ken-chou-tip-illinois

Image: screendrab unlimited_ls/X)

ഭക്ഷണം കഴിച്ചു മടങ്ങിയ വ്യക്തി ടിപ് വയ്ക്കാതിരുന്നതില്‍ കുപിതനായി പിന്നാലെയെത്തി ചീത്തവിളിച്ച് ഹോട്ടലുടമ. അമേരിക്കയിലെ ഇലിനോയിലാണ് സംഭവം. ഉപഭോക്താവിനെ പിന്നാലെയെത്തി ചീത്ത വിളിക്കുന്ന കടയുടമയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കെന്നി ചൗ എന്ന കടയുടമയാണ് നിര്‍ബന്ധിത ടിപ് ആവശ്യം ഉന്നയിച്ചത്. 19.89 ഡോളര്‍ വിലവരുന്ന ഭക്ഷണം കഴിച്ച ശേഷം 20 ഡോളര്‍ നല്‍കി ഉപഭോക്താവ് മടങ്ങി. ടിപ് ഒന്നും വച്ചതുമില്ല. കുപിതനായി പിന്നാലെ പാഞ്ഞെത്തിയ ചൗ 18 ശതമാനം ടിപ് വേണമെന്ന് ആവശ്യപ്പെട്ട് അപമാനിക്കുകയായിരുന്നു. 

ചൗ അപമാനിക്കുന്നത് തുടര്‍ന്നതോടെ, ' ഞാന്‍ കഴിച്ച ഭക്ഷണത്തിന്‍റെ പണം ഞാന്‍ തന്നു. അതില്‍ കൂടുതല്‍ എന്തിനാണ് തരുന്നത്? ടിപ് നിങ്ങള്‍ക്ക് തരണമെന്ന് ഒരു നിര്‍ബന്ധവുമില്ല എന്ന് പറഞ്ഞ് നടന്നു നീങ്ങി. എന്നാല്‍ 'എന്‍റെ സ്റ്റാഫുകള്‍ എങ്ങനെ ജീവിക്കുമെന്നാണ് നിങ്ങള്‍ കരുതിയത്?' എന്ന് ചോദിച്ച് ചൗ തെറിവിളി തുടര്‍ന്നു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കടുത്ത വിമര്‍ശനമാണ് ചൗവിനെതിരെ ഉയര്‍ന്നത്. പിന്നാലെ ചൗ മാപ്പു പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തനിക്ക് ആ സമയം നിയന്ത്രണം വിട്ടുപോയതാണെന്നും ബഹുമാനവും മാന്യതയുമെല്ലാം മറന്നുള്ള പെരുമാറ്റം ഉണ്ടായതില്‍ ക്ഷമിക്കണമെന്നും  ഭക്ഷണശാലയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയവരോട് ചൗ വിശദീകരിച്ചു. തന്‍റെ മോശം പെരുമാറ്റത്തില്‍ ഉപഭോക്താവിനുണ്ടായ ബുദ്ധിമുട്ടില്‍ ചൗ മാപ്പുപറയുകയും കൈപ്പടയില്‍ എഴുതിയ മാപ്പിനൊപ്പം ഉപഭോക്താവിന്‍റെ സഹോദരന്‍റെ പ്രിയപ്പെട്ട വിഭവം സൗജന്യമായി കൊടുത്തയയ്ക്കുകയും ചെയ്തു. എന്നാല്‍ ചൗവിനെതിരെ മോശംപെരുമാറ്റത്തിനും ഉപദ്രവത്തിനും കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇവന്‍സ്റ്റണ്‍ പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

A restaurant owner in Illinois followed a customer after a meal, demanding an 18% tip and insulting the customer for not leaving one. The video of the incident went viral on social media, leading to widespread criticism.