(FILES) Pope Francis (L) waves at the end of his weekly general audience at Saint Peter's Square in the Vatican on October 26, 2022. Pope Francis died on April 21, 2025 announced The Vatican. (Photo by Vincenzo PINTO / AFP)

  • അന്ത്യവിശ്രമത്തിന് ഒറ്റപ്പെട്ടി
  • റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിൽ അന്ത്യവിശ്രമം

മാർപാപ്പ കാലംചെയ്താൽ അതിവിപുലവും സങ്കീർണവുമായ അന്ത്യശുശ്രൂഷാ ചടങ്ങുകളാണ് നിഷ്കർഷിച്ചിട്ടുള്ളത്. എന്നാൽ തന്റെ അന്ത്യയാത്ര ലളിതമായിരിക്കണമെന്ന് ഫ്രാൻസിസ് പാപ്പയ്ക്ക് നിർബന്ധമുണ്ടായിരുന്നു. അദ്ദേഹം അക്കാര്യം നിർദേശിച്ചിട്ടുമുണ്ട്. ഒട്ടും സങ്കീർണമല്ലാത്ത വിധത്തിൽ വേണം തന്റെ അന്ത്യവിശ്രമത്തിനുള്ള ഒരുക്കങ്ങളെന്നായിരുന്നു ഫ്രാൻസിസ് പാപ്പയുടെ ആഗ്രഹവും നിർദേശവും. ഇതിനുള്ള നടപടിക്രമങ്ങൾ അദ്ദേഹം മരിക്കുന്നതിന് മുൻപ് ഒപ്പുവച്ചിരുന്നു.

Image: vaticannews

സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ക്രമീകരിച്ച ഉയർന്ന പീഠത്തിലാണ് (കാറ്റഫാൽക്) മാർപാപ്പയുടെ ഭൗതികശരീരം സാധാരണപൊതുദർശനത്തിനായി കിടത്തുക. ഈ രീതി വേണ്ടെന്നാണ് ഫ്രാൻസിസ് പാപ്പ നിർദേശിച്ചത്. സാധാരണ ഉയരത്തിൽത്തന്നെ പെട്ടിവച്ച് അതിൽ കിടത്തിയാകും പൊതുദർശനം. പെട്ടിയുടെ മൂടി മാറ്റിവയ്ക്കും. 

ഒന്നിനുള്ളിൽ ഒന്ന് എന്ന നിലയിൽ മൂന്ന് പെട്ടികൾക്കുള്ളിൽ കിടത്തിയാകും സാധാരണ മാർപാപ്പയുടെ ഭൗതികദേഹം അന്ത്യവിശ്രമത്തിനായി വയ്ക്കുക. സൈപ്രസ് മരത്തിൽ നിർമിച്ച ആദ്യത്തെ പെട്ടിയില്‍ മാർപാപ്പയുടെ ഭൗതികശരീരം കിടത്തും. ഇത് ഈയം കൊണ്ട് നിർമിച്ച മറ്റൊരു പെട്ടിക്കുള്ളിൽ വയ്ക്കും. പിന്നീട് ഓക്ക് മരത്തിൽ നിർമിച്ച മൂന്നാമത്തെ പെട്ടിയിൽ വച്ച് അടച്ച് കല്ലറയിലേക്ക് വയ്ക്കും. ഇത്തരം സങ്കീർണതകളൊന്നും ആവശ്യമില്ലെന്ന് ഫ്രാൻസിസ് പാപ്പ നിഷ്കർഷിച്ചതിന്‍റെ അടിസ്ഥാനത്തിൽ നാകം പതിച്ച സാധാരണ തടികൊണ്ട് നിർമിച്ച ഒറ്റപ്പെട്ടിയിലായിരിക്കും അന്ത്യവിശ്രമം. ചരിത്രം കുറിച്ച മറ്റ് പല നിലപാടുകളും പോലെ നൂറ്റാണ്ടുകളുടെ കീഴ്​വഴക്കത്തിന് അന്ത്യം കുറിച്ച തീരുമാനം!

Pope Leo Image: Braun et Compagnie

നൂറ്റാണ്ടുകൾക്കിടെ വത്തിക്കാന് പുറത്ത് അന്ത്യവിശ്രമം കൊള്ളുന്ന ആദ്യ മാർപാപ്പയായും പോപ് ഫ്രാൻസിസ് മാറും.  റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിൽ തനിക്ക് അന്ത്യവിശ്രമം ഒരുക്കണമെന്നാണ് പാപ്പ നിർദേശിച്ചത്. വിദേശസന്ദർശനങ്ങൾക്ക് പോകുന്നതിന് മുൻപും തിരിച്ചുവന്ന ശേഷവും മാർപാപ്പ സെന്റ് മേരി മേജർ ബസിലിക്കയില്‍ പ്രാര്‍ഥിക്കാനെത്തിയിരുന്നു. 1903ൽ കാലം ചെയ്ത ലിയോ പതിമൂന്നാമൻ മാർപാപ്പയാണ് ഇതിനുമുൻപ് വത്തിക്കാന് പുറത്തെ അന്ത്യവിശ്രമസ്ഥലം തിരഞ്ഞെടുത്തത്. റോമിലെ സെന്‍റ് ജോൺ ബസിലിക്കയിലാണ് ലിയോ പാപ്പയെ അടക്കം ചെയ്തത്.

ENGLISH SUMMARY:

Breaking with centuries of tradition, Pope Francis has requested a simple burial—no elevated platform, no triple coffins. His instructions, signed before his passing, reflect his lifelong humility. A single wooden coffin will mark the final journey of this revolutionary pontiff.