francis-papa

TOPICS COVERED

മനുഷ്യനിലേക്ക് തുറന്നുവച്ച കണ്ണിലൂടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തെ കണ്ടത്.  സാര്‍ഥകമായ ആ ജീവിതം ബാല്യംമുതല്‍ ശീലിച്ച പാഠങ്ങളിലൊന്ന് വേദനിക്കുന്ന മനുഷ്യരില്‍ ദൈവത്തെക്കണാനായിരുന്നു. സമന്വയത്തിന്റെ ആ മഹാസന്ദേശം മതഭേദങ്ങള്‍ക്കപ്പുറം ലോകത്തിന് പകര്‍ന്നുനല്‍കിയാണ് അദ്ദേഹം മടങ്ങുന്നതും. 

പതിമൂന്നാംവയസിലാണ് മൂത്തമകന്‍ ഹോര്‍ഹെ ബെര്‍ഗോളിയോയെ  പിതാവ് മാരിയോ ബ്യൂണസ് അയേഴ്സ് നഗരപ്രാന്തത്തിലെ വീടിനു സമീപത്തെ ഒരു കാലുറ ഫാക്ടറിയില്‍ ജോലിക്ക് ചേര്‍ത്തത്.  ആദ്യ രണ്ടുവര്‍ഷം അവിടെ തൂപ്പുജോലിയായിരുന്നു. പിന്നീട് ഉച്ചവരെ ഫാക്ടറിയുടെ ലാബിലും ശേഷം പഠനത്തിനുമായി മാറ്റിവയ്ക്കപ്പെട്ടു.  അവിടെവച്ചാണ് മനുഷ്യനില്‍ നന്മയും തിന്മയുമുണ്ടെന്ന് ആ ബാലന്‍ തിരിച്ചറിഞ്ഞത്.  

തിന്മയെ അകറ്റി നിര്‍ത്താനും നന്മയെ ആശ്ലേഷിക്കാനുമുള്ള ഉള്‍ക്കാഴ്ചയിലേക്ക് പാകപ്പെടുമ്പോഴും തിന്മയില്‍ നിന്ന് നന്മയിലേക്ക് ദൂരമില്ലാത്തൊരു ലോകമായിരുന്നു  മനസില്‍. 1929 ല്‍ അര്‍ജന്റീനയിലേക്ക് കുടിയേറിയ ഇറ്റാലിയന്‍ കുടുംബശാഖ മൂന്നാംതലമുറയില്‍ എത്തിയപ്പോഴും ഏറ്റവും വലിയമൂലധനം ദൈവാശ്രയത്വം തന്നെയായിരുന്നു.  മാതാവ് റെജീനയെ തളര്‍വാതം തളച്ചിട്ട കാലംമുതല്‍ ഹോര്‍ഹെയും നാല് സഹോദരങ്ങളും വീടിന്റെ നടത്തിപ്പുകാരായി. 

പാചകവും പ്രാര്‍ഥനയും കളിചിരികളും സ്വയാശ്രയത്വവുമായി അര്‍ഥപൂര്‍ണമായ ബാല്യം. പക്ഷെ, 1953 സെപ്റ്റംബര്‍ 21 ന്  സ്കൂളിലെ കൂട്ടുകാര്‍ക്കൊപ്പം ഒരു പിക്നികിന് പോകാന്‍ തയാറെടുത്തുനിന്ന ഹോര്‍ഹെ, ഏതോ ഉള്‍വിളിയുടെ പ്രേരണയില്‍ ദേവാലയത്തിലേക്കോടി.. അവിടെക്കണ്ട അജ്ഞാതനായ പുരോഹിതസമക്ഷം കുമ്പസാരിച്ചു– പിന്നെ സ്വന്തം നിയോഗങ്ങളെ തിരുത്തിയെഴുതി. പൗരോഹിത്യം ജീവിതലക്ഷ്യമാക്കി. അമ്മയുടെ  എതിര്‍പ്പുകള്‍ക്കിടെയായിരുന്നു ഈശോസഭാ സെമിനാരി പ്രവേശം.

 1969 ഡിസംബറില്‍ വൈദികനായി. 1973 മുതൽ 1979 അർജന്റീനയിലെ ഈശോസഭാസമൂഹത്തിന്റെ  പ്രൊവിന്‍ഷ്യളായി. പട്ടാളഭരണത്തിലായിരുന്ന അര്‍ജന്റീന കൊടിയപീഡനമേറ്റും വിശന്നെരിഞ്ഞും കടന്നുപോയ കാലമായിരുന്നു അത്. ഇതിനിടയില്‍ ഇടതുപക്ഷത്തിന്റെ സായുധവിപ്ലവാഹ്വാനം. രാജ്യം രണ്ടുചേരിയായി. ഒരു ചേരിയിലുമില്ലാത്ത ഭൂരിപക്ഷജനത്തിന്റെ കണ്ണീരൊപ്പിയത് ഫാ. ഹോര്‍ഹെയുടെ നേതൃത്വത്തിലുള്ള ഈശോസഭാ വൈദികരായിരുന്നു. 

