pope-visuals
  • ഫ്രാന്‍സിസ് മാര്‍പാപ്പ ഇനി നിത്യതയിലെ വിശ്വാസദീപം;
  • ഭൗതികദേഹം സാന്ത മരിയ മജോറ ബസലിക്കയില്‍ കബറടക്കി
  • ആദരമര്‍പ്പിച്ച് ജനസഹസ്രങ്ങളും ലോകനേതാക്കളും

കാലത്തേയും ലോകത്തേയും സാക്ഷിനിര്‍ത്തി ഫ്രാന്‍സിസ് പാപ്പാ ഇനി വിശുദ്ധമായൊരോര്‍മ. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ ദിവ്യബലിക്ക് ശേഷം റോമിലെ സാന്ത മരിയ മജോറെ ബസിലിക്കയില്‍ പാപ്പായുടെ ഭൗതികദേഹം അടക്കം ചെയ്തു. കര്‍ദിനാള്‍ തിരുസംഘത്തിന്‍റെ ഡീന്‍ ജോവാനി ബത്തീസ്തയുടെ നേതൃത്വത്തില്‍ നടന്ന സംസ്കാരചടങ്ങുകള്‍ക്ക് ലോകത്തിന്‍റെ പരിച്ഛേദം സാക്ഷിയായി. 

pope-one

12 വര്‍ഷം കത്തോലിക്കാ സഭയ്ക്കും ലോകത്തിനും വേണ്ടി പ്രാര്‍തിക്കുകയും ധാര്‍മികശബ്ദമാവുകയും ചെയ്ത അതേ മണ്ണിലേക്ക്, സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് അവസാനയാത്രയ്ക്കായി ഫ്രാന്‍സിസ് പാപ്പായെത്തി. ഇന്ത്യ, യുഎസ് ഉള്‍പ്പെടെ നൂറ്റിഎഴുപതോളം രാജ്യങ്ങളുടെ ഭരണാധികാരികളടക്കം പ്രതിനിധികള്‍, സഭയിലെ  കര്‍ദിനാള്‍മാര്‍, പാത്രിയാര്‍ക്കീസുമാര്‍, ആര്‍ച്ച് ബിഷപ്പുമാര്‍, സന്ന്യസ്തര്‍, വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്‍മാര്‍ അങ്ങനെ എല്ലാവരേയും സാക്ഷിനിര്‍ത്തി അവസാനയാത്ര. കേരളത്തിന്‍റെ പ്രതിനിധികളായി കര്‍ദിനാള്‍മാരായ മാര്‍ ക്ലീമിസും മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാര്‍ ജോര്‍ജ് കൂവക്കാടും.

സുവിഷേഷ പ്രഘോഷണത്തിനിടെ അഗതികളോടും കുടിയേറ്റക്കാരോടും അരികുവല്‍ക്കരിക്കപ്പെട്ടവരോടുമുള്ള പാപ്പായുടെ സ്നേഹം ഓര്‍മപ്പെടുത്തി കര്‍ദിനാള്‍ ജോവാനി ബത്തീസ്ത. ദിവ്യകാരുണ്യസ്വീകരണത്തിനും സകലവിശുദ്ധരോടുമുള്ള പ്രാര്‍ഥനയ്ക്കും പിന്നാലെ പാപ്പായെ പറുദീസായിലേക്കാനയിക്കണമേയെന്ന ഗാനത്തോടെ ദിവ്യബലിക്ക് സമാപനം. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് അവസാനമായി കൊണ്ടുപോയ ഭൗതികദേഹം വാഹനത്തിലേക്ക് മാറ്റി വിലാപയാത്ര. എല്ലാ യാത്രകള്‍ക്ക് മുന്‍പും ശേഷവും പാപ്പാ പ്രാര്‍ഥനയ്ക്കായി ഓടിയെത്തിയിരുന്ന സാന്ത മരിയ മജോറെയിലെ പരിശുദ്ധ ദൈവമാതാവിന്റെ രൂപത്തിനടുത്തേക്ക് അവസാനയാത്ര. ബസിലിക്കയിലെ ചാപ്പലുകള്‍ക്കിടയില്‍ വിശുദ്ധ ഫ്രാന്‍സിസിന്‍റെ അള്‍ത്താരയ്ക്ക സമീപം, വിശുദ്ധമായി ജീവിച്ച ഫ്രാന്‍സിസ് പാപ്പായ്ക്ക് അന്ത്യവിശ്രമം. 

ENGLISH SUMMARY:

Pope Francis is now a sacred memory, bearing witness to both time and the world. Following a solemn mass at St. Peter’s Square in the Vatican, the Pope’s mortal remains were laid to rest at the Basilica of Saint Mary Major in Rome. The funeral ceremonies were led by Cardinal Giovanni Battista, Dean of the College of Cardinals, with the entire world paying tribute to the revered leader.