ബംഗ്ലാദേശിലെ ഹൈക്കമ്മീഷനില്‍ ചാരസംഘടനയായ ഐഎസ്ഐയുടെ സെല്‍ ആരംഭിക്കാന്‍ പാക്കിസ്ഥാന്‍. ബംഗ്ലാദേശുമായുള്ള ഇന്‍റലിജന്‍സ്, പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പാക്ക് സൈന്യത്തിന്‍റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മീഷന്‍ ചെയര്‍മാന്‍ ജനറല്‍ ഷഹീര്‍ ഷംസാദ് മിര്‍സ ഈയിടെ ബംഗ്ലാദേശിലെത്തിയിരുന്നു. ഈ സമയത്ത് നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.
നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ഷംസാദ് മിര്‍സ ബംഗ്ലാദേശിലെത്തിയത്. മുതിര്‍ന്ന ഐഎസ്ഐ ഓഫീസര്‍, പാക്ക് നാവിക, വ്യോമസേനാ ഉദ്യോഗസ്ഥര്‍ അടക്കം എട്ടുപേരാണ് മിര്‍സയെ അനുഗമിച്ചത്. സന്ദര്‍ശന സമയത്ത് കര, നാവിക, വ്യോമസേന മേധാവിമാരുമായും ബംഗ്ലാദേശ് ചീഫ് അഡ്വൈസര്‍ മുഹമ്മദ് യൂനസുമായും സംഘം ചര്‍ച്ച നടത്തിയിരുന്നു. ബംഗ്ലാദേശിന്‍റെ ദേശീയ സുരക്ഷാ ഇന്‍റലിജന്‍സുമായും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോഴ്സ് ഇന്‍റലിജന്‍സുമായും സംഘം ചര്‍ച്ച നടത്തി.
ഇരു രാജ്യങ്ങളും ഇന്‍റലിജന്‍സ് വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ ധാരണയായതായി ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചത്. ബംഗാൾ ഉൾക്കടലും ഇന്ത്യയുടെ കിഴക്കൻ ഭാഗത്തുള്ള വ്യോമാതിർത്തിയും നിരീക്ഷിക്കുന്നതിനാണ് തീരുമാനമാണെന്നാണ് വിലയിരുത്തല്‍. ധാരണയുമായി ഭാഗമായി ധാക്കയിലെ ഹൈക്കമ്മീഷനില്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ പാക്കിസ്ഥാന് അനുമതി നല്‍കും. ആദ്യ ഘട്ടത്തില്‍ പാക്ക് നേവി, വ്യോമസേന എന്നിവിടങ്ങളില്‍ നിന്നും ബ്രിഗേഡിയര്‍, രണ്ട് കേണല്‍, നാല് മേജര്‍ എന്നിവരെ ഹൈക്കമ്മീഷനില്‍ നിയമിക്കും.
ഇതിന് പകരമായി പാക്കിസ്ഥാന്‍ സൈനിക, സാങ്കേതിക സഹായങ്ങളും പരിശീലനവുമാണ് ബംഗ്ലാദേശിന് നല്‍കുക. പാക്കിസ്ഥാനില്‍ നിന്നും ജെഎഫ് -17 തണ്ടര്‍ യുദ്ധവിമാനങ്ങവും ഫത്തേ സീരിസ് റോക്കറ്റ് സിസ്റ്റങ്ങളും വാങ്ങാന്‍ ബംഗ്ലാദേശിന് താല്‍പര്യമുണ്ട്. ഇക്കാര്യങ്ങളടക്കം കരാറില്‍ അന്തിമ തീരുമാനമാകാന്‍ ബംഗ്ലാദേശ് സൈന്യത്തിന്‍റെ ഉന്നതസംഘം ഉടന്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും എന്നാണ് വിവരം.