pakistan-navy-file

Pakistan navy ship (File Image)

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ– പാക് സംഘര്‍ഷം രൂക്ഷമാകുകയാണ്. ഇതിനിടെ അടുത്ത 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ ഇന്ത്യ ആക്രമണം നടത്തുമെന്ന് വിവരം ലഭിച്ചതായി അവകാശപ്പെട്ട് പാക് മന്ത്രിയും രംഗത്തെത്തി. നേരത്തേ പാക്കിസ്ഥാന് തിരിച്ചടി നല്‍കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പ്രധാനമന്ത്രി നരേന്ദ്രനമോദി സേനയ്ക്ക് നല്‍കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ആക്രമണം ആസന്നമാണെന്ന് കരുതുന്ന പാകിസ്ഥാനും പ്രതിരോധത്തിന് തയ്യാറെടുക്കുകയാണെന്നാണ് വിവരം. ഇതിന്‍റെ ഭാഗമായി വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്.

അതിർത്തിക്കടുത്തുള്ള സ്ഥലങ്ങളിലേക്ക് വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇലക്ട്രോണിക് യുദ്ധ യൂണിറ്റുകളും എത്തിക്കുകയും തുടർച്ചയായ വ്യോമ പരിശീലനങ്ങൾ നടത്തുകയുമാണ് പാകിസ്ഥാന്‍ ചെയ്യുന്നത്. അതിർത്തിക്കപ്പുറത്തുള്ള നിരവധി സ്ഥലങ്ങളിൽ പാകിസ്ഥാൻ നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. തിരിച്ചടി ഭയന്ന് കറാച്ചി തീരത്ത് നാവികസേനയുടെ ആറു കപ്പലുകള്‍ പാകിസ്ഥാന്‍ എത്തിച്ചു. ലാഹോറിന് സമീപവും സമാനമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ വ്യോമതാവളങ്ങൾ കണ്ടെത്തുന്നതിനായി സിയാൽകോട്ട് സെക്ടറിൽ റഡാർ സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഫിറോസ്പൂർ സെക്ടറിലുടനീളം ഇലക്ട്രോണിക് യുദ്ധോപകരണങ്ങൾ സജീവമാക്കിയിട്ടുണ്ടെന്ന് എക്കണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ചാബ്, ഖൈബർ പഖ്തൂൺഖ്വ തുടങ്ങിയ മറ്റ് പ്രദേശങ്ങളിൽ നിന്ന് പാക് അധിനിവേശ കശ്മീരിലേക്ക് കൂടുതൽ സൈന്യത്തെ പാകിസ്ഥാന്‍ എത്തിക്കുന്നുണ്ട്. നിയന്ത്രണ രേഖകളിലും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകകയാണ് പാകിസ്ഥാന്‍. കഴിഞ്ഞ ആറ് ദിവസമായി നിയന്ത്രണരേഖകളില്‍ തുടർച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളുമുണ്ടായിരുന്നു. 

ഇന്ത്യയുടെ സൈനിക നടപടി ആസന്നമാണെന്നാണ് കഴിഞ്ഞ ദിവസം പാക് പ്രതിരോധമന്ത്രി റോയിറ്റേഴ്സിനോട് പ്രതികരിച്ചത്. ഇന്ത്യ സൈനികനടപടി എടുക്കുമെന്ന് ഉറപ്പാണെന്നും ഇന്ത്യ ആക്രമിക്കുമെന്ന് പാക് ‍സൈന്യം സര്‍ക്കാരിനെ അറിയിച്ചതായും പ്രതിരോധമന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അനിവാര്യമായ സൈനിക കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ തയാറെന്നും പാകിസ്ഥാന്‍ പ്രതിരോധമന്ത്രി പറഞ്ഞിരുന്നു. സൈനിക സാഹസത്തിന് ഇന്ത്യ മുതിര്‍ന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നാണ് പാക്കിസ്ഥാന്‍റെ നിലപാട്.

അതേസമയം, പാക്കിസ്ഥാനുമേല്‍ സൈനികമായുള്ള തിരിച്ചടി ഉടന്‍ ഉണ്ടാവുമെന്ന സൂചനകള്‍ക്കിടെ ഇന്ന് നിര്‍ണായക യോഗങ്ങള്‍ നടക്കും. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയും സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയും യോഗം ചേരും. പ്രധാനമന്ത്രിക്ക് പുറമെ പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, വിദേശകാര്യ മന്ത്രി, ധനമന്ത്രി എന്നിവരാണ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയില്‍ ഉള്ളത്. നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടാകും എന്നാണ് സൂചന. ഇന്നലെ പ്രതിരോധ മന്ത്രിയുമായും സേനാമേധാവിമാരുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പാക്കിസ്ഥാന് തിരിച്ചടി നല്‍കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം സേനയ്ക്ക് നല്‍കിയിരുന്നു. സ്ഥലവും സമയവും രീതിയും സൈന്യത്തിന് തീരുമാനിക്കാമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗംചേരുന്നത് രണ്ടാംതവണയാണ്. ആദ്യ യോഗത്തില്‍ സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുന്നതടക്കം നിര്‍ണായക തീരുമാനങ്ങള്‍ എടുത്തിരുന്നു.

ENGLISH SUMMARY:

Tensions between India and Pakistan are intensifying following the terror attack in Pahalgam. Amidst this, a Pakistani minister has claimed that India may launch an attack within the next 24 to 36 hours. Earlier, Prime Minister Narendra Modi had granted full freedom to the armed forces to retaliate against Pakistan. With India’s attack deemed imminent, reports suggest that Pakistan is also preparing its defense mechanisms. As part of this, Pakistan has deployed its air defense systems near the border areas.