TOPICS COVERED

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത പുരസ്‌കാരം പ്രഖ്യാപിച്ച് മൗറീഷ്യസ്. ഇന്ന് ദേശീയദിനത്തില്‍ മുഖ്യാതിഥിയായെത്തുമ്പോള്‍ മോദിക്ക് പുരസ്‌കാരം സമ്മാനിക്കും. അംഗീകാരത്തിന് നന്ദിപറഞ്ഞ പ്രധാനമന്ത്രി മൗറീഷ്യസ് മിനി ഇന്ത്യയാണെന്നു പ്രതികരിച്ചു. പോര്‍ട്ട് ലൂയിസില്‍ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്തു.

മൗറീഷ്യസിന്റെ പരമോന്നത പുരസ്‌കാരമായ ദ് ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദ് ഓഡര്‍ ഓഫ് ദ് സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ദ് ഇന്ത്യന്‍ ഓഷ്യന്‍ പുരസ്‌കാരമാണ് മോദിക്ക് സമ്മാനിക്കുന്നത്. പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനും അഞ്ചാമത്തെ വിദേശിയുമാണ് പ്രധാനമന്ത്രി. ഇന്നലെ പോര്‍ട്ട് ലൂയിസില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യാന്‍ മോദി എത്തിയപ്പോഴായിരുന്നു മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര രാംഗൂലം പുരസ്‌കാരം നല്‍കുന്ന കാര്യ അറിയിച്ചത്

ഇന്ത്യയിലെ എല്ലാഭാഗങ്ങളില്‍നിന്നും ഉള്ളവര്‍ മൗറീഷ്യസില്‍ ഉണ്ടെന്നും ഗ്ലോബല്‍ സൗത്തുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്നത് മൗറീഷ്യസ് ആണെന്നും മോദി പറഞ്ഞു. ബിഹാര്‍ ജനതയ്ക്ക് മൗറീഷ്യസുമായുള്ള ബന്ധം എടുത്തുപറഞ്ഞ പ്രധാനമന്ത്രി ഭോജ്പുരിയില്‍ സംസാരിക്കുകയും ചെയ്തു.

മൗറീഷ്യസ് പ്രധാനമന്ത്രിക്കും ഭാര്യക്കും ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ കാര്‍ഡുകളും മോദി സമ്മാനിച്ചു. ഇന്ന് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുശേഷം നിരവധി ധാരണാപത്രങ്ങളിലും ഒപ്പുവയ്ക്കും. ഇന്നലെ രാഷ്ട്രപതി ധരം ഖോകൂലുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി.

Mauritius announces the highest civilian award for Prime Minister Narendra Modi: