Image: x.com/AdityaRajKaul
ഇന്ത്യന്‍ തിരിച്ചടിയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കനക്കുന്നതിനിടെ ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവി ലഫ്റ്റനന്‍റ് ജനറല്‍ മുഹമ്മദ് അസിം മാലികിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച് പാക്കിസ്ഥാന്‍. 2022 മുതല്‍ ഒഴിഞ്ഞു കിടന്ന പദവിയിലാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍റെ തിടുക്കപ്പെട്ടുള്ള നീക്കം. 2024 ഒക്ടോബറിലാണ് ഐഎസ്ഐയുടെ ഡയറക്ടര്‍ ജനറലായി മാലിക് നിയമിക്കപ്പെട്ടത്. മാലികിന് പുതിയ ചുമതല നല്‍കിക്കൊണ്ടുള്ള ഉത്തരവ് കാബിനറ്റ് ഡിവിഷന്‍ ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. Also Read: ലഷ്കര്‍ തലവന്‍ ഹാഫിസ് സയീദിന് സുരക്ഷ കൂട്ടി പാക്കിസ്ഥാന്‍
പാക്കിസ്ഥാന്‍റെ പത്താമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് മാലിക്. ഇതാദ്യമായാണ് ഐഎസ്ഐ മേധാവിക്ക് തന്ത്രപ്രധാനവും നിര്‍ണായകവുമായ പദവി കൊടുക്കുന്നത്. ഇമ്രാന്‍ ഖാന്‍റെ തെഹ്രിക് ഇ ഇന്‍സാഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഡോക്ടര്‍ മൊയീ യൂസഫ് ആയിരുന്നു അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്.
പഞ്ചാബി അവാന്‍ കുടുബത്തില്‍ ജനിച്ച മുഹമ്മദ് അസിം മാലികിന്‍റെ വേരുകള്‍ സര്‍ഗോദയിലെ ഷാപുറിലാണ്. പിതാവും പാക് സൈന്യത്തില്‍ ലഫ്റ്റന്‍റ് ജനറലായിരുന്നു. പാക് മിലട്ടറി അക്കാദമിയില്‍ ചേര്‍ന്ന അസിം മാലിക് 1989ലെ ബലൂച് റെജിമെന്‍റിലാണ് ആദ്യം നിയമിക്കപ്പെട്ടത്.
1999 ല്‍ ബലൂചിസ്താന്‍ സര്‍വകലാശാലയില്‍ നിന്നും ബിഎസ്സിയില് ബിരുദം നേടിയ അദ്ദേഹം യുഎസിലും യുകെയിലെ റോയല്‍ കോളജ് ഓഫ് ഡിഫന്‍സിലുമായി ഉപരിപഠനവും പൂര്‍ത്തിയാക്കി. യുഎസ്– പാക് ബന്ധത്തില്‍ , പാക്കിസ്ഥാനിലെ ദേശീയ പ്രതിരോധ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്. ബലൂചിസ്ഥാനിലെ 41–ാം കാലാള്‍പ്പടയില്‍ മേജര്‍ ജനറലായിരുന്നു. പിന്നീട് ക്വറ്റയിലെ പാക് കമാന്‍ഡ് ആന്‍റ് സ്റ്റാഫ് കോളജില്‍ ഇന്‍സ്ട്രക്ടറുമായി. ഇസ്‍ലമാബാദിലെ ദേശീയ പ്രതിരോധ സര്‍വകലാശാലയില്‍ മുഖ്യ ഇന്‍സ്ട്രക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.