image: x.com/FearedBuck
അത്യപൂര്‍വമായി മാത്രം കരയിലേക്കെത്തുന്ന ഓര്‍ മല്‍സ്യം മെക്സിക്കന്‍ തീരത്ത്. സൂനാമിയും കൊടുങ്കാറ്റും പോലുള്ള ദുരന്തങ്ങള്‍ക്ക് മുന്നോടിയായാണ് ഓര്‍ മല്‍സ്യം കരയിലെത്തുന്നതെന്നത് കൊണ്ടുതന്നെ വലിയ ആശങ്കയാണ് കലിഫോര്‍ണിയ സറിലും തീരപ്രദേശത്തുമെന്നാണ് റിപ്പോര്‍ട്ട്. ആഴക്കടലില്‍ മാത്രം കാണപ്പെടുന്ന ഓര്‍ മല്‍സ്യം മഹാദുരന്തങ്ങള്‍ക്ക് മുന്‍പ് മാത്രമെ തീരത്തേക്ക് എത്തൂവെന്നാണ് വിശ്വാസം.
മെക്സിക്കന്‍ തീരത്തെത്തിയ കൂറ്റന്‍ ഓര്‍ മല്‍സ്യത്തിന്‍റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേര്‍ പങ്കുവച്ചിട്ടുണ്ട്. അടുത്തയിടെയായി പലയിടങ്ങളിലും ഓര്‍ മല്‍സ്യങ്ങളെ കണ്ടുവെന്നും ലോകാവസാനമായോ എന്നും ആളുകള്‍ ചിത്രങ്ങള്‍ക്കൊപ്പം ആശങ്കയും പങ്കിടുന്നു. അതേസമയം, കാലാവസ്ഥാ മാറ്റമാകാം ആഴക്കടല്‍ മല്‍സ്യമായ ഓറിനെ കരയിലെത്തിച്ചതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അസുഖം ബാധിക്കുമ്പോഴോ, മരിക്കാറാവുമ്പോഴോ കൂട്ടം തെറ്റുമ്പോഴോ മാത്രമാണ് ഓര്‍ മല്‍സ്യങ്ങള്‍ കരയിലെത്തുകയെന്ന് മറ്റൊരാളും കുറിച്ചു.
36 അടിയോളം നീളം ഓര്‍ മല്‍സ്യത്തിനുണ്ടാകുമെന്നും സമുദ്രത്തിന്‍റെ 1000 അടി താഴ്ചയിലാണ് ഇവയെ കണ്ടെത്താറുള്ളതെന്നും ഫ്ലോറിഡയിലെ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ഗവേഷകര്‍ പറയുന്നു.
ഓര്‍മല്‍സ്യം തീരത്തെത്തിയത് അപായ സൂചനയാണെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സമുദ്രത്തിലെ താപനിലയിലടക്കം മാറ്റമുണ്ടാകുമ്പോള്‍ ആഴക്കടല്‍ ജീവികള്‍ കരയിലെത്തുന്നത് സ്വാഭാവികമാണെന്നും എല്‍നിനോ, ലാ നിന പ്രതിഭാസങ്ങളുടെ സമയത്ത് ഇത് സംഭവിക്കാറുണ്ടെന്നും ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.
കടലമ്മയുടെ സന്ദേശവാഹകനാണ് ഈ മല്‍സ്യമെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം. 2011 ലെ തെഹോകു ഭൂകമ്പത്തിന് മുമ്പായി ജപ്പാന്‍ തീരത്ത് ഇരുപതിലേറെ ഓര്‍ മല്‍സ്യങ്ങളാണ് എത്തിയത്. ഇതാണ് ഓറുകള്‍ അപകട സന്ദേശ വാഹകരാണെന്ന വിശ്വാസത്തിന് ബലം പകര്‍ന്നത്.