മ്യാന്മറില് വന്‍ ഭൂകമ്പമുണ്ടാകുമെന്നും നഗരങ്ങളെല്ലാം തകര്‍ന്നുവീഴുമെന്നും വ്യാജ പ്രവചനം നടത്തി ആളുകളെ ഭീതിയിലാക്കിയ ടിക്ടോക് ജ്യോതിഷി അറസ്റ്റില്‍. മ്യാന്മര് സ്വദേശിയായ ജോണ്‍ മോ ദ് എന്ന 21കാരനാണ് പിടിയിലായത്. ഏപ്രില്‍ 21ന് വലിയ ഭൂചലനമുണ്ടാകുമെന്നും ജീവന് വേണമെങ്കില്‍ അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം കയ്യിലെടുത്ത് ഓടി രക്ഷപെട്ടോളൂ എന്നായിരുന്നു മോയുടെ പ്രവചനം. മൂന്ന് മില്യണോളം പേരാണ് വിഡിയോ കണ്ടത്. ഭയചകിതരായ ജനങ്ങളില്‍ ചിലര്‍ ഏപ്രില്‍ 21ന് വീടുകളില്‍ നിന്നും ഫ്ലാറ്റുകളില്‍ നിന്നും പുറത്താണ് കഴിഞ്ഞത്. ക്യാംപുകളിലേക്ക് ജനങ്ങള്‍ കൂട്ടമായി പോകുന്നതിന്റെ വിഡിയോ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. അന്നേ ദിവസം ഉയരമേറിയ കെട്ടിടങ്ങളില്‍ താമസിക്കരുതെന്നും മോ പ്രവചനത്തില്‍ പറഞ്ഞിരുന്നു.
ജനങ്ങളെ പരിഭ്രാന്തരാക്കിയതിനും വ്യാജപ്രചരണം നടത്തിയതിനുമാണ് മോയെ അറസ്റ്റ് ചെയ്തതെന്ന് മ്യാന്മറിലെ വിവരാവകാശ മന്ത്രാലയം അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ചയാണ് മോയെ അറസ്റ്റ് ചെയ്തത്. സഗെയ്ങിലെ വീട്ടില്‍ നിന്നുമാണ് മോയെ പൊലീസ് പിടികൂടിയത്. മൂന്ന് ലക്ഷത്തോളം ഫോളോവേഴ്സുണ്ടായിരുന്ന മോയുടെ അക്കൗണ്ടും പൂട്ടി. അമേരിക്ക മ്യാന്മറിനെ വൈകാതെ ആക്രമിക്കുമെന്നതടക്കമുള്ള വിവാദ പ്രവചനങ്ങളും മോ നടത്തിയിരുന്നു.
മാര്‍ച്ച് 28ന് മ്യാന്മറില് ഭൂചലനം ഉണ്ടായതിന് പിന്നാലെയാണ് വ്യാപക നാശം തുടരുമെന്ന് മോ ആദ്യം പ്രവചിച്ചത്. മണ്ഡാലെ, സഗെയ്ങ് എന്നിവിടങ്ങളില്‍ വ്യാപക നാശമുണ്ടാകുമെന്നായിരുന്നു മോയുടെ അവകാശവാദം. ഏപ്രില്‍ ഒന്‍പതിന് മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ 3500 പേര് കൊല്ലപ്പെടുകയും വന്‍ നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു.