ആഗോള കത്തോലിക്ക സഭയുടെ അടുത്ത മാര്‍പാപ്പ ആയാല്‍ കൊള്ളാമെന്നുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍‍ഡ് ട്രംപ്. ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ പാപ്പയാകാനുള്ള ആഗ്രഹം തനിക്കുണ്ടെന്ന് ട്രംപ് നര്‍മം കലര്‍ത്തി പറഞ്ഞത്. ആരാകും അടുത്ത മാര്‍പാപ്പ? ആരോടാണ് താല്‍പര്യം എന്ന ചോദ്യമുയര്‍ന്നതോടെയാണ് ' എനിക്ക് മാര്‍പാപ്പയാകണമെന്നുണ്ട്, അതാണ് എന്‍റെ ഒന്നാമത്തെ താല്‍പര്യവും' എന്ന് ട്രംപിന്‍റെ മറുപടി എത്തിയത്. അതേസമയം പുതിയ പാപ്പായുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തനിക്ക് പ്രത്യേക താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയ ട്രംപ് പക്ഷേ കര്‍ദിനാള്‍ തിമോത്തി ഡോളനെ പുകഴ്ത്തുകയും ചെയ്തു. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍ ഡോളന്‍ മാര്‍പാപ്പയാകാന്‍ പരിഗണിക്കപ്പെട്ടേക്കാവുന്നയാള്‍ കൂടിയാണ്. 

വിഡിയോ വൈറലായതോടെ സൗത്ത് കാരലിന സെനറ്റര്‍ ലിന്‍ഡ്​സെ ഗ്രഹാം 'പേപ്പല്‍ കോണ്‍ക്ലേവ് ഈ ആവശ്യം അനുഭാവ പൂര്‍വം പരിഗണിക്കണ'മെന്ന് ട്വീറ്റും ചെയ്തു. പാപ്പ സ്ഥാനത്തേക്കുള്ള കറുത്ത കുതിരയാകും ട്രംപെന്നും ആദ്യത്തെ പാപ്പ–യുഎസ് പ്രസിഡന്‍റ് കോമ്പിനേഷന്‍ ആലോചിക്കാന്‍ തന്നെ രസമാണെന്നും വെളുത്ത പുക ഉയരുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 135 കര്‍ദിനാള്‍മാര്‍ ചേര്‍ന്നുള്ള പേപ്പല്‍ കോണ്‍ക്ലേവിന് അടുത്തയാഴ്ച വത്തിക്കാനില്‍ തുടക്കമാകും. ഇവരാകും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുക. 

ഫ്രാന്‍സിസ് പാപ്പയുടെ കബറടക്ക ചടങ്ങുകളില്‍ ട്രംപ് പങ്കെടുത്തത് വലിയ വാര്‍ത്തയായിരുന്നു. ഓവല്‍ ഓഫിസില്‍ വച്ച് ഉടക്കിപ്പിരിഞ്ഞ സെലെന്‍സ്കിയുമായി സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ വച്ച് ട്രംപ് സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. അതേസമയം, പരമ്പരാഗത വസ്ത്ര ചട്ടം  പാലിക്കാതിരുന്നതിന്‍റെ പേരില്‍ ട്രംപ് വിമര്‍ശനമേറ്റുവാങ്ങുകയും ചെയ്തു. വത്തിക്കാന്‍റെ പ്രത്യേക നിര്‍ദേശ പ്രകാരം മെലാനിയ ഉള്‍പ്പടെ കറുത്ത വസ്ത്രം ധരിച്ചെത്തുകയും ട്രംപ്  മാത്രം നേവി ബ്ലൂ സ്യൂട്ടും ബ്ലൂ ടൈയും അമേരിക്കന്‍ പതാകയുടെ പിന്നും അണി​ഞ്ഞതാണ് വിമര്‍ശനത്തിനിടയാക്കിയത്.

ENGLISH SUMMARY:

Former US President Donald Trump humorously expresses interest in becoming the next Pope as speculation rises over Pope Francis' successor. Trump also praised Cardinal Timothy Dolan, a possible contender.