നാഷണൽ ഹെറൾഡ് കേസിലെ ഇഡി കുറ്റപത്രം തള്ളിയ റൗസ് അവന്യൂ കോടതി നടപടി നരേന്ദ്രമോദിക്കും അമിത് ഷാക്കും മുഖത്തേറ്റ അടി എന്ന് കോൺഗ്രസ്. ഇരുവരും രാജിവെക്കണമെന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. സത്യം തുറന്നുകാട്ടി പോരാട്ടം തുടരുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. രാഷ്ട്രീയ വേട്ടയാടലിനെതിരെ രാജവ്യാപക പ്രതിഷേധത്തിനൊപ്പം എംപിമാർ പാർലമെൻറിലും  പ്രതിഷേധിച്ചു.

ഏഴുവർഷമായി വേട്ടയാടുന്ന നാഷണൽ ഹെറാൾഡ് കേസിലെ റൗസ് അവന്യു കോടതി ഉത്തരവ് മോദി സർക്കാരിനെതിരെ തിരിച്ചു പ്രയോഗിക്കുകയാണ് കോൺഗ്രസ്.

എഫ്ഐആർ ഇല്ലാതെയുള്ള ഇഡി അന്വേഷണം നിയമപരമല്ലെന്ന് നിരീക്ഷിച്ച് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ നടപടികൾ നിലനിൽക്കില്ലെന്ന റൗസ് അവന്യു കോടതി ഉത്തരവ് പാർട്ടിക്ക് ആശ്വാസമാണ്. രാഷ്ട്രീയ വേട്ടയാടലിനായി അന്വേഷണ ഏജൻസികളെ ഉപയോഗിച്ചതിന്റെ ഉത്തമ ഉദാഹരണമായി കോൺഗ്രസ് ഉയർത്തി കാണിക്കുന്നു. തിരഞ്ഞെടുപ്പുറാലികളിൽ അടക്കം ഇക്കാര്യം ഉയർത്തി പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മാപ്പുപറഞ്ഞ് രാജിവെക്കണം എന്നാണ് ആവശ്യം.

ആവശ്യമുയർത്തി പാർലമെന്റിന്റെ മകര കവാടത്തിൽ എംപിമാർ പ്രതിഷേധിച്ചു. പതിവിൽ നിന്ന് വിപരീതമായി സത്യമേവ ജയതേ ബാനർ പിടിച്ചുള്ള പ്രതിഷേധത്തിൽ ശശി തരൂരും പങ്കെടുത്തു. മുതലാളിമാർ പറയുന്നത് ഇഡി അനുസരിച്ചു കൊണ്ടിരിക്കുമെന്നതിനാൽ തുടർനടപടി  ഉണ്ടാകുമെന്നും പോരാട്ടം തുടരുമെന്നും കെ.സി. വേണുഗോപാൽ. കുറ്റപത്രം തള്ളിയ വിചാരണക്കോടതി നടപടിക്കെതിരെ ഇ.ഡി  ഹൈക്കോടതിയെ സമീപിച്ചേക്കും. അപ്പീല്‍ സാധ്യത ഇ.ഡി പരിശോധിക്കും. ഡല്‍ഹി പൊലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം റജിസ്റ്റര്‍ ചെയ്ത കേസില്‍ പുതിയ കുറ്റപത്രം മൂന്ന് മാസത്തിനുള്ളിൽ സമർപ്പിക്കാനും നീക്കമുണ്ട്.

ENGLISH SUMMARY:

National Herald case verdict is a significant blow to the Modi government, according to the Congress party. The party is demanding accountability and highlighting the alleged misuse of investigative agencies for political gain.