ഫ്രാന്‍സിസ് പാപ്പായ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വിശ്വാസികളുടെ നീണ്ടനിര. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് നാല് പ്രവേശന കവാടങ്ങളിലൂടെയാണ് ജനങ്ങളെ കടത്തിവിടുന്നത്. എണ്ണം നിയന്ത്രണാതീതമായതോടെ ഇന്നലെ അര്‍ധരാത്രിക്ക് ശേഷവും പൊതുദര്‍ശനം തുടര്‍ന്നു.
സൂര്യപ്രകാശം വത്തിക്കാന്റെ വീഥികളെ തൊട്ടുണര്‍ത്തിയതോടെ വിശ്വാസ സൂര്യനെ കാണുവാന്‍ ജനസഹസ്രങ്ങള്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് എത്തി. പ്രിയ പാപ്പായെ കാണാന്‍ പൊതുദര്‍ശനത്തിന്റെ രണ്ടാംദിനവും കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ. ഒപ്പം നടക്കാമെന്ന് പറഞ്ഞ എല്ലാവരെയും ചേര്‍ത്ത് നിര്‍ത്താമെന്ന് പറഞ്ഞ പിതാവിനെ ഒരുനോക്കുകാണുവാന്‍ വെയിലും ചൂടും മറന്ന് വരികളില്‍ ഇടം പിടിച്ചു
എട്ടുമണിക്കൂര്‍വരെ വരികളില്‍ ഊഴംകാത്ത് നിന്നവരുണ്ട്, ഉറ്റവരില്‍ ഒരാളുടെ വേര്‍പാടിന്റെ സങ്കടക്കടല്‍ ആ മുഖങ്ങളില്‍ കാണാമായിരുന്നു. വെള്ളിയാഴ്ചയും പൊതുദര്‍ശനം തുടരും. വെള്ളിയാഴ്ച രാത്രിയില്‍ പൊതുദര്‍ശനത്തിനുശേഷം പ്രാര്‍ഥനാ ശുശ്രൂഷയ്ക്ക് ശേഷം പാപ്പായുടെ ശവമഞ്ചം സീല്‍ ചെയ്യും.