image: x.com/clowndownunder
പെരുമ്പാമ്പിനെ സ്കിപ്പിങ് റോപ്പാക്കി ചാടിക്കളിക്കുന്ന കുട്ടികളെ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ ലോകം. മധ്യ ക്വീന്‍സ്ലന്‍ഡിലെ വൂറാബിന്‍ഡയില്‍ നിന്നുള്ള കുട്ടികളാണ് കറുത്ത തലയുള്ള പെരുമ്പാമ്പിനെ വച്ച് ചാടിക്കളിച്ചത്. രണ്ടുകുട്ടികള്‍ പാമ്പിന്‍റെ തലയിലും വാലിലുമായി പിടിച്ചിരിക്കുന്നതും ഒരു കുട്ടി ചാടുന്നതുമാണ് വിഡിയോയിലുള്ളത്. വിഡിയോ വൈറലായതിന് പിന്നാലെ കടുത്ത അമര്‍ഷമാണ് സൈബര്‍ ലോകത്ത് ഉയര്‍ന്നത്. അന്വേഷണം വേണമെന്നും ക്രൂരതയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.
വിഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചത്ത പാമ്പാണിതെന്ന് കണ്ടെത്തി. കറുത്ത തലയുള്ള പെരുമ്പാമ്പിനെ കുട്ടികള്‍ പിടിച്ച് കൊണ്ട് നില്‍ക്കുന്നതും 'എന്നെ കാണിക്കൂ, എന്നെ കാണിക്കൂ, നോക്കട്ടെ എന്ന് പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. കുട്ടികള്‍ പിടിക്കുമ്പോള്‍ പാമ്പിന് ജീവനുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഡിയോയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ക്വീന്‍സ്ലന്‍ഡിലെ പരിസ്ഥിതി– ടൂറിസം മന്ത്രാലയം സംഭവത്തെ അപലപിച്ചു. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ക്വീന്‍സ്ലന്‍ഡിലെ പ്രകൃതി സംരക്ഷണ നിയമം അനുസരിച്ച് കറുത്ത തലയുള്ള പെരുമ്പാമ്പ് സംരക്ഷിതയിനത്തില്‍പ്പെട്ട ജീവിയാണ്. ഇതിനെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും കാട്ടില്‍ നിന്ന് പുറത്ത് എത്തിക്കുന്നതും ശിക്ഷാര്‍ഹവുമാണ്. കുറ്റം തെളിഞ്ഞാല്‍ 12615 യുഎസ് ഡോളര്‍ പിഴയീടാക്കും.
വടക്കന്‍ ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന വിഷമില്ലാത്തയിനം പെരുമ്പാമ്പുകളാണ് കറുത്ത തലയന്‍ പെരുമ്പാമ്പുകള്‍. മൂന്നര മീറ്റര്‍ വരെ അവയ്ക്ക് നീളം വയ്ക്കും. ഇരയെ പിടികൂടിയാല്‍ ഞെരുക്കി കൊല്ലുകയാണ് ഇവ ചെയ്യുക. പ്രകോപിപ്പിച്ചില്ലെങ്കില്‍ ഇവ സാധാരണഗതിയില്‍ മനുഷ്യരെ ഉപദ്രവിക്കാറില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.