A scene from James Cameron’s 'Titanic.' (AP Photo/Paramount Pictures)

A scene from James Cameron’s 'Titanic.' (AP Photo/Paramount Pictures)

1997 ലെ ജെയിംസ് കാമറൂണ്‍ ചിത്രം ടൈറ്റാനികിന്‍റെ ക്ലൈമാക്സില്‍ ഒരു രംഗമുണ്ട്... ടൈറ്റാനിക് മുങ്ങിത്താഴുമ്പോള്‍ പരമാവധി യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ക്രൂ, അതിനിടയിലും ആശ്വാസത്തിന്‍റെ സംഗീതം വായിക്കുന്ന വയലിനിസ്റ്റുകള്‍. സിനിമ ഫിക്ഷനാണ്. എന്നാല്‍ ടൈറ്റാനിക് മുങ്ങിത്താണ ആ ദിവസം കപ്പലിലെ യാത്രികരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കപ്പലിലെ ക്രൂ ജീവന്‍ വെ‍ടിഞ്ഞത്.  ഇന്ന് കടലിന്‍റെ അടിത്തട്ടിലുള്ള കപ്പലിന്‍റെ പുതിയ ഡിജിറ്റല്‍ സ്കാന്‍ അത് വെളിവാക്കുന്നു.

titanic-wreckage

View of the bow of the Titanic, in the Atlantic Ocean created using deep-sea mapping (Atlantic/Magellan via AP)

ടൈറ്റാനിക്കിന്‍റെ കൂറ്റൻ ബോയിലർ റൂമുകളിൽ ഒന്നിനെക്കുറിച്ച് വിദഗ്ദ്ധർ പഠനം നടത്തിവരികയാണ്. മാത്രമല്ല കപ്പലിന്‍റെ ഡെക്കിൽ തുറന്ന രീതിയില്‍ ഒരു വാൽവ് കണ്ടെത്തിയിട്ടുണ്ട്, ഇത് അവസാന നിമിഷവും കപ്പലിലെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംവിധാനത്തിലേക്ക് നീരാവി എത്തിയിരുന്നു എന്നതിന് തെളിവാണ്. അതിന് കാരണം ടൈറ്റാനിക്കിലെ ഒരുകൂട്ടം ജീവനക്കാര്‍ കപ്പലിലെ ലൈറ്റുകള്‍ പ്രകാശിപ്പിക്കാന്‍ അവസാന നിമിഷം വരെ ശ്രമിച്ചിരുന്നു എന്നാണ്. ഈ പ്രകാശമാണ് യാത്രക്കാരെ ലൈഫ് ബോട്ടുകളിലേക്ക് മാറ്റാന്‍ അറ്റലാന്‍റികിലെ തണുത്തുറഞ്ഞ ഇരുട്ടിലും വെളിച്ചമായത്. ഈ ലൈറ്റുകള്‍ പ്രകാശിപ്പിക്കാന്‍ കപ്പല്‍ മുങ്ങുംവരെയും കല്‍ക്കരി ചൂളകളിലേക്ക് കോരിയിടാൻ ശ്രമിച്ചു. ജീവന്‍വെടിഞ്ഞും അവര്‍ പരമാവധി ജീവനുകളെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. കപ്പൽ പതുക്കെ മുങ്ങുമ്പോഴും ലൈറ്റുകൾ കത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞിട്ടുണ്ട്. 

നാഷണൽ ജിയോഗ്രാഫിക് ആൻഡ് അറ്റ്ലാന്റിക് പ്രൊഡക്ഷൻസ് പുറത്തിറക്കുന്ന ടൈറ്റാനിക്: ദി ഡിജിറ്റൽ റെസറക്ഷൻ എന്ന പുതിയ ഡോക്യുമെന്ററിയുടെ ഭാഗമാണ് ഡിജിറ്റല്‍ സ്കാന്‍. ഇന്ന് അറ്റ്ലാന്‍റികിന്‍റെ അടിത്തട്ടില്‍ 3,800 അടി ആഴത്തില്‍ കിടക്കുന്ന കപ്പല്‍ അവശിഷ്ടങ്ങളുടെ ഏഴ് ലക്ഷം ചിത്രങ്ങള്‍ ഉപയോഗിച്ചാണ് കപ്പലിന്‍റെ ത്രീ ഡി മോഡല്‍, ഒരു ഡിജിറ്റല്‍ ട്വിന്‍ തയ്യാറാക്കിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി അണ്ടര്‍ വാട്ടര്‍ റൊബോട്ടുകളെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരിക്കലും മുങ്ങില്ലെന്ന് ആഘോഷിക്കപ്പെട്ട, കന്നി യാത്രയില്‍ തന്നെ ദുരന്തമായി തീര്‍ന്ന കപ്പലിന്‍റെ അവസാന നമിഷങ്ങളാണ് ഡീറ്റെയില്‍ഡ് ഡിജിറ്റല്‍ സ്കാനിലൂടെ പുറംലോകം കാണുന്നത്. ദുരന്തത്തില്‍ അന്ന് 1500 ഓളം പേരാണ് മരിച്ചത്. ദുരന്തത്തിൽ കപ്പല്‍ ജീവനക്കാര്‍ എല്ലാവരും മരിച്ചു, പക്ഷേ അവരുടെ വീരോചിതമായ പ്രവ‍ൃത്തികള്‍ ഒട്ടേറെ  ജീവൻ രക്ഷിച്ചുവെന്ന് ടൈറ്റാനിക് അനലിസ്റ്റ് പാർക്ക്സ് സ്റ്റീഫൻണ്‍ പറയുന്നു.

