈറ്റില്‍ ചേര്‍ത്തതിന് പിന്നാലെ, കോവിഡ് ഉല്‍ഭവിച്ചത് യുഎസിലാണെന്ന് ആരോപിക്കുക മാത്രമല്ല, തെളിവുണ്ടെന്നുമാണ് ചൈനയുടെ വാദിക്കുന്നത്. ഇതോടെ വിഷയത്തിന് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ് ചൈന.
കോവിഡ് -19 അമേരിക്കയിൽ ഉണ്ടായതാണെന്നാണ് ചൈനയുടെ വാദം. കോവിഡ് -19 ന്റെ ഉറവിടത്തെക്കുറിച്ചുള്ള ചര്‍ച്ച അമേരിക്ക രാഷ്ട്രീയവൽക്കരിക്കുകയാണെന്നും ചൈന പറയുന്നു. ചൈനയില്‍ കോവിഡ് സ്ഥിരീകരിക്കുന്നതിന് മുന്‍പ് അമേരിക്കയിൽ കോവിഡ്-19 ഉണ്ടായതായി ചൈന പറയുന്നു. ഇതിന് തെളിവുണ്ടെന്നാണ് ചൈനയുടെ വാദം. കോവിഡിനെക്കുറിച്ചുള്ള പ്രസക്ത വിവരങ്ങള്‍ തങ്ങള്‍ ലോകാരോഗ്യ സംഘടനയുമായും രാജ്യാന്തര സമൂഹവുമായും യഥാസമയം പങ്കിട്ടിരുന്നു എന്നാണ് ചൈന അവകാശപ്പെടുന്നത്. കോവിഡിന്‍റെ ഉല്‍ഭവം ലാബില്‍ നിന്നുള്ള ചോർച്ചമൂലമാകാന്‍ സാധ്യതയില്ല എന്ന് ലോകാരോഗ്യ സംഘടനയും ചൈനയും നടത്തിയ സംയുക്ത പഠനത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യവും പ്രസ്താവനയില്‍ ഉദ്ധരിക്കുന്നുണ്ട്.
അമേരിക്ക ‘ബധിരനും മൂകനുമായി അഭിനയിക്കുന്നത്’ തുടരരുതെന്നും രാജ്യാന്തരസമൂഹത്തിന്റെ ആശങ്കകൾക്ക് മറുപടി നൽകണമെന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡിന്‍റെ ഉല്‍ഭവം കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളുടെ അടുത്ത ഘട്ടം യുഎസിൽ കേന്ദ്രീകരിക്കണമെന്നും ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞതായി ‘സിൻഹുവ’ റിപ്പോർട്ട് ചെയ്യുന്നു. യുഎസിലെ ആദ്യകാല കോവിഡ് കേസുകൾ അന്വേഷിക്കാനും രാജ്യാന്തര സമൂഹത്തോട് ചൈന ആവശ്യപ്പെടുന്നു.
കോവിഡിന് കാരണം ചൈനയിലെ ലാബ് ചോര്‍ച്ചയാണെന്നാണ് ഏപ്രിൽ 18 ന് വൈറ്റ് ഹൗസ് ആരംഭിച്ച കോവിഡ് -19 വെബ്‌സൈറ്റില്‍ പറയുന്നത്. മെഡിക്കൽ ഉപകരണങ്ങൾ പൂഴ്ത്തിവെച്ചതിനും പകർച്ചവ്യാധി മറച്ചുവെച്ചതിനും ചൈനയ്‌ക്കെതിരെ 24 ബില്യൺ ഡോളർ നഷ്ടപരിഹാരം ചുമത്തിക്കൊണ്ടുള്ള മിസോറി കേസും വെബ്സൈറ്റ് ഉദ്ധരിക്കുന്നുണ്ട്. ചൈനയ്ക്ക് മാത്രമല്ല മുൻ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ, മുൻ യുഎസ് ആരോഗ്യ ഉദ്യോഗസ്ഥൻ ആന്റണി ഫൗസി, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എന്നിവരെയും വെബ്സൈറ്റില്‍ വിമർശിക്കുന്നു.