യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളും നടപടികളും പുരോഗമിക്കുന്നതിനിടെ വീണ്ടും ട്രംപ്–സെലെന്‍സ്കി ഏറ്റുമുട്ടല്‍. ക്രൈമിയ ഇപ്പോള്‍ റഷ്യയുടേതാമെന്നും അതിന്‍മേല്‍ അവകാശവാദം ഇനിയും ഉന്നയിക്കേണ്ടെന്നും ട്രംപ് പറഞ്ഞതോടെയാണ് സെലെന്‍സ്കി എതിര്‍ത്തത്. 'ക്രൈമിയയുടെ നിയന്ത്രണം വര്‍ഷങ്ങള്‍ക്ക് മുന്‍പേ യുക്രെയ്ന് നഷ്ടമായി. അതിപ്പോള്‍ റഷ്യയുടേതാണ്. അതേക്കുറിച്ച് ഒരു സംസാരത്തിന്‍റെ പോലും ആവശ്യമില്ലെന്നായിരുന്നു ട്രംപിന്‍റെ ഉറച്ച നിലപാട്. ലണ്ടനില്‍ ചേര്‍ന്ന സമാധാന ചര്‍ച്ചകള്‍ക്കിടെയാണ് സമാധാനത്തിനുള്ള റഷ്യയുടെ വ്യവസ്ഥ ചര്‍ച്ചയായത്. ക്രൈമിയയെ റഷ്യന്‍ ഭൂപ്രദേശമായി യുക്രെയ്ന്‍ അംഗീകരിക്കണം, യുക്രെയ്ന് ഒരിക്കലും നാറ്റോ അംഗത്വം പാടില്ല എന്നതായിരുന്നു റഷ്യന്‍ വ്യവസ്ഥ. രണ്ട് വാദവും അംഗീകരിക്കാന്‍ ആവില്ലെന്ന് യുക്രെയ്ന്‍ അറിയിച്ചതോടെയാണ് ട്രംപ് കടുത്ത വിമര്‍ശനവുമായി എത്തിയത്.
'റഷ്യയുടെ ക്രൈമിയ അധിനിവേശം യുക്രെയ്ന്‍ ഒരുകാലത്തും അംഗീകരിക്കില്ലെന്ന് പ്രസിഡന്‍റ് സെലെന്‍സ്കി ദ് വാള്‍സ്ട്രീറ്റ് ജേണലില്‍ വീമ്പ് പറഞ്ഞത് കണ്ടു. ഇത് സമാധാന ശ്രമങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന പ്രസ്താവനയാണ്. ഒബാമയുടെ കാലത്തേ ക്രൈമിയ അവര്‍ക്ക് നഷ്ടപ്പെട്ടതാണെന്നും ക്രൈമിയ റഷ്യന്‍ ഭൂപ്രദേശമാണെന്ന് സെലെന്‍സ്കി അംഗീകരിക്കുമോ എന്ന് ആരും ചോദിച്ചിട്ടില്ലെന്നും ക്രൈമിയ വേണമായിരുന്നുവെങ്കില്‍ 11 വര്‍ഷം മുന്‍പ് പോരാടാതിരുന്നതെന്തെന്നും ഒരു വെടിയൊച്ച പോലും മുഴങ്ങാതെയാണ് ക്രൈമിയ റഷ്യയ്ക്ക് കൈമാറിയതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ ആരോപിച്ചു.
ഇതിനെ ശക്തിയുക്തം എതിര്‍ത്ത സെലെന്‍സ്കി, 'റഷ്യ ക്രൈമിയ പിടിച്ചെടുത്തത് ഒരുതരത്തിലും ഒരിക്കലും യുക്രെയിന്‍ അംഗീകരിച്ചിട്ടില്ലെന്നും. പുറത്ത് നിന്നുള്ള സംസാരം വേണ്ടെന്നും യുക്രെയ്ന്‍റെ ഭരണഘടനയ്ക്ക് തന്നെ എതിരാണ് അതെന്നും നിലപാട് കടുപ്പിച്ചു. ഇതോടെ ട്രംപിന്‍റെ സ്വരം ശകാരത്തിലേക്ക് എത്തി. 'യുക്രെയ്നിലെ മനുഷ്യക്കുരുതികള്‍ അവസാനിപ്പിക്കാനാണ് യുഎസ് ശ്രമിക്കുന്നത്, സമാധാനക്കരാറിന് തൊട്ടരികെയാണ് നമ്മള്‍ ' കടുംപിടിത്തം ഉപേക്ഷിക്കുകയാണ് വേണ്ടതെന്നും ട്രംപ് ഉപദേശിച്ചു. 2014ലാണ് കാര്യമായ എതിര്‍പ്പുകളില്ലാതെ റഷ്യ, ക്രൈമിയ പിടിച്ചെടുത്തതും റഷ്യയോട് ചേര്‍ത്തതും. ഭൂരിഭാഗം ലോകരാജ്യങ്ങളും റഷ്യന്‍ നടപടിയെ അപലപിക്കുകയും ചെയ്തിരുന്നു.
റഷ്യയും യുക്രെയ്നും ഇനിയും സമാധാനത്തില്‍ എത്തുന്നില്ലെങ്കില്‍ യുഎസ് സ്വന്തം കാര്യം നോക്കി പോകുമെന്നും ഒരുതരത്തിലുമുള്ള മധ്യസ്ഥതയ്ക്കും ഇനി നില്‍ക്കില്ലെന്നുമുള്ള ട്രംപിന്‍റെ നിലപാട് യുഎസ് വൈസ് പ്രസിഡന്‍റ് ജെഡി വാന്‍സ് കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. ആയുധം താഴെ വയ്ക്കാതെ സമാധാനം ഉണ്ടാവില്ലെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു. അതേസമയം,അ ടിസ്ഥാന മൂല്യങ്ങള്‍ ബലികഴിക്കാന്‍ യുക്രെയ്ന്‍ ഒരുകാലത്തും തയ്യാറാവില്ലെന്നായിരുന്നു യുക്രെയ്ന്‍ ചീഫ് ഓഫ് സ്റ്റാഫ് ആന്‍ഡ്രി യെര്‍മക് ഇതിനോട് പ്രതികരിച്ചത്.
അതേസമയം, ട്രംപ് അധികാരമേറ്റതിന് പിന്നാലെ റഷ്യയ്ക്ക് അനുകൂലമായ നിലപാടാണ് വിഷയത്തില്‍ യുഎസ് സ്വീകരിക്കുന്നത്. ജോ ബൈഡന്‍ കടുത്ത റഷ്യന്‍ വിരുദ്ധ നിലപാടാണ് നേരത്തെ സ്വീകരിച്ചിരുന്നത്. ട്രംപാവട്ടെ, വെടിനിര്‍ത്തലിന് വഴങ്ങാന്‍ യുക്രെയ്നെ പ്രേരിപ്പിക്കുന്നത് തുടരുകയും ചെയ്യുന്നു. റഷ്യ നേട്ടമുണ്ടാക്കുന്നോ, യുക്രെയ്ന്‍ നേട്ടമുണ്ടാക്കുന്നോ എന്നതല്ല തന്‍റെ വിഷയമെന്നും യുദ്ധം അവസാനിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു.