Image Credit:holoworld.one
ഇന്ത്യന്‍ ടെക് സംരഭകനും ഭാര്യയും മകനും അമേരിക്കയില്‍ വെടിയേറ്റ് മരിച്ച നിലയില്‍. വാഷിംങ്ടണിനടുത്തുള്ള വസതിയിലാണ് മൈസൂരു ആസ്ഥാനമായുള്ള ടെക് സംരംഭകൻ ഹർഷവർദ്ധന കിക്കേരിയേയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയും കൊലപാതകവും സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. കൃത്യമായ കാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
മൈസൂരിലെ വിജയനഗറിൽ ആസ്ഥാനമായുള്ള റോബോട്ടിക് കമ്പനിയായ ഹോളോവേൾഡിന്റെ സിഇഒ ആണ് മരിച്ച 57 കാരനായ ഹർഷവർദ്ധന കിക്കേരി. ഇതേ സ്ഥാപനത്തിന്‍റെ സഹസ്ഥാപക കൂടിയാണ് അദ്ദേഹത്തിന്‍റെ 44 കാരിയായ ഭാര്യ ശ്വേത പന്യം. ഇരുവരേയും 14 വയസ്സുള്ള മകനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവര്‍ക്കും ഏഴ് വയസ്സുള്ള മറ്റൊരു കുട്ടി കൂടിയുണ്ട്. വ്യാഴാഴ്ച രാത്രി സംഭവം നടക്കുമ്പോള്‍ ഇളയ മകന്‍ വീടിന് പുറത്തായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അടിയന്തര ആവശ്യങ്ങള്‍ക്കുള്ള നമ്പറില്‍ വിളിയെത്തിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിയോടെയാണ് വീട്ടില്‍ പൊലീസ് എത്തിയത്. മുൻവശത്തെ ജനാലയിൽ രക്തവും തെരുവിൽ ഒരു ഹോളോ-പോയിന്റ് ബുള്ളറ്റും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കുടുംബം കൂടുതലും ഒറ്റയ്ക്കാണ് സമയം ചെലവിടാറുള്ളതെന്ന് റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് അലക്സ് ഗുമിന ദി സിയാറ്റിൽ ടൈംസിനോട് പറഞ്ഞു.
കർണാടകയിലെ കിക്കേരി ഗ്രാമത്തിൽ നിന്നുള്ള ടെക് ഇന്നൊവേറ്ററാണ് ഹർഷവർദ്ധന കിക്കേരി. മൈസൂരുവിലും പിന്നീട് യുഎസിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം സിറാക്കൂസ് സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം മൈക്രോസോഫ്റ്റിൽ ജോലി ചെയ്തിരുന്നു. യുഎസ്, ചൈന, ജപ്പാൻ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 44 അന്താരാഷ്ട്ര പേറ്റന്റുകൾ അദ്ദേഹത്തിന് ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.