Image Credit: RadioGenoa (left), AP (Right)
വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലെ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടെ അതിവിചിത്രമായി പെരുമാറി യുവാവ്. അള്‍ത്താരയിലേക്ക് കയറിയ യുവാവ് പാന്‍റ്സ് അഴിച്ച് മൂത്രമൊഴിക്കുകയായിരുന്നു. ആരാധനയില്‍ പങ്കെടുക്കാനെത്തിയവര്‍ നടുങ്ങി. പെട്ടെന്ന് തന്നെ പൊലീസ് സ്ഥലത്തെത്തുകയും സാവധാനത്തില്‍ യുവാവിനെ പള്ളിയില്‍ നിന്നും പുറത്തെത്തിക്കുകയും ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തതായി റിപ്പോര്‍ട്ടുകളില്ല. അതേസമയം, സംഭവത്തിന്‍റെ വിഡിയോ വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്നുണ്ട്.
ക്രൈസ്തവരുടെ, പ്രത്യേകിച്ചും കത്തോലിക്കര്‍ പരിപാവനമായി കരുതിപ്പോരുന്ന ദേവാലയമാണിവിടം. അതുകൊണ്ട് തന്നെ യുവാവിന്‍റെ പ്രവര്‍ത്തി ഒട്ടും നിഷ്കളങ്കമല്ലെന്നും വിശുദ്ധ കുര്‍ബാനയെ അലങ്കോലപ്പെടുത്താന്‍ മനപൂര്‍വം ചെയ്ത കുറ്റമായി വേണം കരുതാനെന്നും പലരും സമൂഹമാധ്യമത്തില്‍ കുറിച്ചു. താന്‍ നടുങ്ങിപ്പോയെന്നായിരുന്നു മാര്‍പാപ്പയുടെ പ്രതികരണം. വത്തിക്കാന്‍ പ്രസ് ഓഫിസും സംഭവത്തില്‍ ഇതുവരേക്കും വിശദീകരണം പുറത്തിറക്കിയിട്ടില്ല.
പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് സന്ദര്‍ശകരാണ് സെന്‍റ്. പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തുന്നത്. വിശുദ്ധ പത്രോസിന്‍റെ കല്ലറയ്ക്ക് മുകളിലായാണ് കുമ്പസാരത്തിന്‍റെ അള്‍ത്താര സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് യുവാവ് മൂത്രമൊഴിച്ചത്. ഫെബ്രുവരിയില്‍ ഇതേ അള്‍ത്താരയില്‍ ഒരാള്‍ വലിഞ്ഞുകയറുകയും മെഴുകുതിരിക്കാലുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. 2023 ജൂണില്‍ പോളണ്ട് സ്വദേശിയായ യുവാവും അള്‍ത്താരയുടെ മുകളില്‍ നഗ്നനായി കയറിയതും വിവാദമായിരുന്നു. യുക്രെയ്നിലെ കുരുന്നുകളെ രക്ഷിക്കുക എന്ന് പുറത്തെഴുതി വച്ച ശേഷമാണ് യുവാവ് അതിക്രമം കാണിച്ചത്. ഇതിന് പിന്നാലെ അള്‍ത്താര ശുദ്ധീകരിച്ച ശേഷമാണ് വത്തിക്കാന്‍ അധികൃതര്‍ ആരാധാന തുടര്‍ന്നത്.