കാനഡയിലെ സ്കൂളിലും സ്വന്തം വീട്ടിലുമായി എട്ടുപേരെ വെടിവച്ചു കൊന്നത് പതിനെട്ടുവയസുള്ള ട്രാന്‍സ് വുമണ്‍. അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയശേഷമാണ് ജെസി വാന്‍ റൂട്‌സെലര്‍ തോക്കുമായി ബ്രിട്ടിഷ് കൊളംബി ടംബ്ലര്‍ റിഡ്ജിലെ സ്കൂളില്‍ എത്തിയത്.
39 വയസുള്ള അമ്മയ്ക്കും 11 വയസുള്ള സഹോദരനുമൊപ്പമായിരുന്നു താമസം. ഇവരെ കൊലപ്പെടുത്തിയശേഷം മുൻപ് പഠിച്ചിരുന്ന സ്കൂളിലെത്തിയ ജെസ്സി അവിടെ അധ്യാപികയ്ക്കും വിദ്യാർത്ഥികൾക്കും നേരെ വെടിയുതിര്‍ത്തു. ഒരു അധ്യാപികയും അഞ്ച് വിദ്യാർത്ഥികളുമാണ് സ്കൂളിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട വിദ്യാർത്ഥികളിൽ 12-ഉം 13-ഉം വയസ്സുള്ള കുട്ടികളും ഉൾപ്പെടുന്നു. . ഗുരുതരമായി പരിക്കേറ്റ 12 വയസ്സുകാരി മായ മരണത്തോട് മല്ലിടുകയാണ്. മാനസിക വെല്ലുവിളികള്‍ നേരിട്ട ജെസിയെ മുൻപ് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികില്‍സിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
സംഭവം നടന്ന് രണ്ട് മിനിറ്റിനുള്ളിൽ തന്നെ പോലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും ജെസ്സി സ്വയം വെടിവെച്ച് മരിച്ചിരുന്നു. രണ്ട് തോക്കുകള്‍ പൊലീസ് കണ്ടെടുത്തു. മുമ്പ് പുരുഷനായിരുന്ന ജെസ്സി ആറ് വർഷം മുൻപാണ് സ്ത്രീയായി ജീവിക്കാൻ തുടങ്ങിയതെന്ന് പോലീസ് അറിയിച്ചു.ചരിത്രത്തിലെ മൂന്നാമത്തെ വലിയ കൂട്ടക്കൊലയുടെ ഞെട്ടലിലാണ് രാജ്യം. പ്രധാനമന്ത്രി മാർക്ക് കാർണി യൂറോപ്പ് യാത്ര റദ്ദാക്കി. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിൽ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 1989-ൽ മോൺട്രിയലിലും 2020-ൽ നോവ സ്കോട്ടിയയിലും ഉണ്ടായതിന് സമാനമായ വെടിവെപ്പ് സംഭവങ്ങൾ കാനഡയിൽ അപൂർവ്വമാണെങ്കിലും, തോക്ക് നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്.