Image: X
കാനഡയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ നാലു ദിവസത്തിനു ശേഷം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എഎപി നേതാവും എംഎൽഎ കുൽജിത് സിങ് രൺധാവയുടെ അടുത്ത സഹായിയുമായ ദേവീന്ദർ സിങ്ങിന്റെ മകള്‍ വന്‍ഷികയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വന്‍ഷികയുടെ മരണം ഓട്ടവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും സ്ഥിരീകരിച്ചിട്ടുണ്ട്. മരണകാരണം അന്വേഷിച്ചുവരികയാണെന്ന് ലോക്കൽ പൊലീസ് അറിയിച്ചു.
പഞ്ചാബിലെ ദേര ബാസി സ്വദേശിയാണ് വന്‍ഷിക. ഡിപ്ലോമ കോഴ്‌സ് പഠിക്കുന്നതിനായി രണ്ടര വർഷം മുമ്പാണ് ഒട്ടാവയിലെത്തിയത്. 2025 ഏപ്രിൽ 25 വെള്ളിയാഴ്ച വൈകുന്നേരം മജസ്റ്റിക് ഡ്രൈവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ വൻഷികയെ കാണാതാവുകയായിരുന്നു എന്ന് ഒട്ടാവ പൊലീസ് പറയുന്നു. മറ്റൊരു വാടകവീട് വീട് നോക്കാന്‍ പോയതായിരുന്നു വന്‍ഷിക. രാത്രി ഏകദേശം 11:40 ഓടെ വൻഷികയുടെ ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കുടുംബവും ആശങ്കയിലായിരുന്നു
വന്‍ഷിക തിരിച്ചെത്താത്തിനെ തുടര്‍ന്ന് സുഹൃത്താണ് കുടുംബത്തെ വിവരമറിയിക്കുന്നത്. പിന്നാലെ കുടുംബം എംബസിയുമായി ബന്ധപ്പെടുകയായിരുന്നു. പിറ്റേന്ന് നടന്ന പ്രധാനപ്പെട്ട പരീക്ഷ എഴുതാനും വന്‍ഷിക എത്തിയിരുന്നില്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളും തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. റിപ്പോർട്ടുകൾ പ്രകാരം കടൽത്തീരത്താണ് വന്‍ഷികയുടെ മൃതദേഹം കണ്ടെത്തിയത്.