വത്തിക്കാനിൽ നിന്ന് കുട്ടനാട്ടിലേക്ക് വിശുദ്ധരുടെ തിരുശേഷിപ്പുകൾ എത്തുന്നു. പുതുക്കിപ്പണിത് കൂദാശ ചെയ്യുന്ന കുട്ടനാട് വേഴപ്ര സെൻ്റ് പോൾസ് പള്ളിയിലാണ് തിരുശേഷിപ്പുകൾ നാളെ പ്രതിഷ്ഠിക്കുന്നത്. ദേവാലയത്തിൻ്റെ കൂദാശ കർമം ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ ഇന്ന് ഉച്ചകഴിഞ്ഞ് നിർവഹിക്കും.
വേഴപ്രയിലെ വിശ്വാസികളുടെ മാസങ്ങളായുള്ള കാത്തിരിപ്പ് പൂവണിയുന്ന ദിനമാണ് ഇന്ന്. പച്ച വിരിച്ചു നിൽക്കുന്ന പാടശേഖരത്തിൻ്റെ ഓരത്ത് മനോഹരമായ ആരാധനാ കേന്ദ്രം. ചങ്ങനാശേരി അതിരൂപതയിൽ വിശുദ്ധ പൗലോസിൻ്റെ നാമധേയത്തിലുള്ള ഏക ദേവാലയമാണിത്. പുതിയ പള്ളിയുടെ കൂദാശ കർമം ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ ഇന്ന് നിർവഹിക്കും.
കൽക്കുരിശ്, കൊടിമരം എന്നിവയുടെ ആശീർവാദം മാർ ജോസഫ് പെരുന്തോട്ടം നിർവഹിക്കും. നാളെ രാവിലെ 9.30ന് വത്തിക്കാനിൽ നിന്നെത്തിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ കാർലോ അക്യൂട്ടിസിൻ്റെയും തിരുശേഷിപ്പുകൾക്ക് സ്വീകരണം നൽകും. തുടർന്ന് തിരുശേഷിപ്പുകൾ ദൈവാലയത്തിൽ പ്രതിഷ്ഠിക്കും. കൂദാശ ചെയ്ത പുതിയ ദേവാലയത്തിൽ കർദിനാൾ മാർ ജോർജ് കൂവക്കാട് വിശുദ്ധ കുർബാനയർപ്പിക്കും. ആദ്യമായാണ് കുട്ടനാട്ടിലെ ഒരു ദൈവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ കാർലോ അക്യൂട്ടിസിൻ്റെയും തിരുശേഷിപ്പുകൾ പ്രതിഷ്ഠിക്കുന്നത്.