അശരണരോടും നീതി അകലെയായവരോടും പ്രത്യേക കരുണയുള്ള ശബ്ദമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടേത്. കോടിക്കണക്കിന് അഭയാര്‍ഥികളുള്ള ഈ ലോകത്ത് തന്നെ കൈപ്പിടിച്ചുയര്‍ത്താന്‍ പാപ്പ കാണിച്ച സൗമനസ്യം നന്ദിയോടെ ഓര്‍ക്കുകയാണ് ഗ്രേസ് എന്‍ജേയ് എന്ന കാമറൂണ്‍ വനിത.
2020 എന്ന വര്‍ഷം ഞെട്ടലോടെയല്ലാതെ ഓര്‍ക്കാനാവില്ല ഗ്രേസിന്. ജീവിതം തലകീഴായി എടുത്തെറിയപ്പെട്ട കൊല്ലമായിരുന്നു അത്. കാമറൂണില്‍ ഗ്രേസ് താമസിച്ചിരുന്ന കൊച്ചു പട്ടണത്തില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. പലായനം ചെയ്യുകയല്ലാതെ മറ്റൊരു മാര്‍ഗവും അവള്‍ക്കില്ലായിരുന്നു. വിദ്യാര്‍ഥിയായിരുന്ന അവള്‍ തുടര്‍പഠനത്തിനായി തുര്‍ക്കി ഗവണ്‍മെന്റിന്റെ പെര്‍മിറ്റും വാങ്ങി സൈപ്രസിലേക്ക് കുടിയേറി. അവിടെയെത്തിയപ്പോഴാണ് കുടിയേറ്റത്തിന്റെ പ്രയാസങ്ങള്‍ ഗ്രേസ് ശരിക്കും മനസിലാക്കിയത്. പഠനച്ചെലവുകള്‍ താങ്ങാനാവാതെ വന്നപ്പോള്‍ ഗ്രേസും അവളുടെ രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ഗ്രീക്ക് അധീനതയിലുള്ളൊരു ദ്വീപിലേക്ക് പലായനം ചെയ്തു. എന്നാല്‍ അതിര്‍ത്തിയില്‍ അവര്‍ പിടിക്കപ്പെട്ടു, തടവിലാക്കപ്പെടുകയും ചെയ്തു. ജീവിതം അവിടെ തീര്‍ന്നെന്ന് കരുതിയിരിക്കെയാണ് സൈപ്രസിലേക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തുന്നത്. കുടിയേറ്റക്കാരെ സഹായിക്കുന്ന ഒരു കത്തോലിക്ക സംഘടന തയ്യറാക്കിയ പട്ടികയില്‍ ഗ്രേസും ഇടം നേടി. ഇറ്റലിയിലേക്ക് പോരാന്‍ തയ്യാറുണ്ടോ എന്നായിരുന്നു ചോദ്യം. മറ്റൊരു മാര്‍ഗവും മുന്നിലില്ലാതിരുന്ന അവള്‍ സമ്മതമറിയിച്ചു. പോപ്പിന്റെ സന്ദര്‍ശന ദിവസമെത്തി. കുടിയേറ്റക്കാരോട് തികഞ്ഞ ക്ഷമയോടെയും കരുതലോടെയും പെരുമാറിയ അദ്ദേഹത്തെ ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു ഗ്രേസ്. അദ്ദേഹത്തിന്റെ ഇടപെടലില്‍ അവര്‍ ഇറ്റലിയിലെത്തി, പഠനം വീണ്ടും തുടങ്ങി. അവിടെവെച്ച് തികച്ചും അപ്രതീക്ഷിതമയാണ് ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് ക്ഷണിക്കുന്നത്. നിങ്ങളാ പ്രശ്നബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നവരല്ലേ. നിങ്ങളുടെ കഥ കേട്ട് എനിക്ക് വലിയ വിഷമം തോന്നുന്നു. നിങ്ങള്‍ക്കായി തീര്‍ച്ചയായും ഞാനെന്തെങ്കിലും ചെയ്തിരിക്കും. ഇന്നും തന്റെയുള്ളില്‍ ആ വാക്കുകള്‍ മുഴങ്ങുന്നുണ്ടെന്ന് പറയുമ്പോള്‍ ഗ്രസിന്റെ കണ്ണുകള്‍ ഈറനണിയുന്നു. കുടിയേറ്റക്കാര്‍ക്കായി എന്നും പോരാടിയ സമാധാനത്തിന്റെ മഹാനായ അപ്പോസ്തലനായിരുന്നു ഫ്രാന്‍സിസ് പാപ്പയെന്ന് തന്റെ നേരനുഭവം കൊണ്ട് സാക്ഷ്യപ്പെടുത്തുകയാണ് ഗേസ്. ഇങ്ങനെ എത്രയെത്ര അനുഭവസാക്ഷ്യങ്ങള്‍.