ഇന്നത്തെ കുട്ടികളുടെ കയ്യില്‍ കളിപ്പാട്ടങ്ങളെക്കാള്‍ കൂടുതല്‍ സമയമുള്ളത് മൊബൈല്‍ഫോണുകളാണ്. പലപ്പോഴും രക്ഷിതാക്കള്‍പ്പോലും അറിയാതെ അവര്‍ത്തന്നെയാണ് അതിന് കാരണമാകുന്നതും.
കുട്ടികള്‍ കരയുമ്പോഴോ ഭക്ഷണം കഴിക്കാതിരുന്നാലോ സമാധാനിപ്പിക്കാനായി ഫോണ്‍ നല്‍കും. ചെറിയ പ്രായത്തില്‍ ത്തന്നെ ഇത്തരത്തില്‍ മൊബൈല്‍ഫോണും മറ്റും നിരന്തരം ഉപയോഗിക്കുന്ന കുട്ടികളില്‍ ക്രമേണെ മാനസീക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കുട്ടികള്‍ കരയുമ്പോഴോ ഭക്ഷണം കഴിപ്പിക്കാന്‍ വേണ്ടിയോ മൊബൈല്‍ കൊടുക്കുന്നത് നിര്‍ത്തണമെന്നാണ് വിദഗ്ദാഭിപ്രായം.
പകരം അവരെ മറ്റ് പല കാര്യങ്ങളിലേക്ക് വഴിതിരിച്ച് വിടണം. അതിലൂടെ കുട്ടികള്‍ക്ക് വേണ്ടി അരോഗ്യപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയും.കുട്ടികള്‍ കൂടുതല്‍ സമയം സ്ക്രീനിന് മുന്നില്‍ ചിലവഴിച്ചാല്‍ വലിയ ആരോഗ്യപ്രശ്നങ്ങളാണ് അവരെ കാത്തിരിക്കുന്നത്. ഒരു വ്യക്തിയെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ സമയമാണ് ബാല്യകാലം. നല്ല ഭാവിക്ക് വേണ്ടിയും മറ്റും അടിത്തറയുണ്ടാക്കിയെടുക്കേണ്ട സമയം.
എപ്പോഴും ഫോണ്‍ ഉപയോഗിച്ചാല്‍ സ്ക്രീന്‍ അഡിക്ഷന്‍ ഉണ്ടാകും. ഇത് ക്രമേണെ ഉത്കണ്ഠ, വിഷാദം ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവ കുട്ടികളില്‍ ഉണ്ടാകും. ഇത് ക്രമേണെ കുട്ടികളെ ഉദാസീനരാക്കി മാറ്റും. മാത്രമല്ല മറ്റുള്ളവരുമായി മുഖാമുഖമുള്ള ആശയവിനിമയവും നടക്കാതെ വരും.അതിനാല്‍ത്തന്നെ കുട്ടികളുടെ ഫോണ്‍ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് നല്ലത്.