MLA Sunita Dhir lights a candle during the candlelight vigil near the scene where a car drove into a crowd of people during the Lapu Lapu Festival on April 27, 2025 in Vancouver
കാനഡയിലെ വാന്‍കൂവറില്‍ നടന്ന ലാപുലാപു ആഘോഷത്തില്‍ പങ്കെടുത്തിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയുണ്ടായ മരണങ്ങളുടെ ആഘാതങ്ങളില്‍ നിന്ന് നഗരം ഇനിയും മുക്തമായിട്ടില്ല. റിപ്പോര്‍ട്ടനുസരിച്ച് 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ 30 കാരനായ കൈ-ജി ആദം ലോ ആണ് വാഹനം ഓടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതക കുറ്റം ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ആദം എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രാദേശിക സമയം രാത്രി എട്ടുമണിയോടെ കാര്‍ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയത്. ഫിലിപ്പിനോ വിഭാഗത്തിന്‍റെ പ്രധാന ആഘോഷമായ ലാപു ലാപുവില്‍ പങ്കുചേരാന്‍ ആയിരത്തിലധികം പേരാണ് ഈ സമയം റോഡില്‍ തടിച്ചുകൂടിയിരുന്നത്. ഇവര്‍ക്കിടയിലേക്ക് അമിതവേഗത്തില്‍ എത്തിയ എസ്യുവി പാഞ്ഞുകയറുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയതായി വാന്‍കൂവര്‍ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിപാടി കഴിഞ്ഞതിന് പിന്നാലെയാണ് ഫുഡ് ട്രക്കുകളും കച്ചവടവും നടക്കുന്ന സ്ട്രീറ്റില്‍ അപകടം ഉണ്ടായതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.
ആക്രമണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് യുവാവിന്‍റെ കുടുംബം മാനസികാരോഗ്യ വിദഗ്ദന്‍റെ സഹായം അഭ്യര്‍ത്ഥിച്ച് ആശുപത്രിയിലേക്ക് വിളിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആശുപത്രിയില്‍ നിന്ന് സഹായം ലഭിച്ചതായി വിവരമില്ല. ആദമിന്‍റെ ആക്രമണത്തിന് പിന്നില്‍ തീവ്രവാദമല്ലെന്നും മറിച്ച് മാസനിക വെല്ലുവിളികളുടെ മുൻകാല ചരിത്രമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. 2024 ജനുവരിയിൽ വാന്‍കൂവറിലെ വസതിയില്‍ വച്ച് ഇയാളുടെ 31 വയസ്സുള്ള സഹോദരൻ അലക്സാണ്ടർ കൊല്ലപ്പെട്ടിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് 39 വയസ്സുള്ള ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. സഹോദരന്‍റെ ശവസംസ്കാരച്ചെലവുകൾക്കായി ആദം ഫണ്ട് സമാഹരണവും നടത്തി . അതിനായി ഹൃദയഭേദകമായ കുറിപ്പും പങ്കുവച്ചിരുന്നു. തന്‍റെ അമ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നും ആ പോസ്റ്റില്‍ പറയുന്നുണ്ട്.
Police officers work at the scene, after a vehicle drove into a crowd at the Lapu Lapu day block party, in which police say multiple people were killed and injured, in Vancouver, Canada April 26, 2025. REUTERS/Chris Helgren
അതേസമയം വാന്‍കൂവര്‍ നഗരത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിവസമാണിതെന്നാണ് വാൻകൂവർ പോലീസ് മേധാവി സ്റ്റീവ് റായ് ഞായറാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. അപകടത്തിന്‍റെ പൂർണ്ണ വ്യാപ്തി വെളിപ്പെടുന്നതോടെ യുവാവിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഫിലിപ്പീന്‍സിലെ സാമ്രാജ്യത്വ വിരുദ്ധ ധീരനേതാവായിരുന്ന ലാപുലാപുവിന്‍റെ സ്മരണാര്‍ഥം നടത്തുന്ന ആഘോഷമാണ് ലാപുലാപു ഡേ.