1998 ല്‍ ബ്യൂണസ് അയേഴ്സിലെ സഹായമെത്രാനായി. അര്‍ജന്റീനയും സഭയും അന്നോളം കണ്ടിട്ടില്ലാത്ത ആത്മസമര്‍പ്പണത്തിന്റെ ശുശ്രൂഷാകാലം. രോഗികള്‍ക്ക് കൂട്ടിരിക്കുന്ന ബിഷപ്പ്, ഏതു സന്ദര്‍ശകനും വാതില്‍ തുറന്നുനല്‍കുന്ന പരിചാരകന്‍, ചേരികളിലെ നിത്യസന്ദര്‍ശകന്‍, അവരുടെ തകരക്കുടിലുകളില്‍ ബലിയര്‍പ്പിച്ച പുരോഹിതന്‍, അവരുടെ ഉള്ളുതൊടുന്ന ഭാഷയില്‍ വചനം പ്രഘോഷിച്ച ശുശ്രൂഷകന്‍, ചിലപ്പോള്‍ അവരെ വച്ചുവിളമ്പിയൂട്ടുന്ന പാചകക്കാരന്‍ .

 2001 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളായി ഉയര്‍ത്തി. പിന്നാലെ റോമന്‍ കൂരിയയിലെ വിവിധ പദവികള്‍. കര്‍ദിനാള്‍ സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് പുതിയ സഭാവസ്ത്രം തയ്പ്പിച്ചില്ല, മുന്‍ഗാമിയുടെ വസ്ത്രം തനിക്ക് പാകപ്പെടുംവിധം മാറ്റിയെടുത്തു, അര്‍ജന്റീനയുടെ പൊടിപുരണ്ട ഷൂ ധരിച്ചാണ് വത്തിക്കാനില്‍ സഭാധികാരച്ചെങ്കോല്‍ ഏറ്റുവാങ്ങിയത്. റോമിലേക്ക് ഒപ്പംവരാന്‍ പണം സ്വരുക്കൂട്ടിയവരെ വിലക്കി, ആ പണംകൊണ്ട് കുറെ സാധുക്കളുടെ വയറുനിറഞ്ഞു. 

കര്‍ദിനാളായിരിക്കെ എയ്ഡ്സ് രോഗികളുടെ പാദംകഴുകി ചുംബിച്ച് ലോകത്തിനും സഭയ്ക്കും സ്വയം പാഠപുസ്തമായി. 2005 ല്‍ ജോണ്‍പോള്‍ രണ്ടാമന് പിന്‍ഗാമിയെത്തേടിയുള്ള അന്വേഷണത്തിലെ വോട്ടെടുപ്പില്‍ രണ്ടാമതെത്തി.  ബെനഡിക്ട് പാപ്പ സ്ഥാനത്യാഗം ചെയ്ത 2013 ല്‍ പക്ഷെ ഉയര്‍ന്നുകേട്ടത് മറ്റുപല പേരുകളുമായിരുന്നു.  കോണ്‍ക്ലേവിന് മുന്നോടിയായി നടന്ന കര്‍ദിനാള്‍മാരുടെ പ്രാര്‍ഥനാ കൂട്ടായ്മയില്‍ നടത്തിയ മൂന്നരമിനിറ്റ് മാത്രം നീണ്ടുനിന്നൊരു പ്രസംഗം  ലോകത്തിന്റെ കണ്ണുതുറപ്പിച്ചു. സഭ സ്വയം ഉള്‍വലിയാതെ ലോകത്തിന്റെ പുറമ്പോക്കിലെ മനുഷ്യരെ േതടിയിറങ്ങണമെന്നായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. 

വര്‍ഗസമരത്തിന്റെ മാര്‍ക്സിയന്‍ രീതിശാസ്ത്രങ്ങള്‍ക്കും പദാവലികള്‍ക്കും സാധിക്കുന്നതിനുമപ്പുറം ദരിദ്രരുടെ ജീവിതം വരച്ചിട്ടു ആ വാക്കുകള്‍. പിന്നീട് നടന്ന നാല് വോട്ടെടുപ്പുകളെ കറുത്ത പുകമറച്ചു. മാര്‍ച്ച് 13 ന് നടന്ന അഞ്ചാംറൗണ്ട് വോട്ടെടുപ്പില്‍  മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി കര്‍ദിനാള്‍ ജോർജ് മരിയോ ബെര്‍ഗോളിയോ പ്രതീക്ഷാഭരിതമായ സഭാമുഖമായി. പാവങ്ങളെ മറക്കാതിരിക്കാന്‍ അസീസിയിലെ ദരിദ്രഭിക്ഷുവിന്റെ പേര് സ്വീകരിച്ചു.. തീര്‍ന്നില്ല, അന്ന് ചാപ്പലിന്റെ മട്ടുപ്പാവിനുതാഴെ കൂടിനിന്ന പതിനായിരങ്ങള്‍ക്ക് മുന്നില്‍ ശിരസുകുനിച്ച് അനുഗ്രഹം തേടി. ആശിര്‍വദിച്ച് മാത്രം ശീലിച്ച മാര്‍പാപ്പമാര്‍ ഒരിക്കലും ചെയ്തിട്ടില്ലാത്ത ഒന്ന്.

ENGLISH SUMMARY:

Pope Francis saw the world through eyes that were always open to humanity. One of the most profound lessons he practiced since childhood was to see God in those who suffer. As he departs, he leaves behind a powerful message of unity and compassion that transcends religious boundaries.