കത്തോലിക്കാ സഭയിൽ പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് മാറ്റങ്ങൾക്ക് വഴിതെളിക്കുകയും യുദ്ധം അടക്കം വിഷയങ്ങളിൽ നിലപാട് തുറന്നുപറയുകയും ചെയ്ത പാപ്പായാണ് കടന്നുപോകുന്നത്. സ്ത്രീകളെ സഭയിൽ ഉന്നത പദവിയിൽ നിയമിച്ച ഫ്രാൻസിസ് പാപ്പ, കുടിയേറ്റ വിഷയത്തിൽ ഡോണൽഡ് ട്രംപിനെതിരെയും പലസ്തീൻ വിഷയത്തിൽ ഇസ്രയേലിനെതിരെയും രംഗത്തെത്തിയിരുന്നു.
വിശ്വാസത്തിൻറെ കാര്യത്തിൽ മുൻഗാമികളുടെ പരമ്പരാഗത നിലപാടുകളിൽ ഉറച്ചുനിന്ന ഫ്രാൻസിസ് മാർപാപ്പ പക്ഷേ കാലത്തിനനുസരിച്ച് നീങ്ങാൻ സഭയെ ക്രമപ്പെടുത്തുകയായിരുന്നു. സ്ത്രീ പൌരോഹിത്യം, സ്വവർഗ്ഗവിവാഹം തുടങ്ങിയ വിഷയങ്ങളിൽ യാഥാസ്ഥിതികനായി തുടർന്നു. അതേസമയം വത്തിക്കാന്റെ ഉന്നത അധികാര ശ്രേണികളിൽ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു. സ്വവർഗ്ഗ വിവാഹിതരാകുന്ന ദമ്പതികൾക്ക് ആശീർവാദം നൽകുന്നതിന് അനുകൂല നിലപാട് സ്വീകരിച്ചത് വിപ്ലവാത്മകരമായിരുന്നു.
കര്‍ശന നിലപാടെടുക്കുന്നതില്‍ മാത്രമല്ല, വന്നുപോയ തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് മാപ്പിരക്കുന്നതിനും പാപ്പായ്ക്ക് മനസുണ്ടായിരുന്നു. കാനഡയിലെ തദ്ദേശീയരായ കുട്ടികള്‍ കത്തോലിക്കാസഭയുടെ സ്കൂളുകളില്‍ നേരിട്ട വിവേചനത്തിന്, ഫ്രഞ്ച് കത്തോലിക്ക സഭയിലെ വൈദികരില്‍ നിന്നും സന്യസ്തരില്‍ നിന്നും മൂന്നുലക്ഷത്തിലേറെപ്പേര്‍ നേരിട്ട പീഡനത്തിന്, റുമേനിയയിലെ റോമ സമൂഹത്തോടുള്ള പീഡനത്തിന്, തെക്കന്‍ സുഡാനിലെ ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളടക്കം നാലുലക്ഷത്തോളം മനുഷ്യരോടുള്ള കനിവില്ലായ്മയ്ക്ക് അങ്ങനെ സഭയുടെ ചരിത്രത്തിലെ തെറ്റുകുറ്റങ്ങള്‍ക്ക് ലോകത്തിന് മുന്നില്‍ പാപ്പാ മാപ്പിരന്നു, കാല്‍ക്കല്‍ വീണു.
വത്തിക്കാന്റെ അധികാരശ്രേണികളെ കറപിടിപ്പിച്ച ലൈംഗിക ആരോപണങ്ങളെയും അഴിമതി ആരോപണങ്ങളെയും അംഗീകരിച്ചുകൊണ്ട് തന്നെ കടുത്ത നടപടികളിൽ എടുക്കുന്നതിനും മാർപാപ്പ മുന്നിട്ടിറങ്ങി. അതേസമയം ലോകസമാധാനത്തിനും സുസ്ഥിരതയ്ക്കുമായി നിലപാടുകൾ കടുപ്പിച്ചു പറയുന്നതിനും ഫ്രാൻസിസ് പാപ്പ മടി കാണിച്ചിരുന്നില്ല. എതിർപ്പുകൾ വകവയ്ക്കാതെ ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളോട് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകാൻ മാർപാപ്പ മുന്നിട്ടിറങ്ങി.
യുദ്ധം അവസാനിപ്പിക്കുന്നതിനായി തുടർച്ചയായി ആഹ്വാനങ്ങൾ നടത്തിയ മാർപാപ്പ ഫലസ്തീൻ വിഷയത്തിൽ ഇസ്രയേലിനെ എതിർത്തതും ശ്രദ്ധേയമായിരുന്നു. ചുമതലയേറ്റു രണ്ടാം വർഷം തന്നെ പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ മാറ്റത്തിന്റെ അപകടവും സംബന്ധിച്ച് ചാക്രികലേഖനം പുറപ്പെടുവിച്ച മാർപാപ്പ ഇക്കാര്യം യുഎൻ പൊതുസഭയിൽ സംസാരിക്കുകയും ചെയ്തു. അങ്ങനെ സഭയെ കാലത്തിനനുസരിച്ച് നയിക്കുകയും ലോകത്തിന് കാലം ആവശ്യപ്പെടുന്ന ഇടപെടലുകൾ നടത്തിയുമാണ് ഫ്രാൻസിസ് മാർപാപ്പ മടങ്ങുന്നത്.