wreckage-titanic

(Atlantic/Magellan via AP)

1912 ലാണ് ടൈറ്റാനിക് ദുരന്തമുണ്ടാകുന്നത്. അറ്റ്ലാന്‍റികിലെ ഒരു മഞ്ഞുമലയില്‍ ഇടിക്കുകയായിരുന്നു. ടൈറ്റാനിക്കിന്റെ മഞ്ഞുമലയുമായുള്ള കൂട്ടിയിടി നിസ്സാരമായിരുന്നെങ്കിലും, അത് കപ്പലുടനീളം ദ്വാരങ്ങളുണ്ടാക്കി. മഞ്ഞുമലയിൽ ഇടിച്ചതിനു പിന്നാലെ എഫോര്‍ വലിപ്പമുള്ള കടലാസുകളോളം പോന്ന ദ്വാരങ്ങള്‍ കപ്പലിലുണ്ടാകുകയും ഇതാണ് കപ്പല്‍ മുങ്ങാന്‍ കാരണമെന്നുമാണ് പുതിയ ഡിജിറ്റല്‍ സ്കാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ ഒരുപാട് ദ്വാരങ്ങളുണ്ടായിരുന്നെന്നും കമ്പ്യൂട്ടർ സിമുലേഷൻ വ്യക്തമാക്കുന്നു. കപ്പല്‍ മഞ്ഞുമലയിലിടിച്ചപ്പോള്‍ മഞ്ഞുമലയും തകര്‍ന്നതായി റിപ്പോര്‍ട്ടിലുണ്ട്. അത്തരത്തില്‍ ഉണ്ടായ ഒരു ദ്വാരവും സ്കാനിലെ കണ്ടെത്തലുകളിൽപെടുന്നു. കൂട്ടിയിടിയില്‍ യാത്രക്കാരുടെ ക്യാബിനുകളിൽ വരെ ഐസ് എത്തിയിരുന്നു എന്ന വാദങ്ങളെ പിന്തുണയ്ക്കുന്നതാണ് ഈ കണ്ടെത്തല്‍. മഞ്ഞുമല ഇടിച്ചു തകർന്ന ഒരു ദ്വാരം ഉൾപ്പെടെയുള്ള പുതിയ ക്ലോസ്-അപ്പ് സ്കാനുകളും ലഭ്യമായിട്ടുണ്ട്.

‘ഒരിക്കലും മുങ്ങാൻ പാടില്ല’ എന്നാ ആശയത്തില്‍ നിര്‍മിച്ച കപ്പലാണ് ടൈറ്റാനിക്, നാല് കമ്പാർട്ടുമെന്റുകൾ വെള്ളം കയറിയാലും പൊങ്ങിക്കിടക്കുന്ന തരത്തിലാണ് അത് രൂപകൽപ്പന ചെയ്തിരുന്നത്. എന്നാല്‍ സിമുലേഷൻ കണക്കാക്കുന്നത് മഞ്ഞുമലയിലിടിച്ചതോടെ ആറ് കമ്പാർട്ടുമെന്റുകളില്‍ വെള്ളം കയറിയെന്നാണ്. എന്താണ് അന്ന് സംഭവിച്ചതെന്ന് കൃത്യമായി മനസിലാക്കാന്‍ കപ്പലിന്‍റെ അവശിഷ്ടങ്ങളുടെ പൂര്‍ണവും ത്രിമാനവുമായ കാഴ്ച ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് സ്റ്റീഫൻസൺ പറയുന്നു. സ്കാനിംഗിൽ കപ്പലിന്റെ അവശിഷ്ടങ്ങൾ കടലിന്റെ അടിത്തട്ടിൽ ചിതറിക്കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കപ്പലിലെ യാത്രക്കാരുടെ സ്വകാര്യ വസ്തുക്കളും കടലിന്റെ അടിത്തട്ടിൽ ചിതറിക്കിടക്കുന്നുണ്ട്.

ship-titanic

Image Credit: Reuters

 ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ അതിവേഗം നശിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത 40 വർഷത്തിനുള്ളിൽ കപ്പലിന്റെ അവശിഷ്ടങ്ങൾ പൂർണ്ണമായും അപ്രത്യക്ഷമാകുമെന്നും വിദഗ്ദ്ധർ പറയുന്നു. ടൈറ്റാനിക് ദുരന്തത്തിന്‍റെ ശേഷിക്കുന്ന ഒരേയൊരു രക്തസാക്ഷിയാണ് കടലിനടിയിലെ അവശേഷിക്കുന്ന കപ്പല്‍ അവശിഷ്ടങ്ങള്‍ എന്നാണ് പാർക്ക്സ് സ്റ്റീഫൻണ്‍ പറയുന്നത്. അതിന് ഇനിയും കഥകൾ പറയാനുണ്ടെന്നും അദ്ദേഹം പറയുന്നതായി ഇൻഡിപെൻഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ENGLISH SUMMARY:

A new 3D digital scan of the Titanic reveals previously unseen details about the crew’s heroic efforts to keep the ship lit until its final moments. The documentary Titanic: The Digital Resurrection brings to light how crew members sacrificed their lives to save others, using over 700,000 underwater images to recreate the wreck in stunning detail.