Image: X-@NCS_Earthquake
നേപ്പാളിനെ നടുക്കി വീണ്ടും ഭൂചലനം. പുലര്‍ച്ചെ 2.51 ഓടെയാണ് മധ്യനേപ്പാളിലെ ഭൈരവ്കുണ്ഡില്‍ വന്‍ ഭൂചലനം അനുഭവപ്പെട്ടത്. സിന്ധുപാല്‍ ചൗക്കാണ് പ്രഭവകേന്ദ്രം. നേപ്പാളിലെ കിഴക്കന്‍, മധ്യപ്രദേശങ്ങളില്‍ പലയിടത്തും വലിയ പ്രകമ്പനം അനുഭവപ്പെട്ടുവെന്നും ഇന്ത്യയുടെയും ചൈനയുടെയും തിബറ്റിന്‍റെയും അതിര്‍ത്തികളിലും തുടര്‍ ചലനങ്ങള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം, ആളപായവും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
'ഉറക്കത്തിനിടെ വലിച്ചെറിയപ്പെട്ടുവെന്നും, ചാടിയെഴുന്നേറ്റ് വീട്ടില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു'വെന്നും ആളുകള്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പട്നയിലടക്കം ചലനം അനുഭവപ്പെട്ടു. കെട്ടിടങ്ങളും സീലിങ് ഫാനുകളും കുലുങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. 35 സെക്കന്‍റോളം കുലുക്കം നീണ്ടുനിന്നുവെന്നും സമൂഹമാധ്യമമായ എക്സില്‍ ഒരാള്‍ കുറിച്ചു.
ജനുവരിയില്‍ തുടര്‍ച്ചയായി ആറു തവണയാണ് തിബറ്റിലെ ഹിമാലയന്‍ പ്രവിശ്യയില്‍ ഭൂചലനമുണ്ടായത്. ഇവയിലൊന്ന് 7.1 തീവ്രത രേഖപ്പെടുത്തി. 125 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്.